18 December Thursday
പാരിപ്പള്ളി കൊലപാതകം

കുട്ടികള്‍ കര്‍ണാടകത്തിലേക്ക് പോകും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 20, 2023

അക്ഷയ കേന്ദ്രത്തിൽ ഭർത്താവ് തീകൊളുത്തി കൊലപ്പെടുത്തിയ നാദിറ താമസിച്ചിരുന്ന വീട്ടിൽ 
വി ജോയി എംഎൽഎ എത്തി ബന്ധുക്കളെ ആശ്വസിപ്പിക്കുന്നു

കിളിമാനൂർ
പാരിപ്പള്ളി അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരി നാദിറയെ ഭർത്താവ് റഹിം തീകൊളുത്തി കൊല്ലുകയും തുടർന്ന് ഇയാൾ സ്വയം കഴുത്തറുത്ത് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയും ചെയ്ത സംഭവത്തിൽ അനാഥരായ ഇവരുടെ മക്കള്‍ അമ്മയുടെ നാടായ കര്‍ണാടകത്തിലേക്ക് പോകും. കടമ്പാട്ടുകോണം എസ്‌കെവിഎച്ച്എസിലെ 10–-ാം ക്ലാസ് വിദ്യാർഥിനിയായ റഹിയ, ഒമ്പതാംക്ലാസ് വിദ്യാർഥി റൈഹാൻഷാ എന്നിവരെയാണ് നാദിറയുടെ ബന്ധുക്കള്‍ കര്‍ണാകത്തിലേക്ക് കൊണ്ടുപോകുക. 
നാദിറയുടെ സംസ്കാരത്തിന് ഉമ്മയോടൊപ്പം എത്തിയ ബന്ധുക്കളാണ് കുട്ടികളെ കർണാടകത്തിലേക്ക് കൊണ്ടുപോകുന്നതിന് താൽപ്പര്യം പ്രകടിപ്പിച്ചത്. ഇതേ തുടര്‍ന്ന്, നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങളായ എസ് അരുൺ കുമാർ, ജി എസ് സീമ, എസ് റീന, ഐസിഡിഎസ് സൂപ്പർവൈസർ മറിയ എം ബേബി, യു കെ അഞ്ജന, പഞ്ചായത്ത്  ജീവനക്കാർ തുടങ്ങിയവർ കുട്ടികളുമായി സംസാരിച്ചു. കുട്ടികൾ കർണാടകത്തിലേക്ക് പോകുന്നതിന് താൽപ്പര്യം അറിയിക്കുകയും ചെയ്ത സാഹചര്യത്തില്‍ വി ജോയി എംഎൽഎയുടെ ഇടപെടലില്‍ ബന്ധുക്കള്‍ കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുമ്പിൽ ഹാജരാക്കുകയും   വിടുതൽ ചെയ്യുന്നതിന് അനുമതി നല്‍കുകയും ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top