19 April Friday

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് കേന്ദ്ര അംഗീകാരം

സ്വന്തം ലേഖികUpdated: Thursday Jan 27, 2022

 

 
തിരുവനന്തപുരം  
തിരുവനന്തപുരം ഔട്ടർ റിങ്‌ റോഡ് പദ്ധതിക്ക് കേന്ദ്ര അംഗീകാരം. ഭാരത് പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരം ഔട്ടർ റിങ്‌ റോഡ് പ്രവൃത്തികൾ നടത്താൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചു. സ്ഥലമേറ്റെടുക്കലിന്റെ അമ്പത് ശതമാനം തുകയും സംസ്ഥാന സർക്കാരാണ് വഹിക്കുക. സ്റ്റേറ്റ് ജിഎസ്ടി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇളവ് നൽകാമെന്നും സംസ്ഥാനം അറിയിച്ചിരുന്നു. പദ്ധതിയുടെ മുന്നൊരുക്കങ്ങൾ നടത്താൻ ദേശീയപാത അതോറിറ്റിയെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ചുമതലപ്പെടുത്തി.
സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങൾക്ക് വേഗം പകരുന്നതാണ്  കേന്ദ്ര അംഗീകാരമെന്ന് പൊതുമരാമത്ത്- മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പദ്ധതി സമയബന്ധിതമായി ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾ ദേശീയപാത അതോറിറ്റിയുമായി യോജിച്ച് നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. ദേശീയപാത അതോറിറ്റിക്ക് എല്ലാ സഹായവും സംസ്ഥാന സർക്കാർ നൽകും. വിഴിഞ്ഞം മുതൽ നാവായിക്കുളംവരെയുള്ള ഔട്ടർ റിങ്‌ റോഡിന് അംഗീകാരം നൽകണമെന്ന് മുഖ്യമന്ത്രി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയെ ഡൽഹിയിലെത്തി കണ്ട് ആവശ്യപ്പെട്ടിരുന്നു. മന്ത്രി പി എ മുഹമ്മദ് റിയാസും ഡൽഹിയിൽ കേന്ദ്രമന്ത്രിയുമായി ഈ വിഷയം ചർച്ച ചെയ്തിരുന്നു.
റോഡിന് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്നു. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുമായുള്ള പൊതുമരാമത്ത് വകുപ്പിന്റെ യോഗത്തിലും ഇത് പ്രധാന അജൻഡയായി ചർച്ച ചെയ്യും. കേരളത്തിന്റെ ആവശ്യം പരിഗണിച്ച് അനുകൂല തീരുമാനമെടുത്ത കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിക്കും ഉദ്യോഗസ്ഥർക്കും ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥർക്കും മന്ത്രി റിയാസ് നന്ദി അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top