തിരുവനന്തപുരം
രവിവർമയുടെയും സമകാലികരുടെയും അമൂല്യ സൃഷ്‌ടികൾ ഇനി പുതിയ ആർട്ട് ഗ്യാലറിയിൽ. മ്യൂസിയത്തിലെ ശ്രീചിത്ര ആർട്ട് ഗ്യാലറിയോട് ചേർന്ന് പുതുതായി നിർമിച്ച രാജാരവിവർമ ആർട്ട് ഗ്യാലറി 25ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. മൃഗശാലയുടെ പ്രധാന കവാടത്തിന്റെ മുന്നിലായാണ് ആർട്ട് ഗ്യാലറി. പഴയ ഗ്യാലറിയിൽ സ്ഥല പരിമിതിമൂലം പ്രദർശിപ്പിക്കാനാകാത്ത നിരവധി ചിത്രങ്ങളുമായാണ് പുതിയത് ഒരുങ്ങുന്നത്.
ശകുന്തളയും ഹംസദമയന്തിയുമടക്കം രാജാരവിവർമയുടെ 43 യഥാർഥ ചിത്രവും പെൻസിൽ സ്കെച്ചുകളുമാണുണ്ടാവുക. രാജാരവിവർമ ചിത്രങ്ങൾക്ക് പുറമേ സഹോദരി മംഗളാഭായി ഉൾപ്പെടെയുള്ള പ്രധാന സമകാലികരുടെ ചിത്രങ്ങളും രണ്ടു നിലയിലായി സജ്ജമാക്കിയ ഗ്യാലറിയിൽ പ്രദർശിപ്പിക്കും.
നിലവിലെ എണ്ണച്ചായം, അക്രലിക്ക് ചിത്രങ്ങൾക്ക് പുറമേ കൺസർവേഷൻ ലാബിലെ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി നവീകരിച്ച ചിത്രങ്ങളും റഷ്യൻ, ബാലി, ടിബറ്റിൻ, ബംഗാൾ, തഞ്ചാവൂർ, രാജസ്ഥാൻ എന്നിവിടങ്ങളിലെ ചിത്രങ്ങളും പ്രദർശനത്തിനുണ്ടാകും.
സർക്കാരിന്റെ നൂറുദിനകർമപരിപാടികളിൽ ഉൾപ്പെടുത്തി 11,000 ചതുരശ്ര അടി വലുപ്പത്തിലാണ് 7.90 കോടി രൂപ വിനിയോഗിച്ച് ആർട്ട് ഗ്യാലറി നിർമിച്ചത്. അന്താരാഷ്‌ട്ര നിലവാരത്തിൽ പാരമ്പര്യഘടനയോട് ചേർന്ന രീതിയിലാണ് കെട്ടിടത്തിന്റെ രൂപകൽപ്പന. രണ്ട് എക്‌സിബിഷൻ ഹാളും ലൈബ്രറിയും ശാസ്‌ത്രീയമായി പെയിന്റിങ്ങുകൾ സംരക്ഷിക്കാൻ സംവിധാനമുള്ള കൺസർവേഷൻ ലാബും കെട്ടിടത്തിലുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..