19 April Friday
അജ്ഞാതജീവി വളര്‍ത്തുമൃഗങ്ങളെ കടിച്ചുകൊന്നു

പുലിയോ കാട്ടുപൂച്ചയോ ആശങ്കയിൽ നാട്ടുകാർ

സ്വന്തം ലേഖകൻUpdated: Thursday Sep 22, 2022
കാട്ടാക്കട
അഗസ്‌ത്യവനത്തിന് സമീപത്തെ ജനവാസമേഖലകളിൽ അജ്ഞാതജീവി വളര്‍ത്തുമൃഗങ്ങളെ കടിച്ചുകൊന്നു. ചൊവ്വ രാത്രി കോട്ടൂർ ചമതമൂട് നിസാർ മൗലവിയുടെ വീട്ടിലെ ആടിന്റെ തല കടിച്ചെടുത്ത് കൊണ്ടുപോയി. ബുധൻ രാവിലെയാണ്‌ തലയില്ലാതെ രക്തത്തില്‍ കുളിച്ചുകിടക്കുന്ന ആടിനെ കണ്ടെത്തിയത്‌. ഇതോടെ നാട്ടുകാരാകെ ഭീതിയിലായി. 
കാട്ടുപൂച്ചയെന്ന് വനം വകുപ്പ് പറയുമ്പോഴും ഇത്ര വലിയ ആടിനെപ്പോലും കൊന്നിട്ടതിനാൽ പുലിയാണോ എന്ന സംശയത്തിലാണ്‌ നാട്ടുകാർ. രണ്ടുദിവസംമുമ്പ് സമീപത്തെ കാവടിമൂലയിൽ റോഡരികത്ത് വീട്ടിൽ ഹാജയുടെ വീട്ടിൽ മൂന്ന് കൂടുകളിലെ കുഞ്ഞുങ്ങളടക്കം 29 വിവിധയിനം കോഴികളെയും ആറ് പൂച്ചകളെയും കൊന്നിട്ടിരിന്നു. ഞായറാഴ്ച ചമതമൂട്ടിലെ ചന്ദ്രന്റെ ഗർഭിണിയാടിനെ കടിച്ചുകൊന്ന്‌ വയറിലെ കുഞ്ഞിനെ കൊണ്ടുപോയതായും നാട്ടുകാർ പറയുന്നു. ഒരാഴ്ച മുമ്പ് ശശി എന്നയാളുടെ രണ്ട് ആടുകളെ കൊന്നിട്ട നിലയിൽ കണ്ടെത്തിയിരുന്നു. പല വീടുകളിൽനിന്നും കോഴികളെ കാണാതായിട്ടുമുണ്ട്‌. ഈ സംഭവങ്ങൾ ഉണ്ടായപ്പോഴെല്ലാം വനം വകുപ്പിന്റെ ദ്രുതകർമസേന (ആർആർടി) എത്തി പരിശോധിച്ചിരുന്നു. കാട്ടുപൂച്ചയാണെന്നാണ് അധികൃതര്‍ പറയുന്നത്. വലിയ ആടിനെപ്പോലും ഇവയ്ക്ക് കൊല്ലാനാകുമെന്നും ശരീരം അപ്പാടെ കൊണ്ടുപോകാൻ കഴിയാത്തതിനാലാണ് ഉപേക്ഷിക്കുന്നതെന്നും ഉദ്യോഗസ്ഥർ പറയുന്നു.  
    എന്നാൽ, നാട്ടുകാരുടെ ഭീതിയകറ്റാൻ വനം വകുപ്പ് തയ്യാറാകണമെന്നാണ്‌ ആവശ്യം.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top