തിരുവനന്തപുരം
വലിയതുറ കടൽപ്പാലവും മാരിടൈം ബോർഡിന്റെ കീഴിലുള്ള ആസ്ഥാന മന്ദിരവും ഗോഡൗണുകളും നവീകരിക്കും. തുറമുഖ മന്ത്രിയുടെ ചേംബറിൽ മന്ത്രി ആന്റണി രാജു, കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ എസ് പിള്ള, സിഇഒ ഷൈൻ എ ഹഖ് എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
വലിയതുറയിലെ കടൽപ്പാലം ഹാർബർ എൻജിനിയറിങ് വകുപ്പിനെ കൊണ്ട് പുനർനിർമിച്ചെങ്കിലും വീണ്ടും തകർച്ച നേരിട്ട സാഹചര്യത്തിലാണ് തലശേരിയിലെയും വലിയതുറയിലെയും കടൽപ്പാലങ്ങൾ പുനർനിർമിക്കുന്നതിന് ചെന്നൈ ഐഐടിയെ കൊണ്ട് കേരള മാരിടൈം ബോർഡ് വിശദമായ ഡിപിആർ തയ്യാറാക്കിയത്. ഇവ പുനർനിർമിക്കുന്നതിന് ഏകദേശം 25 കോടി രൂപ ചെലവ് വരും. കേന്ദ്ര സർക്കാരിൽനിന്ന് സാഗർമാല പദ്ധതിയിലുൾപ്പെടുത്തി സഹായം ലഭിക്കുന്നതിന് പദ്ധതികൾ സംസ്ഥാന സർക്കാർ പരിശോധിക്കുകയാണ്.
കേരള മാരിടൈം ബോർഡിന്റെ ആസ്ഥാന മന്ദിരവും നിലവിലുള്ള ഗോഡൗണുകളും ഉൾപ്പെടുത്തി വലിയ വികസനത്തിന് സാധ്യതയുണ്ടെന്ന് കണ്ടതിനാലാണ് പിപിപി അടിസ്ഥാനത്തിൽ വലിയതുറ കടൽപ്പാലത്തെയും മറ്റ് അനുബന്ധ സൗകര്യങ്ങളെയും ഉൾപ്പെടുത്തി വികസിപ്പിക്കാനുള്ള തീരുമാനം. വലിയതുറയിലെ കടൽപ്പാലം പുനർനിർമിക്കുന്ന ആവശ്യവുമായി ബന്ധപ്പെട്ട് കേന്ദ്ര ഷിപ്പിങ് മന്ത്രിയുമായി ഗതാഗത മന്ത്രി ചർച്ച നടത്തിയിരുന്നു. സർക്കാർ ഫണ്ട് അനുവദിക്കുന്നതിന് പ്രയാസമുള്ള സാഹചര്യത്തിലാണ് പ്രദേശ വാസികൾക്ക് കൂടി സാമ്പത്തിക നേട്ടം ഉണ്ടാകുന്ന തരത്തിൽ പിപിപി അടിസ്ഥാനത്തിൽ പദ്ധതി നടത്താൻ തീരുമാനിച്ചത്. കോഴിക്കോട് പോർട്ട് ബംഗ്ലാവും അനുബന്ധ സ്ഥലങ്ങളും പിപിപി അടിസ്ഥാനത്തിൽ വികസിപ്പിക്കുന്നതിനുള്ള നടപടി കേരള മാരിടൈം ബോർഡ് സ്വീകരിച്ചു വരികയാണ്. ഈ സാഹചര്യത്തിലാണ് വലിയതുറയിലും സമാന പദ്ധതി ആലോചിക്കുന്നത്. താൽപ്പര്യ പത്രത്തിന്റെ അടിസ്ഥാനത്തിൽ ഇൻവെസ്റ്റേഴ്സ് മീറ്റിങ് സംഘടിപ്പിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..