29 March Friday
മാലമോഷണം

വിദ്യാർഥിയടക്കം 7 പേർ 
പിടിയിൽ

സ്വന്തം ലേഖകൻUpdated: Tuesday Nov 23, 2021

പിടിയിലായ പ്രതികൾ

 
കിളിമാനൂർ
ഏഴംഗ മാലമോഷണ സംഘം കല്ലമ്പലത്ത്‌ പിടിയിലായി. കല്ലമ്പലം വർക്കല ചെമ്മരുതി ബി എസ് നിവാസിൽ   ശരത് (ചന്ദു, 28), വടശ്ശേരിക്കോണം പനച്ചവിള വീട്ടിൽ   ശ്രീകാന്ത്( ശ്രീക്കുട്ടൻ,27), പരവൂർ കുന്നിൽ വീട്ടിൽനിന്നും ഞെക്കാട് വാടകയ്‌ക്ക് താമസിക്കുന്ന നന്ദു (18), ഞെക്കാട്, തെറ്റിക്കുളം ചരുവിളവീട്ടിൽ അമൽ  (22), ആനയറ  വെൺപാലവട്ടം, ഈറോസ് കളത്തിൽ വീട്ടിൽനിന്നും ഒറ്റൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം വാടകയ്‌ക്ക് താമസിക്കുന്ന  അഖിൽ (22), കല്ലമ്പലം മാവിൻമൂട്  അശ്വതി ഭവനിൽ ആകാശ് ( 19) എന്നിവരാണ് അറസ്റ്റിലായത്.  
ഒരു  വിദ്യാർഥിയും പിടിയിലായ സംഘത്തിലുണ്ട്. കല്ലമ്പലം, അയിരൂർ, പാരിപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധികളിൽ കഴിഞ്ഞ ഒരു മാസത്തിനിടയിൽ പരമ്പരയായി സ്ത്രീകളുടെ മാല പൊട്ടിച്ച സംഭവത്തിലാണ്‌ അറസ്‌റ്റ്‌.
സംഘത്തലവൻ ശരത്‌
 ശരത്താണ്‌ മാലമോഷണ സംഘത്തലവൻ. മദ്യവും മയക്കുമരുന്നും നൽകിയാണ്‌ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെക്കൊണ്ട്  കുറ്റകൃത്യങ്ങൾ ചെയ്യിപ്പിച്ചത്‌. ഇതിനായി ഇരുചക്രവാഹനങ്ങൾ  നൽകിയിരുന്നു. കൃത്യത്തിനായി ഉപയോഗിച്ച രണ്ട് ഇരുചക്രവാഹനവും കണ്ടെടുത്തിട്ടുണ്ട്.  
പൊലീസ് മനസ്സിലാക്കാതിരിക്കാനായി ഓരോ കൃത്യത്തിന്‌ ശേഷവും ഇയാൾ സംഘാംഗങ്ങളെ  മാറ്റിയിരുന്നു. പിടിയിലായ ശ്രീകാന്ത് നേരത്തേ  ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ്.  
പനയറ തൃപ്പൊരിട്ടക്കാവ് ക്ഷേത്രത്തിന് സമീപംവച്ച് സൗമ്യ, നെല്ലിക്കോട് മലക്കറി കട നടത്തുന്ന  പനച്ചുവിള വീട്ടിൽ കമലമ്മ,  പെട്ടിക്കട നടത്തുന്ന കല്ലമ്പലം മേനപ്പാറ അമ്പിളി വിലാസത്തിൽ  രത്നമ്മ , പനയറ കുന്നത്തുമല കുഴിവിള വീട്ടിൽ ഷീല എന്നിവരുടെ മാല പൊട്ടിച്ചത്‌ ഈ സംഘമാണെന്ന് തെളിഞ്ഞിട്ടുണ്ട്. സ്വർണാഭരണങ്ങൾ പൊലീസ് കണ്ടെടുത്തു.  കല്ലമ്പലം പൊലീസ് രജിസ്റ്റർ ചെയ്ത മൂന്ന് കേസും അയിരൂർ പൊലീസ്  രജിസ്റ്റർ ചെയ്തകേസും ഇതോടെ തെളിഞ്ഞു.   പാളയംകുന്നിലും പാരിപ്പള്ളിയിലുമായി മൂന്നിടത്ത് ഇവർ പൊട്ടിച്ചത് മുക്കുപണ്ടങ്ങളായിരുന്നു.
 റൂറൽ ജില്ലാപോലീസ് മേധാവി പികെ മധു, വർക്കല ഡിവൈഎസ്‌പി  പി നിയാസിന്റെയും  ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എം കെ സുൽഫിക്കറിന്റെയും നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top