20 April Saturday

അക്രമം, അഴിഞ്ഞാട്ടം

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022

ഹർത്താലിൽ കിള്ളിപ്പാലത്ത് പോപ്പുലർ ഫ്രണ്ട് അക്രമികൾ കെഎസ്ആർടിസി ബസിന്റെ ചില്ലു തകർത്ത നിലയിൽ ഫോട്ടോ: സുമേഷ് കൊടിയത്ത്

 തിരുവനന്തപുരം

പോപ്പുലർ ഫ്രണ്ട്‌ ഹർത്താലിൽ ജില്ലയിൽ വ്യാപക അക്രമം. നിരവധി സ്ഥലങ്ങളിൽ കെഎസ്‌ആർടിസി ബസുകൾക്ക്‌ നേരെ കല്ലെറിഞ്ഞ പോപ്പുലർ ഫ്രണ്ടുകാർ നാട്ടുകാരെയും വെറുതെവിട്ടില്ല.  നാട്ടുകാരെയും വ്യാപാരികളെയും ആക്രമിച്ചു. ആക്രമണത്തിൽ നിരവധി പേർക്ക്‌ പരിക്കേറ്റു.  കടകളും അടിച്ചുതകർത്തു. 
നേമം
ബാലരാമപുരം തൈക്കാപ്പള്ളിക്ക്‌ സമീപം പിഎഫ്‌ഐ പ്രവർത്തകർ നടത്തിയ കല്ലേറിൽ കെഎസ്‌ആർടിസി ബസിന്റെ മുന്നിലെ ഗ്ലാസ് പൊട്ടിത്തെറിച്ച് വീണ് നെയ്യാറ്റിൻകര ഡിപ്പോയിലെ കണ്ടക്ടർ ആലപ്പുഴ സ്വദേശി സുനിൽകുമാറിന്റെ(47) കണ്ണിന് പരിക്കേറ്റു. 
വഴിമുക്കിന്‌ സമീപം  ഭാസ്‌കർ നഗർ -മെഡിക്കൽ കോളേജ് ബസിന് നേരെ ബൈക്കിലെത്തിയവർ കല്ലെറിഞ്ഞു.   മുടവൂർപ്പാറ നസ്രത്ത് ഹോം സ്കൂളിന് സമീപവും കെഎസ്‌ആർടിസി ബസ്‌  തകർത്തു. മുടവൂർപ്പാറയിൽ ടിപ്പർലോറി ഡ്രൈവർക്കും കല്ലേറിൽ പരിക്കേറ്റൂ, തേമ്പാമുട്ടം സ്വദേശി ജിനു(30) വിനാണ് പരിക്കേറ്റത്.  അക്രമങ്ങളിൽ ബാലരാമപുരം പൊലീസ് കേസെടുത്തു.
മംഗലപുരം
പോത്തൻകോട് അടപ്പിനകം ക്ഷേത്രത്തിനടുത്ത്  കട അടിച്ചു തകർത്തു. വെള്ളി രാവിലെ 6.30നായിരുന്നു സംഭവം. പ്രദേശത്തെ പോപ്പുലർ ഫ്രണ്ട് നേതാവ് കബീറിന്റെ നേതൃത്വത്തിൽ എത്തിയ 15 പേർ അടപ്പിനകം ബാബു നിവാസിൽ ബാഹുലേയന്റെ പലചരക്കുകട അടിച്ചുതകർത്തു. കടയിൽ ഉണ്ടായിരുന്ന പഴക്കുലകൾ വലിച്ചെറിഞ്ഞു. അക്രമികൾക്കെതിരെ പോത്തൻകോട് പൊലീസ്‌ കേസെടുത്തു.
നെയ്യാറ്റിൻകര
 നെയ്യാറ്റിൻകരയിൽ  ഹർത്താൽ ഭാ​ഗികം. കടകമ്പോളങ്ങൾ അടഞ്ഞുകിടഞ്ഞതൊഴിച്ചാൽ   ഒരു വിധത്തിലും ജനജീവിതത്തെ ബാധിച്ചിച്ച.  രണ്ട് പേരെ പിടികൂടി. ബാലരാമപുരത്തും തിരുവനന്തപുരത്തും അക്രമ പരമ്പരയറിഞ്ഞ്‌ സർവീസ് ഓപ്പറേറ്റ് ചെയ്തില്ല. ഇരുചക്ര വാഹനങ്ങളിലെത്തുന്ന അക്രമികൾ കടകൾ ഭീഷണിപ്പെടുത്തിതിനെതുടർന്നാണ്‌ വ്യാപാരികൾ കടകൾ അടച്ചിട്ടത്.  ശക്തമായ പൊലീസ് വിന്യാസവും, പട്രോളിങ്ങും നടന്നതിനാൽ അക്രമികൾക്കും നെയ്യാറ്റിൻകരയിൽ ഒരിടത്തും സ്വൈരവിഹാരത്തിനായില്ല.പൊലീസിന്റെ  നടപടി പരക്കേ പ്രശംസ പിടിച്ചുപറ്റി. പിങ്ക് പൊലീസ് ഉൾപ്പടെ പട്രോളിങ്ങിൽ ജാ​ഗരൂകരായി.
