28 March Thursday

സരിതയ്ക്ക് നാടിന്റെ യാത്രാമൊഴി

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022

കോവിഡ് ബാധിച്ച് മരിച്ച വർക്കല താലൂക്ക് ആശുപത്രിയിലെ നഴ്സിങ്‌ ഓഫീസർ പി എസ് സരിതയുടെ മൃതദേഹത്തിൽ വർക്കല നഗരസഭാ ചെയർമാൻ 
കെ എം ലാജി അന്ത്യോപചാരമർപ്പിക്കുന്നു. വി ജോയി എംഎൽഎ സമീപം

വർക്കല 
കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവർത്തക പുത്തൻചന്ത വില്വമംഗലം വീട്ടിൽ  പി എസ് സരിതയ്ക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. വർക്കല താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് വൺ നഴ്സിങ്‌ ഓഫീസറായിരുന്ന സരിത(45) ചൊവ്വാഴ്ചയാണ്‌ കോവിഡിനിരയായത്‌.  താലൂക്ക് ആശുപത്രിയിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ വി ജോയി എംഎൽഎ, വർക്കല നഗരസഭ ചെയർമാൻ കെഎം ലാജി, ആരോഗ്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ നിതിൻ നായർ, ഡിഎംഒ ഡോ.ജോസ്‌ ഡിക്രൂസ്‌, ഡെപ്യൂട്ടി ഡിഎംഒ ഡോ. സുകേഷ്‌, ആശുപത്രി സൂപ്രണ്ട് ബിജു നെൽസൺ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ അന്ത്യോപചാർമർപ്പിച്ചു. 
 
 വിലാപയാത്രയായി വീട്ടിലെത്തിച്ച മൃതദേഹം കണ്ട് വാവിട്ട് നിലവിളിച്ച മക്കളായ അർധനയുടെയും അനന്തകൃഷ്ണന്റെയും കാഴ്‌ചയിൽ നാട്ടുകാരും  ഈറനണിഞ്ഞു. ഏവരുടെയും സ്നേഹവാത്സല്യങ്ങൾ ഏറ്റുവാങ്ങിയ വ്യക്തിത്വത്തിനുടമയായിരുന്ന സരിത ജോലി നിർവഹണത്തിലും കൃത്യത പുലർത്തി. കുണ്ടറ സ്വദേശിനിയായ സരിത 2004ൽ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലാണ് ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നത്. 2013 ൽ വർക്കല താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലംമാറ്റം ലഭിച്ചു.  മൂന്ന് വർഷത്തിനുശേഷം മണമ്പൂർ സിഎച്ച്സിയിലേക്ക്.  രണ്ട് വർഷം ഇവിടെ പ്രവർത്തിച്ച ശേഷമാണ്‌   വർക്കല താലൂക്ക് ആശുപത്രിയിൽ മടങ്ങി എത്തിയത്‌. തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദേശപ്രകാരം ഡെപ്യൂട്ടേഷനിൽ കല്ലറ സിഎഫ്എൽടിസിയിൽ ജോലി നോക്കിവരികയായിരുന്നു. ഇതിനിടയിൽ 17ന് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ തൊണ്ടവേദനും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്‌. കാര്യമായ ബുദ്ധിമുട്ടുകളില്ലാത്തതിനെ തുടർന്ന് വീട്ടിൽ കഴിയുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെയോടെ മരിച്ചു.  യേശുമണിയാണ്‌ ഭർത്താവ്‌. ബുധനാഴ്ച ഉച്ചയോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top