20 April Saturday

സഹ്യസുരക്ഷ 
87 ശതമാനത്തിലധികം

സ്വന്തം ലേഖികUpdated: Tuesday Jul 27, 2021
 
തിരുവനന്തപുരം  
ജില്ലയിലെ ആദിവാസി ഊരുകളിലെ ‘സഹ്യസുരക്ഷ’ വാക്‌സിൻ വിതരണം 87 ശതമാനത്തിലധികമായി. 18 വയസ്സിന്‌ മുകളിലുള്ള 12,849 പേരിൽ 11,228 പേർക്കും കോവിഡ് വാക്‌സിൻ നൽകി. 38 പഞ്ചായത്തിലായി ഒമ്പത്‌ ഊരാണുള്ളത്. മെയ്‌ 25നാണ്‌ ‘സഹ്യസുരക്ഷ’ ആരംഭിച്ചത്‌. കേന്ദ്രസർക്കാർ വാക്‌സിൻനയം തിരുത്തുന്നതിനുമുമ്പ്‌ 45 വയസ്സിന്‌ മുകളിലുള്ള 80 ശതമാനത്തിലധികം പേർക്കും നൽകിയിരുന്നു. ഗർഭിണികൾക്കും വാക്‌സിൻ നൽകിത്തുടങ്ങി. കോവിഷീൽഡാണ്‌ നൽകുന്നത്‌. 
അലർജിയുള്ളവരും കോവിഡ്‌ ഭേദമായി മൂന്ന്‌ മാസം കഴിയാത്തവരുമടക്കം 1621 പേർ വാക്സിനെടുക്കാനുണ്ട്. ‌മഴക്കാലത്ത്‌ ഉൾപ്രദേശങ്ങളിലെത്താൻ മെഡിക്കൽ സംഘത്തിന് ബുദ്ധിമുട്ടുണ്ട്. 
‘പ്രായമായവർ വാക്സിനെടുക്കാൻ പിന്നിലാണ്. അബദ്ധധാരണകളാണ്‌ ഇതിനുപിന്നിൽ. അതുകൊണ്ടുതന്നെ ആരോഗ്യപ്രവർത്തകർക്കിത്  വെല്ലുവിളിയാണ്. എന്നാൽ, മെഡിക്കൽ സംഘം കൃത്യമായി ബോധവൽക്കരണം നടത്തും. അതേസമയം, പ്രായം കുറഞ്ഞവർ വാക്സിനെടുക്കാൻ സ്വയം തയ്യാറായി വരുന്നുണ്ട്‌’–- കുറ്റിച്ചൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ജോയ്‌ ജോൺ പറഞ്ഞു.  
 
21 ലക്ഷം കവിഞ്ഞ്‌ വാക്‌സിനേഷൻ 
തിരുവനന്തപുരം
ജില്ലയിൽ തിങ്കളാഴ്ച 4336 ഡോസ് വാക്സിൻ വിതരണം ചെയ്തു. വൈകിട്ട്‌ ആറുവരെയുള്ള കണക്കാണിത്‌. ഒരു സർക്കാർ വാക്‌സിൻ കേന്ദ്രത്തിലും 19 സ്വകാര്യ ആശുപത്രിയിലുമായാണ്‌  വിതരണം. ഇതോടെ ആകെ വിതരണം ചെയ്ത ഡോസ് 21,17,687 ആയി. അതിൽ 14,76,687 ആദ്യ ഡോസും 6,41,000 രണ്ടാം ഡോസും. കേന്ദ്രസർക്കാർ അനുവദിച്ച വാക്‌സിൻ പൂർണമായും നൽകിക്കഴിഞ്ഞു.
ചികിത്സയിൽ 10,762 പേർ
തിരുവനന്തപുരം  
തിങ്കളാഴ്ച 727 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. രണ്ട്‌ ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 665 പേർക്ക്‌ സമ്പർക്കത്തിലൂടെയാണ് രോഗബാധ. 1031 പേർ മുക്തരായി. 6.8 ശതമാനമാണ് സ്ഥിരീകരണനിരക്ക്. 10,762 പേർ ചികിത്സയിലുണ്ട്. 1967 പേരെക്കൂടി നിരീക്ഷണത്തിലാക്കിയതോടെ 3,0634 പേരായി.
 
കണ്ടെയ്ൻമെന്റ് സോൺ
രോഗസ്ഥിരീകരണനിരക്ക് ഉയർന്നതോടെ കോർപറേഷനിലെ മുല്ലൂർ ഡിവിഷൻ കണ്ടെയ്ൻമെന്റ് സോണായും പഴയകുന്നുമ്മേൽ പഞ്ചായത്തിലെ മൂന്നാം വാർഡിൽ ശാസ്താംപൊയ്ക മേഖല മൈക്രോ കണ്ടെയ്ൻമെന്റ് സോണായും പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി.
  ഭക്ഷ്യവസ്തുക്കൾ,  പലചരക്ക്, പഴങ്ങൾ, പച്ചക്കറികൾ, പാലുൽപ്പന്നങ്ങൾ, മാസം, മത്സ്യം, മൃഗങ്ങൾക്കുള്ള ഭക്ഷ്യസാധനങ്ങൾ, കാലിത്തീറ്റ, കോഴിത്തീറ്റ തുടങ്ങിയ വിൽക്കുന്ന കടകൾ, ബേക്കറികൾ എന്നിവയ്ക്കു മാത്രമേ ഈ പ്രദേശങ്ങളിൽ പ്രവർത്തനാനുമതിയുള്ളൂ. രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ തുറക്കാം. റേഷൻ കട, മാവേലി സ്റ്റോർ, സപ്ലൈകോ ഷോപ്‌, മിൽമ ബൂത്ത്‌ തുടങ്ങിയവ ദിവസവും വൈകിട്ട് അഞ്ചുവരെ. റസ്റ്ററന്റുകളും ഹോട്ടലുകളും രാവിലെ ഏഴുമുതൽ രാത്രി 7.30 വരെ ഹോം ഡെലിവറിക്കു മാത്രം. ചന്തകൾ പ്രവർത്തിക്കാൻ അനുവദിക്കില്ല. മേഖല പൊലീസ് നിയന്ത്രണത്തിലായിരിക്കും.
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top