കാട്ടാക്കട
 ഹർത്താലനുകൂലികൾ കാട്ടാക്കടയിൽ ബസിന് കല്ലെറിഞ്ഞു. രാവിലെ ഡിപ്പോയിൽ നിന്നുമുള്ള സർവീസുകൾ നടക്കവേ ഒരു സംഘം പോപ്പുലർ ഫ്രണ്ടുകാർ എത്തി തടഞ്ഞു. തുടർന്ന് ബസ് സ്റ്റാൻഡിന് മുന്നിലെ റോഡും  ഉപരോധിച്ചു. കാട്ടാക്കട പൊലീസെത്തി ഇവരെ നീക്കിയെങ്കിലും സർവീസ് നടത്താൻ ഡിപ്പോ അധികൃതർ തയ്യാറായില്ല. ബസ്‌ യാത്രക്കാരായ സ്ത്രീകൾ ഉൾപ്പെടെ യാത്രക്കാർ പ്രതിഷേധിച്ചതോടെ പൊലീസിന്റെ അകമ്പടിയിൽ വീണ്ടും സർവീസ് തുടങ്ങി. 
 സർവീസ് നടത്തിയ പൂവാർ ഡിപ്പോയുടെ ബസിന് നേരെ അഞ്ചുതെങ്ങിൻമൂട്ടിൽ വച്ച്‌ കല്ലേറ് ഉണ്ടായി . ബൈക്കിലെത്തിയ രണ്ടുപേർ ബസ് കൈകാണിച്ച് നിർത്തിയ ശേഷം മുൻവശത്തെ ചില്ലുകൾ എറിഞ്ഞു പൊട്ടിച്ചു. യാത്രക്കാർ കുറവായിരുന്നെങ്കിലും 22 സർവീസ്‌ കാട്ടാക്കട ഡിപ്പോയിൽനിന്നും നടത്തി. കാട്ടാക്കട, പൂവച്ചൽ, കുറ്റിച്ചൽ, കള്ളിക്കാട് ,മാറനല്ലൂർ പഞ്ചായത്തുകളിൽ രാവിലെ തന്നെ ഹർത്താലനുകൂലികൾ ഭീഷണിയുമായി എത്തി കടകൾ  തുറക്കാൻ അനുവദിച്ചില്ല. എന്നാൽ ബാങ്കുകളും മറ്റ് സർക്കാർ ഓഫീസുകളും  തുറന്നു പ്രവർത്തിച്ചു ഹാജർ  കുറവായിരുന്നു. കാട്ടാക്കടയിൽ ബസിന് കല്ലെറിഞ്ഞതിന് കണ്ടാലറിയാവുന്ന രണ്ടുപേരെ പ്രതിയാക്കി  പൊലീസ് കേസെടുത്തു. അതേ സമയം,  ഒരു ഭീഷണിയും ഇല്ലാതിരുന്നിട്ടും ഊരൂട്ടമ്പലം വില്ലേജ് ഓഫീസ് തുറന്നില്ല. ഇത് പൊതുവെ വിമർശനത്തിന് കാരണമായി.
തമിഴ്നാട്  ബസിന് നേരെ കല്ലെറിഞ്ഞു
പാറശാല
ഹർത്താലനുകൂലികൾ തമിഴ്നാട് ട്രാൻസ്പോർട്ട് ബസിന് നേരെ കല്ലെറിഞ്ഞു.വെള്ളിയാഴ്ച രാവിലെ ഇടിച്ചക്കപ്ളാമൂട് ജങ്‌ഷന് സമീപമാണ് അക്രമം .ഇടിച്ചക്കപ്ളാമൂട് മുസ്ലിം പള്ളിക്ക് സമീപത്ത് ബസിന്റെ മുൻഭാഗത്തെ ഗ്ലാസിൽ എറിഞ്ഞു.തുടർന്ന് അക്രമി ഇടവഴിയിലൂടെ ഓടി രക്ഷപ്പെട്ടു. മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു.
ബസിനു നേരെ കല്ലേറ്
ആറ്റിങ്ങൽ
