29 May Monday
ജീവനക്കാരും തൊഴിലാളികളും പ്രതിഷേധിച്ചു

വിജയമോഹിനി മിൽ തുറക്കണം

സ്വന്തം ലേഖകൻUpdated: Friday Mar 24, 2023

മൂന്നു വർഷമായി അടഞ്ഞു കിടക്കുന്ന വിജയമോഹിനി മിൽ ഉടൻ തുറക്കണം എന്നാവശ്യപ്പെട്ട് ട്രിവാൻഡ്രം ടെക്‌സ്‌റ്റൈൽസ് വർക്കേഴ്സ് യൂണിയൻ നടത്തിയ 
എജീസ് ഓഫീസ് മാർച്ച് സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം 
ദേശീയ ടെക്‌സ്‌റ്റൈൽ കോർപറേഷന്‌ കീഴിലുള്ള വിജയമോഹിനി അടക്കമുള്ള മില്ലുകൾ തുറന്നു പ്രവർത്തിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും ഉജ്വല പ്രതിഷേധം. കോവിഡിന്റെ മറവിൽ കേന്ദ്ര സർക്കാർ മില്ലുകൾ അടച്ചുപൂട്ടി മൂന്നുവർഷം തികഞ്ഞ വേളയിലായിരുന്നു പ്രതിഷേധം. 
പൂജപ്പുരയിലെ മില്ലിനു മുന്നിൽനിന്ന്‌ ആരംഭിച്ച  ജാഥ വിവിധ സ്ഥലങ്ങളിലെ സ്വീകരണശേഷം ഏജീസ്‌ ഓഫീസിനു മുന്നിൽ സമാപിച്ചു. ട്രിവാൻഡ്രം ടെക്‌സ്‌റ്റൈൽ വർക്കേഴ്‌സ്‌ യൂണിയൻ (സിഐടിയു) നേതൃത്വത്തിലായിരുന്നു പ്രതിഷേധം.മിൽ ഉടൻ തുറന്നുപ്രവർത്തിപ്പിക്കുക, ടെക്‌സ്‌റ്റൈൽ മേഖലയിലെ പ്രശ്‌നങ്ങൾക്ക്‌ കേന്ദ്ര ടെക്‌സ്‌റ്റൈൽ മന്ത്രാലയം പരിഹാരം കണ്ടെത്തുക, ടെക്‌സ്‌റ്റൈൽ വ്യവസായത്തെ തകർക്കുന്ന കേന്ദ്ര സർക്കാർ നടപടികൾ അവസാനിപ്പിക്കുക, നാമമാത്ര വേതനംപോലും നൽകാത്ത ക്രൂരത അവസാനിപ്പിക്കുക, ഉയർന്ന ഇപിഎഫ്‌ പെൻഷൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുക, മുഴുവൻ തൊഴിലാളികൾക്കും ഇഎസ്‌ഐ ആനുകൂല്യം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം.
മില്ലിനു മുന്നിൽനിന്ന്‌ ആരംഭിച്ച ജാഥ സിപിഐ എം ചാല ഏരിയ സെക്രട്ടറി എസ്‌ ജയിൽകുമാർ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. ട്രിവാൻഡ്രം ടെക്‌സ്‌റ്റൈൽ വർക്കേഴ്‌സ്‌ യൂണിയൻ സെക്രട്ടറി എം ടി ആന്റണി ക്യാപ്‌റ്റനായ ജാഥയ്‌ക്ക്‌ സിപിഐ എം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ പൂജപ്പുരയിൽ സ്വീകരണം നൽകി. വിവിധ ഇടങ്ങളിൽ ഡിവൈഎഫ്‌ഐ, ജനാധിപത്യ മഹിളാ അസോസിയേഷൻ, ഹെഡ്‌ലോഡ്‌ വർക്കേഴ്‌സ്‌ യൂണിയൻ എന്നിവയുടെ നേതൃത്വത്തിലും സ്വീകരണം നൽകി. 
എജീസ്‌ ഓഫീസിനു മുന്നിൽനടന്ന ധർണ സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ്‌ ഉദ്‌ഘാടനം ചെയ്‌തു. ടെക്‌സ്‌റ്റൈൽ വർക്കേഴ്സ്‌ യൂണിയൻ ജനറൽ സെക്രട്ടറി എ കെ ദിവാകരൻ അധ്യക്ഷനായി. സിഐടിയു ജില്ലാ പ്രസിഡന്റ്‌ ആർ രാമു, എം സുന്ദരം, കെ സി കൃഷ്‌ണൻകുട്ടി, സി ഗോപകുമാർ, എസ്‌ യു രാജീവ്‌, ശിവപ്രസാദ്‌, എം ടി ആന്റണി, എസ്‌ സന്ധ്യ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top