26 April Friday

തിരുവല്ലം ഉണ്ണി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 23, 2021

തിരുവല്ലം ഉണ്ണിയുടെ താമസസ്ഥലത്തുനിന്ന്‌ കണ്ടെത്തിയ മോഷണവസ്‌ത്ുക്കൾ

കാട്ടാക്കട
നിരവധി മോഷണ കേസുകളിലെ പ്രതി തിരുവല്ലം മേനിലം കീഴേപാലറകുന്ന്  ഉണ്ണികൃഷ്ണൻ (തിരുവല്ലം ഉണ്ണി, 48) പിടിയിൽ. കാട്ടാക്കടയിലെ ഒളിത്താവളത്തിൽനിന്നാണ്‌ ഇയാളെ പിടികൂടിയത്‌. താമസ സ്ഥലത്തുനിന്ന്‌  ലക്ഷക്കണക്കിന് രൂപയുടെ മോഷണസാധനം പൊലീസും നാട്ടുകാരും ചേർന്ന് കണ്ടെടുത്തു. ഒളിത്താവളം മോഷണത്തിനിരയായ കടയുടെ ഉടമകൾ ചേർന്നാണ്‌ തിരിച്ചറിഞ്ഞത്‌. തുടർന്ന്‌ പൊലീസിനെ അറിയിക്കുകയായിരുന്നു. മാസങ്ങൾക്ക് മുമ്പാണ്‌ ഇയാൾ ജയിൽ മോചിതനായത്‌.
ധനുവച്ചപുരം നെടിയാംകോട് ഒലീവിയ ഫാൻസിയിലെ മോഷണവുമായി ബന്ധപ്പെട്ട്‌ കടയുടമ മനീഷ്, ഷാജൻ, റിജിൻലാൽ എന്നിവർ നടത്തിയ അന്വേഷണത്തിലാണ്‌ ഒളിത്താവളം കണ്ടെത്തിയത്‌. ടാറ്റാ സുമോ വാഹനവും സിസി ടിവി ക്യാമറ ദൃശ്യവും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
കാട്ടാക്കടയിലെ കരിയംകോട് ജോസിന്റെ ഉടമസ്ഥതയിലുള്ള മേടയിൽ വീട്ടിൽ വാഹനം കണ്ടെത്തി. ഇതിനിടെ ഓട്ടോ റിക്ഷയിൽ വന്നിറങ്ങിയ പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ ഓടിച്ചിട്ടു പിടിക്കുകയായിരുന്നു. തുടർന്ന് പാറശാല പൊലീസിനെയും ഷാഡോ പൊലീസിനെയും അറിയിച്ചു.   നഗ്നനായി ഓടിയ ഉണ്ണിയെ പറമ്പിൽവച്ചു നാട്ടുകാർ ചേർന്ന് സാഹസികമായാണ്‌ പിടികൂടിയത്‌.
  വണ്ടന്നൂർ കുമാറിന്റെ വീട്ടിൽനിന്നും മോഷണം പോയ രണ്ടായിരം റബർ  ഷീറ്റ്‌, സമീപത്തു വാടകയ്‌ക്ക് താമസിക്കുന്ന വിഷ്ണുവിന്റെ വീട്ടിൽനിന്നും മോഷണം പോയ വിവാഹവസ്ത്രങ്ങൾ, മെത്ത, ഇൻവർട്ടർ തുടങ്ങിയവയും താമസസ്ഥലത്തുനിന്ന്‌ കണ്ടെത്തി. ഇതോടൊപ്പം വിവിധ ഇടങ്ങളിൽനിന്നും മോഷ്ടിച്ച ടാബ്, മൊബൈൽ ഫോൺ, കാർ സ്റ്റീരിയോ, ടയറുകൾ, ബാറ്ററി, ഇൻവർട്ടർ, സ്റ്റേഷനറി ഫാൻസി ഉൽപ്പന്നങ്ങൾ, എയർ ഹോൺ, ഉരുളി, വിളക്ക്, പാൻ, നാലു പാചകവാതക സിലിൻഡർ, ചെരുപ്പുകൾ, മോഷണത്തിന് ഉപയോഗിക്കുന്ന പണി ആയുധങ്ങൾ, ടേപ് റിക്കോഡർ, 100 ലിറ്റർ ഡീസൽ, മാവേലിൽ സ്റ്റോറുകളിൽ വില്പനയ്‌ക്കുള്ള അഞ്ചോളം പാക്കറ്റുകളിൽ ഉഴുന്നുകളും മറ്റു ഭക്ഷ്യ വസ്തുക്കളും ഉൾപ്പെടുന്നു. മോഷണത്തിന് ഉപയോഗിച്ചുവരുന്ന രണ്ട്‌ കാർ, ഓട്ടോ റിക്ഷ എന്നിവയും കണ്ടെടുത്തു. വാഹനങ്ങൾ ഇയാളുടെ ഭാര്യയുടെ പേരിലാണ്. തൊണ്ടി മുതലുകൾ പാറശാല, മാറനല്ലൂർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top