29 March Friday

വിചാരണ കഴിഞ്ഞ്‌ മടങ്ങുമ്പോൾ പ്രതികള്‍ പൊലീസുകാരെ ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday May 28, 2022
കിളിമാനൂർ
വിചാരണ കഴിഞ്ഞ്‌ മടങ്ങിവരുമ്പോൾ പ്രതികള്‍ പൊലീസുകാരെ ആക്രമിച്ചു. നിരവധി പൊലീസ് സ്റ്റേഷനുകളിൽ മോഷണം അടക്കമുള്ള കേസുകളിൽപ്പെട്ട് റിമാൻഡിലായവരാണ്‌ കെഎസ്ആർടിസി ബസിനുള്ളിൽ അക്രമാസക്തരായി പൊലീസുകാരെ ആക്രമിച്ചത്‌.  പ്രതികൾക്കെതിരെ കിളിമാനൂരിൽ വീണ്ടും കേസെടുത്തു. 
മുഹമ്മദ് ഷാൻ(21), അനന്ദൻ(24, അച്ചു), ഷിഫാൻ(21) എന്നിവരാണ് ബസിനുള്ളിൽ അതിക്രമം കാണിച്ചത്. വെള്ളി പകൽ 12ഓടെ തട്ടത്തുമലയ്ക്ക് സമീപമായിരുന്നു സംഭവം. പ്രതികളെ കടയ്ക്കൽ കോടതിയിൽ ഹാജരാക്കിയതിനുശേഷം തിരുവനന്തപുരത്തേക്ക് കെഎസ്ആർടിസി ബസിൽ കൊണ്ടുവരികയായിരുന്നു. വഴിയിൽ വച്ച്‌ ബീഡി വാങ്ങി നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു ബസിനുള്ളിൽ പ്രതികൾ അസഭ്യവർഷമാരംഭിച്ചത്‌. പൊലീസുകാർക്ക് നേരെ ആക്രോശവും അതിക്രമവും തുടങ്ങിയതോടെ കെഎസ്‌ആർടിസി ജീവനക്കാർ ബസ് കിളിമാനൂർ സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. 
തുടർന്ന് സ്റ്റേഷനിൽനിന്ന് കൂടുതൽ പൊലീസെത്തി പ്രതികളെ കീഴ്പ്പെടുത്തി. സ്റ്റേഷനുള്ളിലും പ്രതികൾ അതിക്രമം തുടർന്നു. പ്രതികളിൽ  ഒരാൾ സ്റ്റേഷനിലെ റിസപ്ഷനിൽ ഇരുന്ന ടാബ് തറയിൽ എടുത്തെറിഞ്ഞ്‌ നശിപ്പിച്ചു. 
ഇയാൾക്കെതിരെ പൊലീസുകാരെ ആക്രമിച്ചതിന് പുറമെ ​സർക്കാർ വസ്തുവകകൾ നശിപ്പിച്ചതിനും കേസെടുത്തിട്ടുണ്ട്. പരിക്കേറ്റ എആർ ക്യാമ്പിലെ പൊലീസുകാരെ ആശുപത്രിയിലേക്ക് മാറ്റി. 
തുടർന്ന് എആർ ക്യാമ്പിൽനിന്നും  വാഹനവും പകരം പൊലീസുകാരുമെത്തി പ്രതികളെ ജയിലിലേക്ക് കൊണ്ടുപോയി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top