29 March Friday
കൂടത്തിൽ കേസ്‌

കുറ്റപത്രം ഉടൻ; കാര്യസ്ഥൻ മുഖ്യപ്രതിയാകും

സ്വന്തം ലേഖകൻUpdated: Sunday Sep 20, 2020
തിരുവനന്തപുരം
കരമന കാലടിയിലെ കൂടത്തിൽ തറവാട്ടിൽ വിവിധ കാലയളവിൽ ഏഴുപേർ മരിച്ച കേസിന്റെ ചുരുളുകൾ  അഴിച്ച്‌ ക്രൈംബ്രാഞ്ച്‌. കേസിൽ നിർണായക തെളിവുകൾ ലഭിച്ച അന്വേഷണ സംഘം കാര്യസ്ഥൻ രവീന്ദ്രൻ നായരെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്‌.
ഏഴുപേരുടെയും മരണം കൊലപാതകമാണെന്നും കുടുംബത്തിന്റെ കോടിക്കണക്കിന്‌ രൂപയുടെ സ്വത്ത്‌ കാര്യസ്ഥൻ ഉൾപ്പെടെയുള്ളവർ കൈക്കലാക്കിയെന്നുമാണ്‌ കേസ്‌. തറവാട്ടിൽ അവസാനം മരിച്ചത്‌ ജയമാധവൻ നായർ എന്നയാളാണ്‌‌. ഇദ്ദേഹം മരണത്തിന്‌ മുമ്പ്‌  സ്വത്തുക്കൾ തനിക്ക്‌ കൈമാറികൊണ്ടുള്ള വിൽപ്പത്രം  തയ്യാറാക്കിയെന്ന്‌ കാര്യസ്ഥൻ രവീന്ദ്രൻ നായർ പ്രചരിപ്പിച്ചിരുന്നു.
മരണത്തിലും  വിൽപ്പത്രത്തിലും  സംശയങ്ങൾ ഉയർന്നിരുന്നു. വിൽപ്പത്രം വ്യാജമാണെന്ന്‌ അന്വേഷണത്തിൽ തെളിഞ്ഞു. കാര്യസ്ഥന്റെ നേതൃത്വത്തിലാണ്‌  ജയമാധവൻ നായരുടെ പേരിൽ വ്യാജവിൽപ്പത്രം തയ്യാറാക്കിയതെന്നും കണ്ടെത്തി.  കേസിൽ മുൻ കലക്ടർ മോഹൻ കുമാർ ഉൾപ്പെടെയുള്ളവർക്ക്‌ എതിരെയും പ്രധാന വിവരങ്ങൾ ലഭിച്ചിട്ടുണ്ട്‌.
കൂടത്തിൽ തറവാട്ടിൽ അവസാനം മരിച്ച ജയമാധവൻ നായരുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണവും അവസാന ഘട്ടത്തിലാണ്‌.  നവംബറോടെ കുറ്റപത്രം സമർപ്പിക്കാൻ കഴിയുമെന്ന്‌ പ്രതീക്ഷിക്കുന്നതായി അന്വേഷക സംഘം വ്യക്തമാക്കി. 
കൂടത്തിൽ കുടുംബാംഗമായിരുന്ന പ്രസന്നകുമാരി, പൊതു പ്രവർത്തകൻ അനിൽ എന്നിവർ‌ ക്രൈംബ്രാഞ്ച്‌ അന്വേഷണം അഭ്യർഥിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചതോടെയാണ്‌ കേസിന്‌ വഴിത്തിരിവുണ്ടാകുന്നത്‌.
 ‘കൂടത്തായി’ മോഡൽ? 
കൂടത്തിൽ കുടുംബനാഥൻ ഗോപിനാഥൻ നായർ, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണൻ, ജയപ്രകാശ്, ഗോപിനാഥൻ നായരുടെ സഹോദരൻ വേലുപ്പിള്ളയുടെ മകൻ ഉണ്ണികൃഷ്ണൻ നായർ, ഗോപിനാഥൻ നായരുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകൻ ജയമാധവൻ എന്നി‌വരുടെ മരണമാണ്‌ അന്വേഷണവിധേയമായത്‌. 
2003 ൽ ആയിരുന്നു മരണം.  2012ൽ ജയപ്രകാശിനെ അർധരാത്രി കട്ടിലിൽനിന്ന്‌ താഴെ വീണ്‌ മരിച്ചനിലയിലാണ്‌ കണ്ടെത്തിയത്‌. 2017ൽ ജയപ്രകാശിന്റെ അമ്മാവന്റെ മകൻ ജയമാധവനെ തടിക്കഷ്‌ണം തലയിൽ വീണ്‌ മരിച്ച നിലയിൽ കണ്ടെത്തി. ഈ രണ്ട്‌ മരണങ്ങളാണ്‌ നാട്ടുകാർക്കും ബന്ധുക്കൾക്കും സംശയം ജനിപ്പിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top