19 April Friday
ഒ എസ്‌ അംബിക എംഎൽഎയുടെ വീടിന്‌ കല്ലേറ്‌

കോൺഗ്രസ്‌ ആക്രമണം

സ്വന്തം ലേഖകൻUpdated: Monday Jun 27, 2022

ഒ എസ് അംബിക എംഎൽഎയുടെ വീട് ആക്രമിക്കാനെത്തിയ കോൺഗ്രസുകാർ

തിരുവനന്തപുരം
ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബികയുടെ വീടിനുനേരെ  ആസൂത്രിത  ആക്രമണവുമായി കോൺഗ്രസ്‌ സംഘം.   ഞായർ വെെകിട്ട് അഞ്ചിന് ചെമ്പകമംഗലം അസംബ്ലി മുക്കിന് സമീപമുള്ള വീട്ടിലേക്കാണ് കോൺഗ്രസുകാർ പാഞ്ഞടുത്ത്‌ കല്ലെറിഞ്ഞത്‌. 
വയനാട്ടിലെ സംഭവങ്ങളുടെ പശ്‌ചാത്തലത്തിൽ   കോരാണി ടൗണിൽ  ഇടയ്ക്കോട്, മുദാക്കൽ  കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.  ഈ പ്രകടനത്തിൽ പങ്കെടുത്തവരാണ്  നേതാക്കളുടെ നിർദേശപ്രകാരം എംഎൽഎയുടെ വീട്ടിലേക്ക്‌ മുന്നറിയിപ്പില്ലാതെ പാഞ്ഞടുത്തത്‌. 
കോൺഗ്രസ്‌  മുദാക്കൽ മണ്ഡലം പ്രസിഡന്റ് സുജി,  ഇടയ്‌ക്കോട്‌ മണ്ഡലം പ്രസിഡന്റ് സരുൺ, വാർഡ്‌ അംഗം വിഷ്‌ണു രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ മാരകായുധങ്ങളും കല്ലുകളുമായി എംഎൽഎയുടെ വീട്ടിലേക്ക്‌ മാർച്ച്‌ നടത്തുകയായിരുന്നു. അക്രമികൾ എംഎൽഎയുടെ വീട്ടിലേക്ക്‌ നീങ്ങുന്നുവെന്ന്‌ മനസ്സിലാക്കിയതോടെ സ്ഥലത്തുണ്ടായിരുന്ന പൊലീസ്‌ സംഘം ഇവരെ തടഞ്ഞു. തുടർന്നാണ്‌  കല്ലെറിഞ്ഞത്‌. 
വീട്ടിലുണ്ടായിരുന്നത്‌ 
സ്‌ത്രീകളും കുഞ്ഞും മാത്രം 
കോൺഗ്രസുകാർ  അക്രമിക്കാനെത്തിയപ്പോൾ എംഎൽഎയുടെ വീട്ടിലുണ്ടായിരുന്നത്‌ രണ്ടു മക്കളുടെ ഭാര്യമാരും മൂത്ത മകന്റെ കുഞ്ഞും മാത്രമായിരുന്നു.   എംഎൽഎയുടെ ഭർത്താവ് കെ  വാരിജാക്ഷൻ രണ്ടാഴ്‌ചയായി തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രി ഐസിയുവിലാണ്‌. ഇദ്ദേഹത്തെ പരിചരിക്കുന്നതിനുവേണ്ടി മക്കളും  ആശുപത്രിയിലുണ്ട്‌.  
എംഎൽഎയും ആശുപത്രിയിലേക്ക്‌ പോയശേഷമാണ്‌ അക്രമികളെത്തിയത്‌.  അക്രമത്തിൽ ഭയന്ന കുടുംബാംഗങ്ങളെ പൊലീസും പരിസരവാസികളുമെത്തിയാണ്‌ സമാധാനിപ്പിച്ചത്‌. 
 
കുടവൂരിൽ പതാകകളും
ബോർഡുകളും നശിപ്പിച്ചു
കിളിമാനൂർ
നാവായിക്കുളം കുടവൂർ മേഖലയിലും കോൺഗ്രസ്‌ പ്രവർത്തകർ വ്യാപക അക്രമം അഴിച്ചുവിട്ടു. സിപിഐ എമ്മിന്റെ പതാകകളും ബോർഡുകളും നശിപ്പിച്ചു. 
സിപിഐ എം പ്രവർത്തകരെയും വഴിയാത്രക്കാരെയും ആക്രമിച്ചു. ആയുധങ്ങളുമായെത്തി പരസ്യമായിട്ടായിരുന്നു അക്രമം. മുൻ എംഎൽഎ  വർക്കല കഹാറിന്റെ നേതൃത്വത്തിൽ പുലിക്കുഴിമുക്കിൽ നിന്നുമാരംഭിച്ച പ്രകടനമാണ്‌ അക്രമത്തിൽ കലാശിച്ചത്‌. ജിഹാദ്, അനസ്‌ , വൈശാഖ്, നബീൽ, അജ്മൽ എന്നിവരാണ് അക്രമത്തിന് നേതൃത്വം നൽകിയത്. അക്രമത്തിന് നേതൃത്വം നൽകിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം കരവാരം ലോക്കൽ സെക്രട്ടറി എസ്‌ എം റഫീഖ്‌ ആവശ്യപ്പെട്ടു.
 
കലാപശ്രമം തടയും: ആനാവൂർ 
തിരുവനന്തപുരം 
വയനാട്ടിലെ സംഭവത്തിന്റെ പേരിൽ നാടാകെ  ക്രിമിനലുകളെ ഉപയോഗിച്ച്‌ ആക്രമണം നടത്താനാണ്‌ കോൺഗ്രസ്‌ ശ്രമമെങ്കിൽ കൈയും കെട്ടി നോക്കിയിരിക്കില്ലെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പ്രസ്‌താവനയിൽ പറഞ്ഞു. വയനാട്ടിൽ സംഭവിച്ചത്‌ തെറ്റാണെന്നും അരുതാത്തത്‌ ചെയ്‌തവർക്കെതിരെ ഉചിതമായ നടപടിയെടുക്കുമെന്നും സിപിഐ എം വ്യക്തമാക്കിയിട്ടും ആ സംഭവത്തിന്റെ പേരിൽ കലാപത്തിനാണ്‌ ശ്രമമെങ്കിൽ നേരിടും.
 പ്രകോപനമൊന്നുമില്ലാതെയാണ്‌  ഒ എസ്‌ അംബികയുടെ വീട്ടിലേക്ക്‌  അക്രമികൾ പാഞ്ഞടുത്തത്‌. ജില്ലയിലെ ജനങ്ങളുടെ സ്വൈര്യ ജീവിതം തടസ്സപ്പെടുത്താനാണ്‌ കോൺഗ്രസ്‌ നീക്കം. അതിനെ ചെറുക്കുമെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top