24 April Wednesday
ജനമനസ്സറിഞ്ഞ്‌ ഭവനസന്ദർശനം

‘സിൽവർ ലൈൻ നാടിന്റെ ആവശ്യം’

സ്വന്തം ലേഖകൻUpdated: Thursday May 26, 2022

സിപിഐ എം ഗൃഹസന്ദർശന പരിപാടിയിൽ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ കണ്ണേറ്റുമുക്കിലെ അഭയകുമാറുമായി ആശയവിനിമയം നടത്തുന്നു

 
തിരുവനന്തപുരം
‘സിൽവർ ലൈൻ വരണം, അത്‌ നാടിന്റെ ആവശ്യമാണ്‌. പക്ഷേ,  ഭൂമി വിട്ടുനൽകിയാൽ കൃത്യസമയത്ത്‌ പണം കിട്ടുമോ? കണ്ണേറ്റുമുക്ക്‌ കുരുക്കുവിളാകം വീട്ടിൽ അഭയകുമാറിന്റെ ആശങ്കയ്‌ക്ക്‌ ഉദാഹരണസഹിതമാണ്‌ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ മറുപടി നൽകിയത്‌. ‘കണിയാപുരത്ത്‌ പാർടി ലോക്കൽ കമ്മിറ്റി ഓഫീസിന്റെ ഒരുഭാഗം വികസനത്തിനു വിട്ടുനൽകിയതിന്‌ 25 ലക്ഷം രൂപ ജില്ലാ സെക്രട്ടറിയായ തന്റെ അക്കൗണ്ടിലേക്കാണ്‌ എത്തിയത്‌. അതിനു സമീപത്തെ ചായക്കടക്കാരന്‌ നഷ്ടപരിഹാരം ലഭിച്ചത്‌ 98 ലക്ഷം രൂപ. മികച്ച നഷ്ടപരിഹാരം കൃത്യസമയത്ത്‌ നൽകിയതിനാലാണ്‌ ദേശീയപാതാ വികസനം സംസ്ഥാനത്ത്‌ യാഥാർഥ്യമായത്‌’ –- ആനാവൂർ ചൂണ്ടിക്കാട്ടി. സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച്‌ ജനങ്ങളുടെ അഭിപ്രായം നേരിട്ടറിയാൻ സിപിഐ എം സംഘടിപ്പിച്ച ഭവനസന്ദർശന വേളയായിരുന്നു സന്ദർഭം. 
   ബുധനാഴ്‌ച സിപിഐ എം നേതൃത്വത്തിൽ ജില്ലയിൽ ഭവനസന്ദർശനത്തിന്‌ തുടക്കമായി.  ആനാവൂർ നാഗപ്പന്റെ നേതൃത്വത്തിൽ തൈക്കാട്‌ കുരുക്കുവിളാകം പ്രദേശത്ത്‌ മുപ്പതിലധികം വീടാണ്‌ സന്ദർശിച്ചത്‌. 
സിൽവർ ലൈൻ പദ്ധതി വേണമെന്ന ആവശ്യമാണ്‌ കൂടുതൽ കുടുംബവും പങ്കുവച്ചത്‌. പദ്ധതിയെ ചിലർ എതിർക്കുന്നത്‌ രാഷ്ട്രീയമായാണെന്നും അവർ ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരം കൃത്യസമയത്ത്‌ കിട്ടുമോ എന്നതിലായിരുന്നു ചിലരുടെ ആശങ്ക. പദ്ധതി വെള്ളക്കെട്ടിന്‌ കാരണമാകുമെന്നും കേരളത്തെ രണ്ടായി മാറ്റുമെന്നുമുള്ള മാധ്യമ വാർത്തകളാണ്‌ ചിലർ ഉയർത്തിയത്‌. ഇവയ്‌ക്കെല്ലാം വസ്‌തുതകൾ വ്യക്തമാക്കി സിപിഐ എം പ്രതിനിധികൾ മറുപടി പറഞ്ഞു. പ്രദേശത്തെ വെള്ളക്കെട്ട് അടക്കമുള്ള പരാതികളും കുടുംബങ്ങൾ ഉന്നയിച്ചു. 
പാളയം ഏരിയ കമ്മിറ്റിയംഗം ജെ പി ജഗദീഷ്‌, കൗൺസിലർ ജി മാധവദാസ്‌, ലോക്കൽ കമ്മിറ്റിയംഗം സി ഹരികുമാർ, ബ്രാഞ്ച്‌ സെക്രട്ടറി എൽ സുരേഷ്‌ എന്നിവരും സന്ദർശകസംഘത്തിലുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top