29 March Friday

തലസ്ഥാനത്തെ ബിജെപി തമ്മിലടി കൈമലർത്തി സംസ്ഥാന നേതൃത്വം

വെബ് ഡെസ്‌ക്‌Updated: Friday Jan 22, 2021
തിരുവനന്തപുരം 
തലസ്ഥാനത്ത്‌ ബിജെപിയിൽ രൂക്ഷമായ തമ്മിലടി ദേശീയ നേതൃത്വത്തിന്റെ മുന്നിലേക്ക്‌. വി വി രാജേഷ്‌ ജില്ലാപ്രസിഡന്റായശേഷം ഏകപക്ഷീയമായ നിലപാടുകൾ തുടരുന്നതിനെതിരെ സംസ്ഥാന നേതൃത്വത്തിന്‌ നൽകിയ പരാതിയിൽ നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ്‌ വിഷയം ദേശീയ നേതൃത്വത്തിന്റെ മുന്നിലെത്തിക്കുന്നത്‌. ജില്ലാപ്രസിഡന്റ്‌ സ്ഥാനത്തുനിന്നും നീക്കംചെയ്യപ്പെട്ട സുരേഷിന്റെ മൗനാനുവാദത്തിനൊപ്പം ആർഎസ്‌എസിന്റെ പിന്തുണയും ഈ നീക്കത്തിനുണ്ട്‌. 
തിരുവനന്തപുരം കോർപറേഷനിൽ അധികാരത്തിലെത്തുമെന്ന്‌ സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ ദേശീയ നേതൃത്വത്തിന്‌ ഉറപ്പുനൽകിയിരുന്നു. എന്നാൽ, പത്തിലേറെ സിറ്റിങ്‌ സീറ്റിൽ തോറ്റ ബിജെപിക്ക്‌ കോർപറേഷനിൽ ഒരിഞ്ചുപോലും മുന്നോട്ടുനീങ്ങാനായില്ല. ജില്ലാ നേതൃത്വത്തിന്റെ പിടിപ്പുകേടും ധാർഷ്ട്യവുമാണ്‌ ഇതിന്‌ കാരണമായി മണ്ഡലം കമ്മിറ്റികൾ ചൂണ്ടിക്കാട്ടുന്നത്‌. തമ്മിലടി രൂക്ഷമായിട്ടും കീഴ്‌കമ്മിറ്റികളുടെ പരാതി പരിഹരിക്കാൻ സംസ്ഥാന നേതൃത്വം തയ്യാറായില്ല. ജില്ലാപ്രസിഡന്റും സംസ്ഥാന പ്രസിഡന്റും തമ്മിലുള്ള അഡ്‌ജസ്‌റ്റ്‌മെന്റിന്റെ ഭാഗമായാണ്‌ ഇതെന്നാണ്‌ മറുപക്ഷത്തിന്റെ ആക്ഷേപം. 
ഈ സാഹചര്യത്തിലാണ്‌ കോർപറേഷനിലെ തോൽവിയുടെ കണക്കുകൾ സഹിതം ദേശീയ നേതൃത്വത്തിന്‌ പരാതി നൽകാൻ മണ്ഡലം ഭാരവാഹികൾ ഒരുങ്ങുന്നത്‌. തിരുവനന്തപുരം മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ട ജില്ലാനേതൃത്വത്തിന്റെ നടപടി ഏകപക്ഷീയമാണെന്നും പരാതിയുണ്ട്‌. നിരവധി മണ്ഡലം പ്രസിഡന്റുമാർ രാജിവച്ചു. ഈ നേതൃത്വത്തിനു കീഴിൽ നിയമസഭാ തെരഞ്ഞെടുപ്പിനിറങ്ങാൻ ബുദ്ധിമുട്ടാണെന്ന നിലപാട്‌ പ്രവർത്തകർ അറിയിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top