25 April Thursday
ചാല തമിഴ്‌ സ്‌കൂളിന്‌ ഇന്ന്‌ അഭിമാനദിനം

ഒരു കോടി ചെലവഴിച്ച്‌ നിർമിച്ച 
കെട്ടിടം ഇന്ന്‌ ഉദ്‌ഘാടനം ചെയ്യും

വെബ് ഡെസ്‌ക്‌Updated: Tuesday May 23, 2023
തിരുവനന്തപുരം
ആറുപതിറ്റാണ്ട്‌ പിന്നിടുന്ന ഗവ. തമിഴ്‌ ചാല ഹയർ സെക്കൻഡറി സ്കൂളിന്‌ അഭിമാന ദിനം. കിഫ്‌ബി ഫണ്ടിൽനിന്ന്‌ ഒരു കോടി രൂപ ചെലവഴിച്ച്‌ നിർമിച്ച കെട്ടിടത്തിന്റെ ഉദ്‌ഘാടനം ചൊവ്വാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ ശിലാഫലകം മന്ത്രി ആന്റണി രാജു അനാച്ഛാദനം ചെയ്യും. മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷയാകും.
തമിഴ് ഭാഷാസ്നേഹി സു ക ഗണപതിയപ്പപിള്ളയാണ്‌ 1960ൽ ആര്യശാലയ്ക്കടുത്ത് വാടകക്കെട്ടിടത്തിൽ "ചെന്തമിഴ് പാഠശാല’ ആരംഭിച്ചത്‌. തിരുവനന്തപുരത്ത് തമിഴ് ജനതയ്‌ക്ക്‌ മാതൃഭാഷയിൽ വിദ്യാഭ്യാസം നൽകുകയായിരുന്നു ലക്ഷ്യം. ചെന്തമിഴ് പാഠശാലയുടെ പ്രവർത്തനം കേട്ടറിഞ്ഞ എം എസ് റെഡ്ഡിയാർ വാടകക്കെട്ടിടത്തിൽനിന്ന്‌ പ്രവർത്തനം മാറ്റി തന്റെ ചെന്തിട്ടയിലെ സ്വന്തം കെട്ടിടത്തിലേക്ക് പുനക്രമീകരിച്ചു. പിന്നീട്‌ ചെന്തമിഴ് പാഠശാലയെ സർക്കാർ തമിഴ് സ്‌കൂളായി വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച്‌ ഉത്തരവിറക്കി. സഹോദരങ്ങളായ ടി  മുത്തയ്യപ്പിള്ള, അരുണാചലം പിള്ള, ശിവൻപിള്ള, കൃഷ്ണൻപിള്ള, സുബ്ബയ്യപിള്ള എന്നിവർ സ്ഥലം സംഭാവന നൽകുകയായിരുന്നു. 1965 ൽ പത്താം ക്ലാസും 1996 ൽ ടിടിസിയും 1999 ൽ വിഎച്ച്എസ്ഇയും 2000 ത്തിൽ ഹയർസെക്കൻഡറിയും പ്രവർത്തനം ആരംഭിച്ചു. 
സംസ്ഥാനത്തെ മറ്റു പല ജില്ലകളിലും തമിഴ് സ്കൂളുകൾ ഉണ്ടെങ്കിലും സ്കൂളിന്റെ പേരിനോട് ചേർന്ന് തമിഴ് എന്ന വാക്ക് ഉപയോഗിക്കുന്ന ഏക സ്കൂളാണ് ഗവ. തമിഴ് ഹയർ സെക്കൻഡറി സ്കൂൾ ചാല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top