25 April Thursday
കടലിൽനിന്ന് മൃതദേഹം കിട്ടിയ സംഭവം

കൊലപാതകമെന്ന് സംശയം

സ്വന്തം ലേഖകൻUpdated: Monday Nov 21, 2022
കോവളം
കടലിൽനിന്ന് പഴകിയ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. കഴുത്തിൽ കണ്ട മുറിവ് മരണകാരണമായെന്ന നിഗമനത്തിൽ പൂവാർ തീരദേശ പൊലീസ് അന്വേഷണമാരംഭിച്ചു. ജീർണിച്ചതിനാൽ മൃതദേഹം തിരിച്ചറിയാൻ  കഴിയാത്തതും പൊലീസിനെ വലയ്ക്കുന്നു. 
കേരളത്തിലെയും തമിഴ്നാട്ടിലെയും പൊലീസ് സ്റ്റേഷനുകളിൽ വിവരമറിയിച്ചിട്ടും അന്വേഷിച്ചെത്തിയത് രണ്ടുപേർ മാത്രം. ഇവരും തിരിച്ചറിഞ്ഞില്ല. കഴിഞ്ഞ ആറിന് പൂവാർ തീരത്ത് നിന്ന് 20 കിലോമീറ്റർ അകലെ ഉൾക്കടലിൽ മത്സ്യത്തൊഴിലാളികളാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. 
പൂവാർ തീരദേശ പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ്മോർട്ടത്തിന് ശേഷം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. അടിവസ്ത്രവും ബനിയനുമാണ് വേഷം. 40 വയസ്സ്‌ തോന്നിക്കുന്ന മൃതദേഹത്തിന്‌ രണ്ടാഴ്‌ചത്തെ പഴക്കമുണ്ട്‌. കഴിഞ്ഞ ദിവസമാണ് മരണത്തിൽ ദുരൂഹതയുള്ള വിവരം അധികൃതർ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയത്. തുമ്പ, പിറവം എന്നിവിടങ്ങളിൽ നിന്നാണ്‌ രണ്ടു കൂട്ടർ അന്വേഷിച്ചെത്തിയത്‌. 
വിരലടയാളം, ഡിഎൻഎ–-ആന്തരികാവയവം എന്നിവയുടെ ഫലം വരുന്നതോടെ അന്വേഷണം കൂടുതൽ ഊർജിതമാക്കുമെന്ന് തീരദേശ സ്റ്റേഷൻ സി ഐ എൻ ബിജു പറഞ്ഞു. ദുരൂഹത നിറഞ്ഞ തരത്തിലുള്ള മൃതദേഹം ഉൾക്കടലിൽ എങ്ങനെ എത്തിയെന്നതും പൊലീസിനെ വലയ്ക്കുന്നു. സംസ്ഥാന അതിർത്തികളിൽ നിന്ന് ഒഴുകിയെത്തിയതാകാമെന്നാണ് അധികൃതർ കരുതുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top