19 April Friday
പോത്തൻകോട് സുധീഷ്‌ വധക്കേസ്‌

ഒന്നാംസാക്ഷി ഹാജരായില്ല; രണ്ടാംസാക്ഷി കൂറുമാറി

സ്വന്തം ലേഖകൻUpdated: Tuesday Mar 28, 2023
തിരുവനന്തപുരം
പോത്തൻകോട് യുവാവിനെ കൊലപ്പെടുത്തി കാലും കെെയും വെട്ടിമാറ്റിയ സംഭവത്തിൽ രണ്ടാംസാക്ഷി കൂറുമാറി. അജിലാൽ എന്ന സാക്ഷിയാണ് ജില്ലാ കോടതിയിൽ വിചാരണയ്ക്കിടെ കൂറുമാറിയത്. കൊല്ലപ്പെട്ടയാളുടെ സഹോദരനിൽനിന്ന് തനിക്ക് ഭീഷണിയുണ്ടെന്ന സാക്ഷിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തിന്‌ സംരക്ഷണം നൽകാൻ ജില്ലാ കോടതി ജഡ്ജി എൻ വി ബാലകൃഷ്ണൻ പോത്തൻകോട് പൊലീസിന് നിർദേശം നൽകി. 
2021 ഡിസംബർ 11ന് ആണ് കേസിന് ആസ്പദമായ സംഭവം. മംഗലപുരം ചെമ്പകമംഗലം ലക്ഷംവീട് കോളനിയിലെ സുധീഷി (35)നെ സംഘംചേർന്ന് വെട്ടിക്കൊല്ലുകയായിരുന്നു. കൊലപ്പെടുത്തിയശേഷം കാൽ വെട്ടിയെടുത്ത് ഒരു കിലോമീറ്റർ അകലെ റോഡിൽ വലിച്ചെറിഞ്ഞു. മങ്കാട്ടുമൂലയിൽ രണ്ടുപേരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതിയായിരുന്നു കൊല്ലപ്പെട്ട സുധീഷ്.
ഒന്നാം പ്രതി സുധീഷ് ഉണ്ണി, രണ്ടാം പ്രതി ഒട്ടകം രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് സുധീഷിനെ വകവരുത്തിയത്. ഗുണ്ടാകുടിപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രോസിക്യൂഷൻ കേസ്. ഒട്ടകം രാജേഷ്‌ സംഘത്തിന്റെ ഭീഷണിയുണ്ടായിരുന്നതിനാൽ സുധീഷ്  അമ്മയുടെ വീട്ടിൽ ഒളിവിലായിരുന്നു. സുധീഷിന്റെ താമസസ്ഥലം മനസിലാക്കി റിഹേഴ്സൽ നടത്തിയാണ് പ്രതികൾ കൊലപാതകം നടത്തിയത്‌.
ഒന്നാംസാക്ഷിയും തന്റെ സഹോദരനുമായ സജീവിന്റെ വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് സുധീഷ് അവിടേക്ക് ഓടിക്കയറിയതെന്നും പിന്നാലെ വീട് തകർത്തെത്തിയ ഒരു സംഘമാളുകൾ വെട്ടിക്കൊന്നു എന്നുമായിരുന്നു അജിലാലിന്റെ ആദ്യമൊഴി. ഇതാണ് ഇയാൾ നിഷേധിച്ചിരിക്കുന്നത്. 
കൂറുമാറിയതായി പ്രഖ്യാപിച്ചതോടെ സുധീഷിന്റെ സഹോദരൻ സതീഷ് ഭീഷണിപ്പെടുത്തുന്നതായി അജിലാൽ കോടതിയെ അറിയിച്ചു. ഒന്നാംസാക്ഷി സജീവ് വിദേശത്തായതിനാൽ കഴിഞ്ഞ ദിവസം ഹാജരായില്ല. തുടർന്ന് കോടതി വാറണ്ട് പുറപ്പെടുവിച്ചു. അജിലാലിന്റെ ഭാര്യയെ അടുത്തദിവസം വിസ്തരിക്കും. ഗുണ്ടകൾ ഉൾപ്പെടെയുള്ളവരുടെ അകമ്പടിയിലാണ് അജിലാൽ തിങ്കളാഴ്‌ച കോടതിയിലെത്തിയത്. നാല് ദൃക്‌സാക്ഷികളടക്കം 99 സാക്ഷികളാണ് കേസിലുള്ളത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ ടി ഗീനാകുമാരി ഹാജരായി. കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ച അഡ്വ. വിനീത്കുമാർ നേരത്തെ രാജി വെച്ചിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top