25 April Thursday
ഇന്ത്യ:- ദ മോദി ക്വസ്റ്റ്യൻ'

തടയാനെത്തി ബിജെപി: 
ജലപീരങ്കിയുമായി പൊലീസ്‌

സ്വന്തം ലേഖകൻUpdated: Wednesday Jan 25, 2023

സംസ്‌കൃത കോളേജിൽ എസ്എഫ്ഐ യൂണിറ്റിന്റെ നേതൃത്വത്തിൽ ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നു

ചാല 
ഗുജറാത്ത്‌ വംശഹത്യയുമായി ബന്ധപ്പെട്ട്‌ പ്രധാനമന്ത്രി നരേന്ദ്രമോഡിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി " ഇന്ത്യ:- ദ മോദി ക്വസ്റ്റ്യൻ' പ്രദർശനത്തിനിടെ ബിജെപിയുടെ അതിക്രമം. ഡിവൈഎഫ്ഐ ചാല ബ്ലോക്ക്‌ കമ്മിറ്റി പൂജപ്പുരയിൽ സംഘടിപ്പിച്ച പ്രദർശനത്തിനിടെയാണ്‌ ബിജെപി പ്രവർത്തകർ കൂട്ടമായെത്തി അക്രമം അഴിച്ചുവിട്ടത്‌.
പ്രദർശനം തടയനെത്തിയ ബിജെപി പ്രവർത്തകരെ പൊലീസ് ബാരിക്കേഡ്‌ കെട്ടി തടഞ്ഞു. ഇതോടെ അക്രമാസക്തമായ പ്രവർത്തകർ ബാരിക്കേഡ്‌ തകർക്കാൻ ശ്രമിച്ചു. അക്രമാസക്തമായ ഇവർക്കുനേരെ പൊലീസ്‌ രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. എകദേശം ഒരു മണിക്കൂർ നീണ്ട പ്രദർശനം അക്രമങ്ങൾക്കിടെയും കൃത്യമായി നടന്നു. നൂറുകണക്കിനുപേർ പ്രദർശനം കാണാനെത്തി. 7.30ഓടെ ബിജെപി പ്രവർത്തകർ പിരിഞ്ഞുപോയി.
മാനവീയം വീഥിയിൽ യൂത്ത്‌ കോൺഗ്രസ്‌ സംഘടിപ്പിച്ച ഡോക്യുമെന്ററി പ്രദർശനം യൂവമോർച്ച പ്രവർത്തകർ തടയാനെത്തി. തുടർന്ന്‌ പൊലീസെത്തി ഇവരെ നീക്കി.
ഡോക്യുമെന്ററി 
പ്രദർശിപ്പിച്ചു
ചാല 
സംഘപരിവാർ ഉപരോധമേർപ്പെടുത്തിയ ബിബിസിയുടെ ഡോക്യുമെന്ററിയായ " ഇന്ത്യ:- ദി മോദി ക്വസ്റ്റ്യൻ’ ഡിവൈഎഫ്ഐ ചാല ബ്ലോക്ക്‌ കമ്മിറ്റി പൂജപ്പുരയിൽ പ്രദർശിപ്പിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ ഉദ്‌ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക്‌ പ്രസിഡന്റ്‌ പി ജി സമ്പത്ത് അധ്യക്ഷനായി. എസ് എ സുന്ദർ, കരമന ഹരി,  പി ആദർഷ്ഖാൻ,  എസ് ജയിൽകുമാർ, എസ് ശിവപ്രസാദ്, സി ഗോപകുമാർ,  ഡോ.ഷിജുഖാൻ, വി അനൂപ്, എൽ എസ് ലിജു,  ആർ ഉണ്ണിക്കൃഷ്ണൻ, പ്രശാന്ത് വിളവൂർക്കൽ, എസ് ആർ അഞ്ജു, എം പി ലിജു തുടങ്ങിയവർ പങ്കെടുത്തു.
എസ്‌എഫ്‌ഐ നേതൃത്വത്തിൽ ജില്ലയിലെ പ്രധാന കാമ്പസുകളിൽ  ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. യൂണിവേഴ്‌സിറ്റി കോളേജിൽ നടന്ന പ്രദർശനത്തിൽ ജില്ലാ പ്രസിഡന്റ്‌ എസ്‌ ആർ ആദിത്യൻ, സെക്രട്ടറി എസ്‌ കെ ആദർശ്‌ എന്നിവർ പങ്കെടുത്തു.
സംസ്‌കൃത കോളേജ്‌, തിരുവനന്തപുരം വിമൻസ്‌ കോളേജ്‌, കാര്യവട്ടം ക്യാമ്പസ്‌, ഗവ. ലോ കോളേജ്‌ എന്നിവിടങ്ങളിലും ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. മറ്റു കോളേജുകളിൽ ബുധനാഴ്‌ച പ്രദർശനം നടക്കും.വരും ദിവസങ്ങളിൽ ജില്ലയിലാകെ പ്രദർശനം സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഡോ. ഷിജുഖാൻ, പ്രസിഡന്റ് വി അനൂപ് എന്നിവർ അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top