22 September Friday
കുഞ്ഞിത്തലയണയും കിളിക്കൂടും

ഇവിടെയുണ്ട്‌ രുചിമേളം

സുനീഷ്‌ ജോUpdated: Thursday May 25, 2023

എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ കുടുംബശ്രീ ഭക്ഷണശാലയില്‍നിന്ന്

തിരുവനന്തപുരം
കുഞ്ഞിത്തലയണ എന്ന്‌ കേട്ടാൽ അതൊരു ചെറിയ തലയണയാണെന്ന്‌ കരുതല്ലേ. കനകക്കുന്നിലെ എന്റെ കേരളം മെഗാപ്രദർശനമേളയോടനുബന്ധിച്ചുള്ള കഫേ കുടുംബശ്രീ സ്‌റ്റാളിലെ വിഭവമാണ്‌. കാടയും ചപ്പാത്തിയും പ്രത്യേക മസാല തയ്യാറാക്കിയ വിഭവമാണിത്‌. കണ്ടാൽ ഒരു പൊതിപോലെ. 200 രൂപയാണെങ്കിലും കപ്പലോട്ടാൻ വായിൽ വെള്ളം നിറയ്‌ക്കുമെന്നാണ്‌ കഴിക്കുന്നവരുടെ വിവരണം.കോഴിക്കോട്ടുകാരി മെഡിക്കൽ കോളേജ്‌ സ്വദേശിനി ഷാഹിദയുടെ  സ്വന്തമാണ്‌ ഈ കുഞ്ഞിത്തലയണ. കുടുംബശ്രീയുടെ സൗപർണിക ഗ്രൂപ്പിൽ അംഗമാണ്‌. രണ്ടായിരംപേർക്ക്‌ സദ്യയുണ്ടാക്കാനും ബിരിയാണി വിളമ്പാനുമുള്ള ധൈര്യം കുടുംബശ്രീ തന്നതാണെന്ന്‌ പറയുന്നു അവർ. ജനകീയ ഹോട്ടൽ നടത്തുന്നുണ്ടെങ്കിലും മേളകളിൽ എത്തുമ്പോൾ ഷാഹിദയിലെ പാചകക്കാരി വയറുമാത്രമല്ല , മനസ്സും നിറയ്‌ക്കും. 
മൈമൂന, അനിത, മഞ്‌ജുഷ, ഗാർഗി, ശാന്തി എന്നിവരും കൂടെയുണ്ട്‌. തനിമ, സൗപർണിക ഗ്രൂപ്പ്‌ അംഗങ്ങൾ ചേർന്നാണ്‌ സ്‌റ്റാളിൽ കോഴിക്കോടിന്റെ ഭക്ഷണമൊരുക്കുന്നത്‌. ചിക്കൻ പൊട്ടിത്തെറിച്ചത്‌, കരീംജീരക കോഴി എന്നിവയ്‌ക്കാണ്‌ ആളുകൾ കൂടുതലായി എത്തുന്നത്‌. 
തലശേരിയിൽനിന്നുള്ള ‘വെൺമ’ സ്‌റ്റാളിൽ തലശേരി ബിരിയാണി റെഡിയാണ്‌. കുഴിമന്തിയും ലഘുഭക്ഷണവും ലഭിക്കും. കാസർകോട്ടുനിന്നുള്ള സൽക്കാര സ്‌റ്റാളിലുമുണ്ട്‌ നൈസ്‌ പത്തിരി, ബട്ടൂര, ചിക്കൻ സുക്ക, ചിക്കൻ കൊണ്ടാട്ടം എന്നിങ്ങനെ നിറയെ വിഭവങ്ങൾ. ലീനയുടെ നേതൃത്വത്തിലാണ്‌ തയ്യാറാക്കുന്നത്‌.  ആദിവാസി പരമ്പരാഗത തനത്‌ഭക്ഷണമുണ്ട്‌. അരിപ്പ സെറ്റിൽമെന്റ്‌ കോളനിയിൽനിന്നുള്ള സുലോചനയുടെ നേതൃത്വത്തിലാണ്‌ വിഭവമൊരുക്കുന്നത്‌. ഷുഗർ ചീര വരട്ട്‌ കറിയാണ്‌ ആകർഷണം.
 
