തിരുവനന്തപുരം
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ എത്തിയ പുതിയ കുഞ്ഞിന് ഇന്ത്യ എന്ന പേര് നൽകി അധികൃതർ. തിങ്കൾ രാത്രി ഒമ്പതോടെയാണ് മൂന്നുദിവസം പ്രായം തോന്നിക്കുന്ന ആൺകുഞ്ഞിനെ അമ്മത്തൊട്ടിലിൽ ലഭിച്ചത്.
തൊട്ടിലിൽ കുഞ്ഞ് എത്തിയയുടൻ ദത്തെടുക്കൽ കേന്ദ്രത്തിൽ സ്ഥാപിച്ച മോണിറ്ററിൽ കുട്ടിയുടെ ചിത്രവും ഭാരവും രേഖപ്പെടുത്തിയുള്ള സൈറൺ മുഴങ്ങി. ഇതേസമയം ഓഫീസിലുണ്ടായിരുന്ന ജനറൽ സെക്രട്ടറി ജി എൽ അരുൺഗോപിയുടെ മൊബൈലിലേക്കും സന്ദേശമെത്തി. ഉടനെ ജനറൽ സെക്രട്ടറിയും ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് ബി എസ് ദീപയും ആയമാരും സുരക്ഷാ ജീവനക്കാരും എത്തി കുട്ടിയെ എടുക്കുകയായിരുന്നു. തുടർന്ന്, കുട്ടിയെ ആരോഗ്യ പരിശോധനയ്ക്കായി രാത്രി എസ്എടി ആശുപത്രിയിൽ എത്തിച്ചു. ഡോക്ടറുടെ നിർദേശാനുസരണം തുടർചികിത്സയ്ക്കായി ആശുപത്രിയിലാണ്.
മതേതരത്വത്തിന്റെയും ഐക്യത്തിന്റെയും ഏകീകരണ രൂപമായ ഇന്ത്യയെന്ന ബഹുസ്വര സമൂഹത്തിൽ രാഷ്ട്രശിൽപ്പികൾ വിഭാവനം ചെയ്ത രാഷ്ട്രസങ്കൽപ്പത്തിന് ഐക്യദാർഢ്യമായാണ് പുതിയ കുരുന്നിന് ഇന്ത്യയെന്ന് പേരിട്ടതെന്ന് അരുൺഗോപി അറിയിച്ചു. കുഞ്ഞിന്റെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ഉണ്ടെങ്കിൽ സമിതി അധികൃതരുമായി അടിയന്തരമായി ബന്ധപ്പെടണമെന്നും അദ്ദേഹം അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..