29 March Friday

തലസ്ഥാന നഗരിയിൽ 
കോൺഗ്രസ്‌ അഴിഞ്ഞാട്ടം

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2022
തിരുവനന്തപുരം
വയനാട്ടിലെ സംഭവങ്ങളുടെ മറവിൽ തലസ്ഥാന നഗരി അടിച്ചുതകർത്ത്‌ കോൺഗ്രസ്‌, യൂത്ത്‌ കോൺഗ്രസ്‌ ഗുണ്ടാവിളയാട്ടം. വൈകിട്ടോടെ തെരുവിലിറങ്ങിയ അക്രമിക്കൂട്ടം കണ്ണിൽക്കണ്ടതെല്ലാം തല്ലിത്തകർത്തു. സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിലേക്ക്‌ നടത്തിയ മാർച്ചിനിടെ നഗരത്തിലെങ്ങുമുള്ള കൊടിതോരണങ്ങളും പ്രചാരണ ബോർഡുകളും വലിച്ചുകീറി. 
മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ്‌ കോൺഗ്രസ്‌ പ്രവർത്തകർ കേട്ടാലറയ്‌ക്കുന്ന ഭാഷയിലുള്ള തെറിവിളി പ്രകടനം നടത്തിയത്‌. സംസ്ഥാന സർക്കാർ വിവിധ പരിപാടികളുടെ പ്രചാരണാർഥം വച്ച ബോർഡുകളും വർഗബഹുജന സംഘടനകളുടെ പ്രചാരണ സാമഗ്രികളും തകർത്തു. പാളയത്ത്‌ പ്രകടനം തടഞ്ഞ പൊലീസിനുനേരെയും പ്രവർത്തകർ അതിക്രമത്തിന്‌ മുതിർന്നു. എ കെ ജി സെന്ററിലേക്ക്‌ കടന്നുകയറാൻ ശ്രമിച്ച വനിതാ പ്രവർത്തകരും പൊലീസിനെ ഭീഷണിപ്പെടുത്തി. 
 ബേക്കറി ജങ്‌ഷനിൽ നിന്നാരംഭിച്ച പ്രകടനവും അതിക്രമങ്ങളുമായാണ്‌ മുന്നോട്ട്‌ നീങ്ങിയത്‌. മുന്നിൽക്കണ്ടതെല്ലാം അടിച്ചുതകർത്തും ഗതാഗതം തടസ്സപ്പെടുത്തിയുമായിരുന്നു പ്രകടനം. വൈകിട്ട്‌ ജോലി കഴിഞ്ഞ്‌ വീട്ടിലേക്ക്‌ മടങ്ങിയ സ്ത്രീകളടക്കമുള്ള ജീവനക്കാരും പൊതുജനങ്ങളും കോൺഗ്രസിന്റെ ഗുണ്ടാവിളയാട്ടത്തിൽ പ്രതിസന്ധിയിലായി. അക്രമാസക്തമായുള്ള പ്രകടനത്തെ തുടർന്ന്‌ മണിക്കൂറുകളോളം ഗതാഗതത്തിനും തടസ്സം നേരിട്ടു.
ഡിസിസി പ്രസിഡന്റ്‌ പാലോട്‌ രവിയടക്കം മുതിർന്ന നേതാക്കൾ അക്രമത്തിന്‌ പ്രോത്സാഹനവുമായി രംഗത്തെത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top