ലൂസിയാണ് താരം
തിരുവനന്തപുരം
ലൂസിയെന്ന ഒറ്റവിളിയിൽ കാണാനെത്തിയ കുരുന്നുകളുടെ കൈയിൽനിന്ന് പറന്ന് തന്റെ കൂട്ടുകാരനിലേക്ക് എത്തിയ കൈപ്പത്തിയോളം മാത്രം വലുപ്പമുള്ള ഇത്തിരിക്കുഞ്ഞൻ അണ്ണാൻ. മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റാളിലെത്തുന്നവരുടെ പ്രിയങ്കരമായികാഴ്ചകളിലൊന്നാണ് ലൂസിയെന്ന ഷു​ഗർ ​ഗ്ലൈഡർ.
 പറക്കും അണ്ണാൻ വിഭാ​ഗത്തിൽപ്പെടുന്ന ഓസ്ട്രേലിയൻ ഇനമാണിത്‌. വേ​ഗം ഇണങ്ങുന്ന ഇനമായതിനാൽ വളർത്തുമ-ൃ​ഗങ്ങളിലും പ്രിയ​പ്പെട്ടവൻ. വേറെയും കുഞ്ഞന്മാർ സ്റ്റാളിലുണ്ട്. എലി വർഗത്തിൽ‌‌പ്പെട്ട ഹെഡ് ജോഗ്, ഫാൻസി എലികൾ, ഷോർട് ഹെയർ ഹാംസ്റ്റർ, ഗിർബൽ എന്നിങ്ങനെ നീളും. 
ബ്ലൂ ആൻഡ് ഗോൾഡ് മക്കാവോ, ഗ്രേ പാരറ്റ്, യെല്ലോ സൈ ഡ് കൊണൂർ, പൈനാപ്പിൾ കൊണൂർ, ബ്ലൂ പൈനാപ്പിൾ കൊണൂർ തുടങ്ങിയ വിദേശയിനം പക്ഷികളും അലങ്കാരക്കോഴികളായ സിൽവർ ലൈസ്, കൊച്ചിൻ ബേണ്ടം, ഗോൾഡൻ പോളിഷ് ക്യാപ് എന്നീ അലങ്കാര തത്തകൾ കണ്ണിന്‌ കുളിരേകും. ഏഴു ലക്ഷം വിലയുള്ള സ്പോട്ടിഷ് ഫോൾഡ് എന്ന പൂച്ച,  ഒരു ലക്ഷം വിലയുള്ള സയാമീസ് പൂച്ച, ഒരു ലക്ഷം വിലയുള്ള ബംഗാൾ ക്യാറ്റ്, ബ്രിട്ടീഷ് ഷോട്ട് ഹെയർ, ചാർകോൾ ബംഗാൾ ക്യാറ്റ് തുടങ്ങിയവയെയും അടുത്തറിയാം.
 കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന ഇ​ഗ്വാനയ്ക്കൊപ്പമുള്ള സെൽഫിയാണ് സ്റ്റാളിന്റെ മറ്റൊരു ആകർഷണം. 
കൂടാതെ ആനയുടെ പല്ല്, പശു ആട്, മുയൽ, ഗിനിപ്പന്നി, പട്ടി എന്നിവയുടെ ഗർഭസ്ഥ ശിശുക്കളുടെ ഫോർമാലിനിൽ സൂക്ഷിച്ച സാമ്പിൾ, കുരങ്ങ്, മൂർഖൻ, അണലി എന്നിവയുടെ ഫോർമാലിനിൽ സൂക്ഷിച്ച സാമ്പിളും സ്റ്റാളിലുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top