25 April Thursday

കിരീടം തൊടാൻ നെയ്യാറ്റിന്‍കര

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022

ഷീബാ സ്റ്റീഫൻ (സീനിയർ ഗേൾസ് ലോങ് ജമ്പ് എംവിഎച്ച്എസ്എസ് അരുമാനൂർ)

കഴക്കൂട്ടം 

ട്രാക്കിലും ഫീൽഡിലും ശക്തമായ എതിരാളികൾ ഇല്ലാതായപ്പോൾ റവന്യു ജില്ലാ സ്‌കൂൾ അത്‌ലറ്റിക്‌ മീറ്റിന്റെ രണ്ടാം ദിനംതന്നെ നെയ്യാറ്റിൻകര സബ്‌ജില്ല കിരീടത്തിനടുത്ത്‌. രണ്ടാംദിനം 19 സ്വർണവും ഒമ്പത്‌ വെള്ളിയും 11 വെങ്കലവുമായി 162 പോയിന്റോടെ മെഡൽ പട്ടികയിൽ ഒന്നാമതാണ്‌ നെയ്യാറ്റിൻകര. രണ്ടാംസ്ഥാനത്തുള്ള നെടുമങ്ങാട്‌ ആറു സ്വർണവും ഒമ്പത്‌ വെള്ളിയും മൂന്നു വെങ്കലവും ഉൾപ്പെടെ 60 പോയിന്റാണ്‌ നേടിയത്‌.  നെടുമങ്ങാടിനേക്കാൾ 104 പോയിന്റിനു മുന്നിലാണ്‌ നെയ്യാറ്റിൻകര.
 
ആദ്യദിനം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന തിരുവനന്തപുരം നോർത്ത്‌ മൂന്നാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു. മൂന്നു സ്വർണവും ഏഴു വെള്ളിയും അഞ്ചു വെങ്കലവും ഉൾപ്പെടെ 55 പോയിന്റാണ്‌ നോർത്ത്‌ നേടിയത്‌. വ്യക്തിഗത സ്‌കൂൾ വിഭാഗത്തിൽ നെയ്യാറ്റിൻകര സബ്‌ ജില്ലയിലെ കാഞ്ഞിരംകുളം പികെഎസ്‌എച്ച്‌എസ്‌എസ്‌ ആണ്‌ ഒന്നാമതുള്ളത്‌. ഏഴു സ്വർണവും മൂന്നു വെള്ളിയും ആറു വെങ്കലവും ഉൾപ്പെടെ 50 പോയിന്റാണ്‌ കാഞ്ഞിരംകുളത്തിന്റെ താരങ്ങൾ സ്വന്തമാക്കിയത്‌. നെടുമങ്ങാട്‌ സർക്കാർ ഗേൾസ്‌ ഹൈസ്‌കൂൾ നാലു സ്വർണവും നാലു വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെ 33 പോയിന്റുമായി രണ്ടാമതും അരുമാനൂർ എംവിഎച്ച്‌എസ്‌എസ്‌ നാലു സ്വർണവും രണ്ടു വെള്ളിയും ഉൾപ്പെടെ 28 പോയിന്റുമായി പോയിന്റ്‌ പട്ടികയിൽ മൂന്നാമതുമുണ്ട്‌.
 
സീനിയർ പെൺകുട്ടികളുടെ മൂന്നു കിലോമീറ്റർ നടത്തത്തിൽ നെടുമങ്ങാട്‌ ഗവ. സ്‌കൂളിന്റെ ആധിപത്യമായിരുന്നു. ഈ സ്‌കൂളിലെ എ വി ആരതി 19:16:15 മിനിറ്റിൽ ഫിനിഷ്‌ ചെയ്‌ത്‌ സ്വർണം നേടി.  ജി എസ്‌ വർഷ 20:7:24 മിനിറ്റിൽ നടന്നെത്തി വെള്ളി നേടി. 
 
നെടുമങ്ങാട്‌ സബ്‌ ജില്ലയിലെ ആര്യനാട്‌ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ആർ ബി ആരതിചന്ദ്രൻ (20: 38: 38 സെക്കൻഡ്‌) വെങ്കലം നേടി. ആൺകുട്ടികളുടെ നടത്തമത്സരത്തിലും നെടുമങ്ങാട്‌ സബ്‌ ജില്ലയില താരങ്ങൾ ഒന്നും രണ്ടും സ്ഥാനം സ്വന്തമാക്കി. 
 
ആര്യനാട്‌ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ എസ്‌ അഭിജിത്ത്‌ അഞ്ചു കിലോമീറ്റർ നടത്തത്തിൽ 31:19:2 മിനിറ്റിൽ ഫിനിഷ്‌ ചെയ്‌ത്‌ സ്വർണമണിഞ്ഞു. ഇതേ സ്‌കൂളിലെ  എസ്‌ അക്ഷയ്‌ 32:07:07 മിനിറ്റ്‌ കൊണ്ട്‌ വെള്ളിയും സ്വന്തമാക്കി. കാട്ടാക്കട സബ്‌ ജില്ലയിലെ മൈലയ്‌ക്കൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ഡി അഭിധാനാണ്‌ (32:10:2  മിനിറ്റ്‌) വെങ്കലം. 
മീറ്റിലെ ആവേശകരമായ മത്സരയിനമായ 4X400 മീറ്റർ റിലേയിൽ ജൂനിയർ പെൺകുട്ടികളിൽ നെയ്യാറ്റിൻകര ഒന്നാമതെത്തി. തിരുവനന്തപുരം നോർത്ത്‌ രണ്ടാമതും പാറശാല മൂന്നാമതുമെത്തി. ജൂനിയർ ആൺകുട്ടികളിൽ നെയ്യാറ്റിൻകര സ്വർണം നേടിയപ്പോൾ തിരുവനന്തപുരം സൗത്ത്‌ വെള്ളിയും കിളിമാനൂർ വെങ്കലവും സ്വന്തമാക്കി. മീറ്റിന്‌ ഇന്ന്‌ കൊടിയിറങ്ങും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top