18 December Thursday

സ്‌കൂട്ടിയിൽ തട്ടിയ ബസിനടിയിൽപ്പെട്ട്‌ 
10 വയസ്സുകാരൻ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 21, 2023

 വർക്കല

ഉമ്മയോടൊപ്പം സ്കൂട്ടിയിൽ സഞ്ചരിച്ച 10 വയസ്സുകാരൻ സ്വകാര്യ ബസിടിച്ച് മരിച്ചു. കല്ലമ്പലം പുതുശ്ശേരിമുക്ക് കരിക്കകത്തിൽ പണയിൽ വീട്ടിൽ മുഹമ്മദ് ഷായുടെയും താഹിറയുടെയും മകൻ മുഹമ്മദ് ഫർഹാൻ (10) ആണ് മരിച്ചത്. നഗരൂർ കീഴ്പേരൂർ പാറക്കുന്നിലാണ് ഇവർ താമസം.
ബുധൻ വൈകിട്ട് 4.15ന് വർക്കല ആയുർവേദ ആശുപത്രിക്ക് മുന്നിലാണ്‌ അപകടം. വർക്കല ഭാഗത്തേക്ക്‌ അമിതവേഗത്തിലെത്തിയ ഗോകുലം എന്ന സ്വകാര്യബസ് ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടിയെ മറികടക്കുന്നതിനിടെയാണ് അപകടം. ബസ്‌ സ്കൂട്ടിയിൽ ഇടിക്കുകയും താഹിറയും സ്കൂട്ടിയും റോഡിന്റെ ഇടതുവശത്തേക്കും ഫർഹാൻ ബസിനടിയിലേക്കും വീഴുകയായിരുന്നു.  ഇരുവരും ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിലും ഇടിയുടെ ആഘാതത്തിൽ ഹെൽമെറ്റ് തെറിച്ചുപോവുകയും തലയിലൂടെ ബസ്‌ കയറി ഇറങ്ങുകയുമായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഫർഹാനെ ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും  രക്ഷിക്കാനായില്ല. താഹിറയ്ക്കും പരിക്കുണ്ട്‌. അപകടം നടന്നയുടൻ ബസ് ഉപേക്ഷിച്ച് ഇറങ്ങിയോടിയ ജീവനക്കാർക്കായി തിരച്ചിൽ നടത്തുന്നതായി വർക്കല പൊലീസ് അറിയിച്ചു. ഫർഹാന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. കല്ലമ്പലം തലവിള പേരൂർ എംഎംയുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരങ്ങൾ: ഹാദിയാമറിയം, മുഹമ്മദ് ഹനാൻ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top