19 April Friday

നേപ്പാൾ നിരത്തിലേക്ക് "നീം ജി'

സ്വന്തം ലേഖകൻUpdated: Monday Oct 19, 2020
തിരുവനന്തപുരം
നേപ്പാളിലെ നിരത്തുകളിലൂടെ പായാൻ കേരളത്തിന്റെ സ്വന്തം ഇലക്ട്രിക്‌ ഓട്ടോ ‘നീം ജി’യും. സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് (കെഎഎൽ) നിർമിച്ച  25 ഓട്ടോ‌ ആദ്യ ഘട്ടം നേപ്പാളിലേക്ക്‌ കയറ്റിയയക്കും‌. പുതിയ വിതരണ ഏജന്റ് വഴി വർഷം 500 ഇ -ഓട്ടോ നേപ്പാളിൽ വിറ്റഴിയുമെന്നാണ്‌ കണക്കാക്കുന്നത്‌. 
 
എൽ5 വിഭാഗത്തിൽപ്പെട്ട 25 ഇ- ഓട്ടോകളുമായുള്ള വാഹനം അടുത്ത ദിവസം പുറപ്പെടും. റോഡ് മാർഗം 10 ദിവസംകൊണ്ട്‌ നേപ്പാളിലെത്തും. നവംബർ പകുതിയോടെ നിരത്തിലിറങ്ങും. ഒറ്റ ചാർജിൽ 80 മുതൽ 90 കിലോമീറ്റർ വരെ സഞ്ചരിക്കാൻ നീം ജിക്കു കഴിയും. 
കോവിഡ് വ്യാപനം പരിഗണിച്ച് സുരക്ഷ ഉറപ്പാക്കാൻ ഡ്രൈവറെയും യാത്രക്കാരെയും തമ്മിൽ വേർതിരിക്കാനുള്ള സംവിധാനമടക്കം ഓട്ടോയിൽ ഒരുക്കിയിട്ടുണ്ട്. നേപ്പാളിന് പുറമെ ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ അയൽ രാജ്യങ്ങളുമായി ചർച്ച പുരോഗമിക്കുകയാണ്. 
സംസ്ഥാനത്തെ വിവിധ ഡീലർമാർക്കു പുറമെ, തമിഴ്നാട്, കർണാടക, രാജസ്ഥാൻ, ആന്ധ്ര, പഞ്ചാബ്, ഹരിയാന, ഡൽഹി, ഉത്തർ പ്രദേശ് എന്നിവിടങ്ങളിലും നീം ജി വിതരണത്തിന്‌ ഏജൻസികൾ മുന്നോട്ടുവരുന്നുണ്ട്‌. കഴിഞ്ഞ വർഷം ജൂണിലാണ് കെഎഎല്ലിന് ഇ- ഓട്ടോ നിർമിക്കാൻ കേന്ദ്രാനുമതി ലഭിച്ചത്. 
 
രാജ്യത്ത്‌ ആദ്യമായിട്ടായിരുന്നു ഒരു പൊതുമേഖലാ സ്ഥാപനത്തിന് ഇ ഓട്ടോ നിർമാണത്തിന്‌ അനുമതി ലഭിച്ചത്‌. 
ജൂലൈയിൽ നിർമാണം ആരംഭിച്ചു. സംസ്ഥാനത്ത്‌ ഇതിനകം നൂറുകണക്കിന്‌ ഓട്ടോകൾ വിറ്റു‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top