27 April Saturday

ശുചിത്വത്തിന് പാഠ്യപദ്ധതിയിൽ പ്രത്യേക പരിഗണന: മന്ത്രി

സ്വന്തം ലേഖകൻUpdated: Wednesday Mar 22, 2023

ആറ്റുകാൽ പൊങ്കാല ഉത്സവത്തിന്റെ ഭാഗമായി പ്രവർത്തിച്ച്‌ ആദരം ഏറ്റുവാങ്ങിയവർ മന്ത്രി വി ശിവൻകുട്ടിക്കൊപ്പം. മേയർ ആര്യ രാജേന്ദ്രൻ സമീപം

തിരുവനന്തപുരം 
ചെറുപ്പത്തിൽത്തന്നെ ശുചിത്വത്തെക്കുറിച്ച്‌  കുട്ടികളെ ബോധവാന്മാരാക്കാൻ പാഠ്യപദ്ധതി പരിഷ്‌കരിക്കുമ്പോൾ പ്രത്യേകം ചർച്ച ചെയ്യുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി. ആറ്റുകാൽ പൊങ്കാലയ്ക്കു പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും കോർപറേഷൻ നേതൃത്വത്തിൽ സംഘടിപ്പിച്ച ആദരിക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 
ശുചിത്വവും അതിദാരിദ്ര്യനിർമാർജനവുമാണ് നമ്മൾ പ്രധാനമായി ഏറ്റെടുക്കേണ്ടത്‌. രാജ്യം ശുചിത്വവിപ്ലവം ഏറ്റെടുക്കണമെന്ന് വളരെ ഗൗരവമായി വാദിച്ച ആളായിരുന്നു മഹാത്മാഗാന്ധി. നമ്മൾ ഉപയോഗിക്കുന്ന ഇടങ്ങൾ നമ്മൾതന്നെ വൃത്തിയാക്കണമെന്ന് ഗാന്ധിജി വ്യക്തമാക്കിയിരുന്നു. വൃത്തിയുള്ള പൊതുവിടങ്ങൾ എന്നത് ഒരു സമൂഹത്തിന്റെ സംസ്കാരമാണ്‌. 
തിരുവനന്തപുരം കോർപറേഷൻ ശുചിത്വ കാര്യത്തിൽ ഏറെ മുന്നിലാണ്.അത് ഇവിടുത്തെ ജീവനക്കാരുടെ കൂടി പ്രവർത്തനങ്ങളുടെ ഫലമാണ്‌. ആറ്റുകാൽ പൊങ്കാലപോലുള്ള ഉത്സവകാലങ്ങളിൽ ആ പ്രവർത്തനത്തിന്റെ മികവ് നാം തിരിച്ചറിഞ്ഞതാണ്. ശുചീകരണ തൊഴിലാളികളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്നും മന്ത്രി പറഞ്ഞു.  
മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷയായി. കലക്ടർ ജെറോമിക് ജോർജ്, സബ് കലക്ടർ അശ്വതി ശ്രീനിവാസ്, ഡെപ്യൂട്ടി മേയർ പി കെ രാജു, പി ജമീലാ ശ്രീധരൻ, എൽ എസ്‌ ആതിര, എസ് സലിം, മേടയിൽ വിക്രമൻ, ജിഷ ജോൺ, തിരുമല അനിൽകുമാർ, പി പത്മകുമാർ, ബിനു ഫ്രാൻസിസ്, ഡോ. ആർ എസ്‌ ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു. വിവിധ മേഖലയിലുള്ള 2000 പ്രവർത്തകർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top