08 May Wednesday

വാനം നോക്കാൻ കുട്ടിശാസ്‌ത്രജ്ഞർ തലസ്ഥാനത്ത്‌

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022
തിരുവനന്തപുരം
കോഴിക്കോട് യുഎൽ സ്‌പെയ്‌സ് ക്ലബ്ബിലെ  17 കുട്ടിശാസ്ത്രജ്ഞർ ത്രിദിന സ്‌പെയ്‌സ് ക്യാമ്പിനായി തിരുവനന്തപുരത്ത്. 23, 24, 25 ദിവസങ്ങളിലായി കോവളത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിലും വിക്രം സാരാഭായ് സ്‌പെയ്‌സ് സെന്ററിലും ബഹിരാകാശ ശാസ്ത്ര വിദ്യാഭ്യാസ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പെയ്‌സ് സയൻസ് ആൻഡ് ടെക്നോളജിയിലുമായാണ്‌ ക്യാമ്പ്‌.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽനിന്ന്‌ തെരഞ്ഞെടുത്ത 15 പേരും 200 കുട്ടികൾ ഓൺലൈനായും പങ്കെടുക്കും. കുട്ടികൾക്ക്‌ 25-ന് റോക്കറ്റ് വിക്ഷേപണം കാണാൻ അവസരമുണ്ട്‌. വിദഗ്‌ധരുടെ പാനൽ ചർച്ച,  പ്രഭാഷണങ്ങൾ,  വാനനിരീക്ഷണം, ഐഐഎസ്ടിയിലെ പരീക്ഷണശാലകളിലെ സന്ദർശനം തുടങ്ങിയവയാണ്‌ ക്യാമ്പിലെ പ്രവർത്തനങ്ങൾ. ആദ്യമായി ഐസർ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്) പ്രവേശനം നേടിയ സെറിബ്രൽ പാൾസി ബാധിച്ച വിദ്യാർഥിനി ആര്യ രാജ് സ്‌പെയ്‌സ് ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. 
കോടതിവിധിയുടെ അടിസ്ഥാനത്തിൽ സങ്കീർണമായ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എഴുതി പേഴ്സൺ വിത്ത് ഡിസെബിലിറ്റി വിഭാഗത്തിൽ അഞ്ചാം റാങ്കോടെ പാസായാണ് ഐസർ പ്രവേശനം നേടിയത്. കൈപ്പത്തികളും കാൽപ്പാദങ്ങളും ഇല്ലാതിരുന്നിട്ടും സ്‌പെയ്‌സ് ക്ലബ്ബിൽ സജീവമായി പ്രവർത്തിക്കുന്ന നൂർ ജലീലയുടേതാണ് ശ്രദ്ധേയമായ മറ്റൊരു സാന്നിധ്യം. 
കുട്ടികളിൽ ബഹിരാകാശ ശാസ്ത്രത്തിൽ ആഭിമുഖ്യം വളർത്താൻ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയുടെ സാമൂഹ്യസേവന വിഭാഗമായ യുഎൽ ഫൗണ്ടേഷൻ 2016-ൽ തുടങ്ങിയ സംരംഭമാണ് യുഎൽ സ്‌പെയ്‌സ് ക്ലബ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top