18 April Thursday

മുറിവുണക്കാന്‍ പന്നിയുടെ പിത്താശയ സ്തരം; 
ശ്രീചിത്രയ്ക്ക് പേറ്റന്റ്

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023
തിരുവനന്തപുരം
മുറിവുണക്കാൻ പന്നിയുടെ കുഴമ്പുരൂപത്തിലാക്കിയ പിത്താശയ സ്തരം ഉപയോഗിക്കാമെന്ന കണ്ടുപിടിത്തത്തിന് ശ്രീചിത്ര തിരുന്നാൾ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസസിന്‌ പേറ്റന്റ്. മൃഗങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിൽ ഈ ഔഷധം വളരെ വേഗം മുറിവുണക്കുന്നതിന് സഹായകമാണെന്ന് കണ്ടെത്തി. ഡോക്ടർമാരുടെ സഹായമില്ലാതെ നേരിട്ട് ഉപയോഗിക്കാനുമാവും.  ഇറക്കുമതി ചെയ്തതും വിലയേറിയതുമായ ഔഷധങ്ങളാണ് നിലവിൽ മുറിവുണക്കാൻ ഉപയോഗിക്കുന്നത്. പുതിയ ഔഷധം ദ്രവീകൃത രൂപത്തിലായതിനാൽ ഉപയോഗിക്കാൻ എളുപ്പമാണ്. മാത്രമല്ല, വിലക്കുറവിൽ ഇത് വിപണിയിലെത്തിക്കാനും കഴിയും. 
 
പന്നിയുടെ പിത്താശയത്തിലെ ചർമം അഥവാ സ്തരം വിവിധ പ്രക്രിയകൾ പൂർത്തീകരിച്ചശേഷം മുറിവിൽ തുന്നിച്ചേർക്കുന്ന രീതിയാണ് ആദ്യം കണ്ടുപിടിച്ചത്. അതിന്റെ ഉൽപ്പാദനത്തിനുവേണ്ടി സെൻട്രൽ ഡ്രഗ്സ് കൺട്രോളറുടെ ലൈസൻസ് പ്രതീക്ഷിച്ചിരിക്കെയാണ് പുതിയ കണ്ടുപിടിത്തം. മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയിൽനിന്നാണ് അസംസ്കൃതവസ്തുക്കൾ വാങ്ങുന്നത്. കശാപ്പുശാലയിൽ പന്നിയുടെ പിത്താശയം ഉപേക്ഷിക്കുകയാണ് പതിവ്.  ശ്രീചിത്രയുടെ കണ്ടുപിടിത്തത്തോടെ അതിനു മാറ്റംവന്നു. കശാപ്പുശാലകളിൽനിന്ന്‌ ഇപ്പോൾ 50 രൂപയ്‌ക്കാണ്‌ ഇത്‌ ശേഖരിക്കുന്നത്‌.  
 
എക്‌സ്‌പെരിമെന്റൽ പത്തോളജി വിഭാഗം മേധാവി ഡോ. ടി വി അനിൽകുമാർ, പിഎച്ച്ഡി സ്കോളർ കെ വി പ്രതീഷ്, റിസർച്ച് ഫെലോ ഡോ. കെ എസ് പ്രവീൺ എന്നിവരുടെ നേതൃത്വത്തിലാണ് കണ്ടുപിടിത്തം. അപേക്ഷിച്ച് രണ്ടുവർഷം പൂർത്തിയാകുന്നതിനു മുമ്പുതന്നെ പേറ്റന്റ് ലഭിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top