27 April Saturday
നിരീക്ഷണത്തിലുള്ളവരെ പാർപ്പിക്കും

മലയോരമേഖലയിൽ 25 കേന്ദ്രങ്ങൾ

വിജേഷ്‌ ചൂടൽUpdated: Friday Mar 27, 2020

തിരുവനന്തപുരം

കോവിഡ്‌ വ്യാപിക്കുന്ന സാഹചര്യത്തിൽ നിരീക്ഷണത്തിലുള്ളവരെ പാർപ്പിക്കാൻ ജില്ലയുടെ കിഴക്കൻ മലയോരമേഖല സജ്ജമായി. നെടുമങ്ങാട്‌, കാട്ടാക്കട താലൂക്കുകളിലായി ഇരുപത്തഞ്ചോളം കേന്ദ്രങ്ങളിലാണ്‌ കൊറോണ കെയർ സെന്ററുകൾ ഒരുക്കുന്നത്‌. ഇരുപതോളം കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. ചുരുങ്ങിയത്‌ 1500 പേരെ ഇവിടങ്ങളിൽ പാർപ്പിക്കാനാകും. പാലോട് സ്ഥിതിചെയ്യുന്ന സ്‌കൗട്‌സ് ആൻഡ് ഗൈഡ്‌സ് ട്രെയ്‌നിങ് സെന്ററിൽ ഇതിന്റെ ഭാഗമായ പ്രവർത്തനങ്ങൾ പൂർത്തിയായി. 10.75 ഏക്കറിൽ വിശാലമായ രണ്ട് ഹാളുകളും അഞ്ച് ഹട്ടുകളുമാണ്  തയ്യാറാകുന്നത്. കാടുമൂടിയ പ്രദേശത്തുള്ള കെട്ടിടങ്ങളും പരിസരവും തൊഴിലുറപ്പ് തൊഴിലാളികൾ വൃത്തിയാക്കി. ഇവിടേക്ക് ബെഡുകൾ ഉടൻ എത്തിക്കും. നെടുമങ്ങാട് താലൂക്കിൽ ആകെ 17 കേന്ദ്രങ്ങളാണ്‌ കണ്ടെത്തിയിരിക്കുന്നത്. സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളും സ്വകാര്യസ്ഥാപനങ്ങളുടെ ഹോസ്റ്റലുകളുമാണ് ഇതിനായി തെരഞ്ഞെടുത്തത്. വിതുര ഐസർ, വലിയമല  ഐഐഎസ്ടി എന്നിവയിലും സൗകര്യമൊരുക്കുന്നുണ്ട്. മോഹൻദാസ് എൻജിനിയറിങ് കോളേജ്, പി എ അസീസ് എൻജിനിയറിങ് കോളേജ്, മുസ്ലിം അസോസിയേഷൻ കോളേജ് എന്നിവയുടെ ഹോസ്റ്റലുകളിലും ആവശ്യമെങ്കിൽ രോഗികളെ പാർപ്പിക്കും. നെടുമങ്ങാട്ടെ ചില സ്വകാര്യ ആശുപത്രികളും ഐസൊലേഷൻ സെന്ററുകൾക്കായി റവന്യൂ അധികൃതർ കണ്ടെത്തിയിട്ടുണ്ട്‌. കാട്ടാക്കടയിൽ നെയ്യാർഡാമിനുസമീപത്തെ കേരള ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ കോ ഓപ്പറേറ്റീവ്‌ മാനേജ്‌മെന്റിലും കിള്ളിയിലെ പങ്കജകസ്തൂരി ആയുർവേദ കോളേജിലുമാണ്‌ പ്രധാന സെന്ററുകൾ സജ്ജമാകുന്നത്‌. അഞ്ച്‌ കേന്ദ്രങ്ങൾകൂടി ഇതിനുപുറമെ കണ്ടെത്തിയിട്ടുണ്ട്‌. തൊഴിലുറപ്പ്‌ തൊഴിലാളികൾക്കുപുറമെ അഗ്നിശമനസേനയും സന്നദ്ധസംഘടനകളും കൊറോണ കെയർ സെന്ററുകൾ സജ്ജമാക്കാനുള്ള പ്രവർത്തനങ്ങൾക്ക്‌ രംഗത്തുണ്ട്‌.

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top