തിരുവനന്തപുരം
ആറ്റിങ്ങൽ പാർലമെന്റ് സീറ്റ് സംബന്ധിച്ച് ബിജെപിയിൽ അന്തിമ തീരുമാനമാകുന്നതിനുമുമ്പേ കേന്ദ്രസഹമന്ത്രി വി മുരളീധരൻ മണ്ഡലത്തിൽ വാടകവീടെടുത്ത് താമസം തുടങ്ങി. കുഴിമുക്കിൽ മൂന്നുനിലയുള്ള കൂറ്റൻ വീടാണ് അദ്ദേഹം സ്വന്തംനിലയിൽ വാടകയ്‌ക്കെടുത്തത്. ബിജെപി സംസ്ഥാന, ജില്ലാ നേതൃത്വങ്ങളുടെ അനുമതിയില്ലാതെയാണ് നീക്കമെന്നാണ് സൂചന. മുരളീധരൻ ഏകാധിപത്യപരമായി പ്രവർത്തിക്കുന്നുവെന്ന ആരോപണം ശരിവയ്‌ക്കുന്നതാണ് പുതിയ നീക്കം.
ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ മുരളീധരന് വാടകവീടും സമാന്തര ഓഫീസ് സംവിധാനവും ഉണ്ടെന്ന് പ്രവർത്തകർ പറയുന്നു. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് കഴക്കൂട്ടത്ത് വീടും സമാന്തര ഓഫീസും പ്രവർത്തിച്ചിരുന്നു. കണ്ണൂരിൽനിന്ന് ഉൾപ്പെടെയുള്ള പ്രവർത്തകരെ ഇവിടെ കൊണ്ടുവന്ന് താമസിപ്പിച്ചിരുന്നു.
നഗരത്തിൽ ഉള്ളൂരിലും വാടകവീടുണ്ട്. ഇതിനോടുചേർന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് പ്രവർത്തിക്കുന്നത്. ഫെബ്രുവരിയിൽ മാനസികരോഗിയായ ഒരാൾ ഈ വീടിന്റെ ജനൽച്ചില്ലുകൾ എറിഞ്ഞുടച്ചത് വലിയ ചർച്ചയായിരുന്നു. ശാസ്‌തമംഗലത്തെ മംഗലം ലെയ്‌നിലും കുറച്ചുകാലം മുരളീധരൻ താമസിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമെയാണ് ആറ്റിങ്ങൽ കുഴിമുക്കിൽ പുതുതായി വാടകവീടെടുത്തത്.
ആറ്റിങ്ങൽ മണ്ഡലത്തിൽ സീറ്റുറപ്പിക്കാൻ ബിജെപി സംസ്ഥാന വൈസ്‌പ്രസിഡന്റ് ശോഭ സുരേന്ദ്രനും വി മുരളീധരനും തമ്മിൽ മത്സരം നടക്കുന്നുണ്ട്. ഇതിനിടയിൽ വാടകവീടെടുത്ത് താമസം ആരംഭിച്ചത് ബിജെപിയിൽ പുതിയ ചർച്ചയ്‌ക്ക് തുടക്കമിട്ടിരിക്കുകയാണ്. മുരളീധരന്റെ ‘കടന്നുകയറ്റ’ത്തിനെതിരെ ജില്ലാ നേതാക്കൾക്ക് അതൃപ്‌തിയുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..