പിഎഫ്‌ഐ പ്രവർത്തകർ നടത്തിയ കല്ലേറിൽ ആറ്റിങ്ങലിൽ ബസിന്റെ മുൻ വശത്തെ ചില്ല് പൂർണമായും തകർന്നു. ഡ്രൈവർക്കും  പരിക്കേറ്റു.ആറ്റിങ്ങലിലും സമീപ പ്രദേശങ്ങളിലും  മെഡിക്കൽ സ്റ്റോറുൾപ്പെടെ  അടഞ്ഞ് കിടന്നു. ഇരുചക്ര വാഹനങ്ങൾ ഒഴികെ മറ്റ്  വാഹനങ്ങൾ  നിരത്തിലിറങ്ങിയില്ല. രാവിലെ ഒമ്പതരയോടെ മെഡിക്കൽകോളേജ് -ആറ്റിങ്ങൽ കെഎസ്ആർടിസി ബസിനു നേരെയാണ് മാമം ജങ്‌ഷന് സമീപത്ത് കല്ലേറ് നടത്തിയത്. ഒളിഞ്ഞിരുന്ന  അക്രമി സംഘം  ബസ് വന്നപ്പോൾ തുടരെ കല്ലെറിഞ്ഞിട്ട്‌ ഓടുകയായിരുന്നു. ആറ്റിങ്ങൽ പൊലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമികൾ ഓടി രക്ഷപ്പെട്ടു.
വെഞ്ഞാറമൂട്
വെഞ്ഞാറമൂട് മേഖലയിൽ കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലെറിഞ്ഞു. രാവിലെ 10 ന്‌ കോലിയക്കോട്  ഹർത്താലനുകൂലികൾ  ബസിനു നേരെ കല്ലെറിഞ്ഞു.ബസിന്റെ ഹെഡ് ലൈറ്റ് തകർന്നു. ബൈക്കിൽ  പിൻതുടർന്നാണ് കല്ലെറിഞ്ഞത്.തുടർന്ന് അൽപ്പനേരം വെഞ്ഞാറമൂട് ഡിപ്പോയിൽ നിന്നുള്ള സർവീസ് നിർത്തിവച്ചു.11 ഓടെ പോലീസ് സംരക്ഷണയിൽ സർവീസുകൾ പുനരാരംഭിച്ചു. പാങ്ങോട് മൈലമൂട്ടിൽ കെ എസ് ആർ ടി സി ബസിന്റെ ഗ്ലാസ് സമരാനുകൂലികൾഎറിഞ്ഞുതകർത്തു.
കിളിമാനൂർ
 കിളിമാനൂർ ഡിപ്പോയിലെ മുഴുവൻ കെഎസ്ആർടിസി ബസും സർവീസ് നടത്തിയെങ്കിലും പതിനൊന്നരയോടെ മുഴുവൻ ബസും പൊലീസിന്റെ നിർദേശാനുസരണം സർവീസ് നിർത്തി .   ഡിപ്പോയിൽനിന്ന് രാവിലെ 4. 30 ന് പുറപ്പെട്ട ആർപിസി 367 നമ്പർ വണ്ടി കിളിമാനൂരിൽനിന്ന് പുറപ്പെട്ട് തിരുവനന്തപുരത്തേക്ക്‌ പോയ ശേഷം പത്തനംതിട്ടയ്ക്കുള്ള യാത്രാമധ്യേ കോന്നിക്ക് സമീപത്ത്‌ സമരാനുകൂലികൾ കല്ലെറിഞ്ഞു. 
സംഭവത്തിൻ ബസ്‌ ഡ്രൈവർ കടയ്ക്കൽ ഷാജുവിന് ഗുരുതരമായി പരിക്കേറ്റു.
22 കേസ്‌; 13 അറസ്റ്റ്‌
തിരുവനന്തപുരം
ഹർത്താലിൽ അക്രമം നടത്തിയ 13 പോപ്പുലർ ഫ്രണ്ട്‌ പ്രവർത്തകർ അറസ്റ്റിൽ. 18 പേരെ കരുതൽ തടങ്കലിലാക്കി. ആകെ 22 കേസാണ്‌   അക്രമവുമായി ബന്ധപ്പെട്ട്‌ രജിസ്റ്റർ ചെയ്‌തത്‌ 16 കെഎസ്‌ആർടിസി ബസുകളാണ് പോപ്പുലർഫ്രണ്ട്‌ പ്രവർത്തകരുടെ ആക്രമണത്തിൽ  തകർന്നത‍്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top