20 April Saturday
കർഷക സംഘം പ്രതിനിധി സമ്മേളനം സമാപിച്ചു

പ്രകടനവും പൊതുസമ്മേളനവും ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Monday Sep 26, 2022

കർഷകസംഘം ജില്ലാ സമ്മേളന ശേഷം പ്രതിനിധികൾക്ക് തെങ്ങിൻ തൈകൾ വിതരണം ചെയ്തപ്പോൾ

നെടുമങ്ങാട്
കർഷക റാലിയോടും പൊതുസമ്മേളനത്തോടുംകൂടി കർഷകസംഘം ജില്ലാ സമ്മേളനത്തിന് തിങ്കളാഴ്‌ച കൊടിയിറങ്ങും. നെടുമങ്ങാട് സുകുമാരപിള്ള നഗറിൽ (ധനലക്ഷ്മി ഓഡിറ്റോറിയം) കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി രണ്ടു ദിവസമായി നടന്ന പ്രതിനിധി സമ്മേളനം ഞായറാഴ്ച വൈകിട്ടോടെയാണ് സമാപിച്ചത്. 
 
   ജില്ലാ സെക്രട്ടറി കെ സി വിക്രമൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയും മറുപടിയും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. ശനിയാഴ്ച എഐകെഎസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഇ പി ജയരാജനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. തുടർന്ന്‌
സംസ്ഥാന പ്രസിഡന്റ് എം വിജയകുമാർ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി കെ സി വിക്രമൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ 19 ഏരിയ കമ്മിറ്റികളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
 
ചർച്ചയ്ക്കുമേലുള്ള സംസ്ഥാന കമ്മിറ്റിയുടെ മറുപടി ഗോപി കോട്ടമുറിക്കലും സംഘടനാ റിപ്പോർട്ടിന്മേലുള്ള ചർച്ചകൾക്ക് കെ സി വിക്രമനും മറുപടി പറഞ്ഞു.
    സമ്മേളനശേഷം പ്രതിനിധികൾക്ക് തെങ്ങിൻ തൈകൾ വിതരണം ചെയ്തു. 
 
കർഷക റാലി വൈകിട്ട് നാലിന് വാളിക്കോട് ജങ്ഷനിൽനിന്ന്‌ ആരംഭിക്കും. വൈകിട്ട് അഞ്ചിന് നെടുമങ്ങാട് കല്ലിംഗൽ ഗ്രൗണ്ടിലെ കാട്ടായിക്കോണം അരവിന്ദൻ നഗറിൽ പൊതുസമ്മേളനം നടക്കും. അഗ്രികൾച്ചറൽ വർക്കേഴ്സ് യൂണിയൻ അഖിലേന്ത്യാ പ്രസിഡന്റ് എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യും.
 

വി എസ്‌ പത്മകുമാർ ജില്ലാപ്രസിഡന്റ്‌ കെ സി വിക്രമൻ സെക്രട്ടറി

നെടുമങ്ങാട്‌ 
കർഷകസംഘം ജില്ലാപ്രസിഡന്റായി വി എസ് പത്മകുമാറിനെയും സെക്രട്ടറിയായി  കെ സി വിക്രമനെയും സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. ഡി കെ മുരളി എംഎൽഎയാണ് ട്രഷറർ.
 
പതിനാലംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും 56 അംഗ ജില്ലാകമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: വി ജോയി, വി എസ് പ്രശാന്ത്,സി സുഗത(വൈസ് പ്രസിഡന്റുമാർ) എം എം ബഷീർ, ആർ ജയദേവൻ, എസ് ജയചന്ദ്രൻ(ജോയിന്റ്‌ സെക്രട്ടറിമാർ), ബി മുരളീധരൻ, ഐ ബി സതീഷ്, എം ജലീൽ, എസ് ലെനിൻ, ബി ബാലചന്ദ്രൻ, സി എസ് സജാദ്(എക്സിക്യൂട്ടീവ് അംഗങ്ങൾ).സംസ്ഥാന സമ്മേളന പ്രതിനിധികളേയും സമ്മേളനം തെരഞ്ഞെടുത്തു.
 

കാർഷിക വികസന കമ്മിറ്റി രൂപീകരണം 
തദ്ദേശസ്ഥാപനങ്ങൾക്ക്‌ നൽകണം

നെടുമങ്ങാട്‌
തദ്ദേശസ്ഥാപനങ്ങളിലെ കാർഷിക വികസന കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്ക്‌ നൽകുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് കർഷകസംഘം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
 
പഞ്ചായത്ത്‌ ഭരണം ശക്തിപ്പെടുത്തുന്നതിനും ജനാധിപത്യവൽക്കരിക്കുന്നതിനും ഫലപ്രദമായ മാർഗമാണ് കേരള പഞ്ചായത്തിരാജ് ആക്ട്. നിയമത്തെ അതിന്റെ കാതലായ തലത്തിലും അർഥത്തിലും നടപ്പാക്കുന്ന ഏക സംസ്ഥാനമാണ് കേരളം. പഞ്ചായത്തിലെ കാർഷിക വികസന കമ്മിറ്റികളെ രൂപീകരിക്കുന്നതിനുള്ള അധികാരം മാത്രം പഞ്ചായത്തിന്റെ നിയന്ത്രണത്തിലല്ല. പ്രിൻസിപ്പൽ കൃഷി ഓഫീസറാണ് ഇപ്പോഴും കമ്മിറ്റികളെ നാമനിർദേശം ചെയ്യുന്നത്. ജില്ലാ അടിസ്ഥാനത്തിലുള്ള കാർഷിക സമിതിയും നോമിനേഷനാണ്.അതുമൂലം സമിതികളുടെ പ്രവർത്തനം ഉദ്ദേശിക്കുന്നവിധം ഫലപ്രദമാകുന്നില്ലെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. 
 

ദുരിതം അനുഭവിക്കുന്ന കർഷകരെ 
സംരക്ഷിക്കണം

നെടുമങ്ങാട്
കാലാവസ്ഥാ വ്യതിയാനംമൂലം  ദുരിതം അനുഭവിക്കുന്ന കർഷകരെ സംരക്ഷിക്കാൻ നിലവിലുള്ള പദ്ധതികൾ പരിഷ്‌കരിക്കണമെന്നും പാളിച്ചകൾ പരിഹരിക്കണമെന്നും കർഷകസംഘം ജില്ലാസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രകൃതിക്ഷോഭങ്ങളെ മുൻനിർത്തിയുള്ള പരിഗണനയും സഹായവുമാണ് നിലവിൽ കർഷകർക്ക്‌ ലഭിക്കുന്നത്.
 
ആഗോളതാപനത്തിൽ ഉണ്ടായ മാറ്റങ്ങളുടെ ഫലമായി സംഭവിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തെയും കൃഷിയെ അതു ബാധിക്കുന്ന തോതിനെയും ഇനിയും പരിഗണിച്ചിട്ടില്ല. പ്രകൃതിക്ഷോഭത്തിൽ സംഭവിക്കുന്ന നഷ്ടത്തിന്റെ കൃത്യമായ മൂല്യമല്ല സഹായമായി കർഷകർക്ക് നിലവിൽ ലഭ്യമാകുന്നത്. 
സഹായം ലഭ്യമാകാൻ കർഷകർ നേരിടുന്നത് വലിയ കാലതാമസമാണ്. ഇതിനെല്ലാം അടിയന്തര പരിഹാരം കാണണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top