30 May Tuesday

അനന്തപുരിയെ
കേട്ട്‌ ജനനായകർ

സ്വന്തം ലേഖകൻUpdated: Sunday Mar 19, 2023

തലസ്ഥാനത്തെ പ്രമുഖ വ്യക്തിത്വങ്ങളുമായി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സംവദിക്കുന്നു

 
തിരുവനന്തപുരം
തലസ്ഥാന നഗരിയിലെ വിവിധ മേഖലയിലെ പ്രമുഖരുമായി സംവദിച്ച്‌ ജനകീയ പ്രതിരോധ ജാഥാ ക്യാപ്‌റ്റനും അംഗങ്ങളും. പ്രതിനിധാനം ചെയ്യുന്ന മേഖലയിലെ പ്രശ്‌നങ്ങളും തലസ്ഥാനത്ത്‌ വരുത്തേണ്ട മാറ്റങ്ങളും അവർ ജനനേതാക്കൾക്ക്‌ മുന്നിൽ അവതരിപ്പിച്ചു. വിഷയങ്ങളിൽ പരിഹാരമുണ്ടാകുമെന്ന ഉറപ്പുമായാണ്‌ മാസ്കറ്റ്‌ ഹോട്ടലിൽനിന്ന്‌ അവർ മടങ്ങിയത്‌.
ഓർത്തഡോക്‌സ്‌ സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസാണ്‌ ചർച്ചയ്‌ക്ക്‌ തുടക്കമിട്ടത്‌. അതിദാരിദ്ര്യം തിരിച്ചറിഞ്ഞ്‌ അഭിസംബോധന ചെയ്യാൻ തയ്യാറായ  സർക്കാർ തുടക്കമിട്ടത്‌ മികച്ച ഉദ്യമത്തിനാണെന്ന്‌ അദ്ദേഹം പറഞ്ഞു. 
എല്ലാവർക്കും ഭൂമി നൽകുമെന്നും ജീവിതനിലവാരം ലോക നിരവാരത്തിലേക്ക്‌ ഉയർത്തുമെന്നുമുള്ള ജാഥാ ക്യാപ്‌റ്റന്റെ വാക്കുകൾ  വിശ്വാസത്തിലെടുക്കുകയാണെന്നും അതിനായുള്ള പരിശ്രമത്തിൽ  കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 
വർഗീയത പ്രതിരോധിക്കാനായി ഒരു കൂട്ടായ്‌മയുണ്ടാകണമെന്നും മതേതര മനസ്സുള്ളവർ അതിനൊപ്പമുണ്ടാകുമെന്നും ശിവഗിരി മഠം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.
ആദ്യമായി തുടർഭരണമുണ്ടായപ്പോൾ ചില ഭാഗങ്ങളിൽനിന്ന്‌ എതിർപ്പുണ്ടാകുന്നത്‌ സ്വാഭാവികമാണെന്നും സമൂഹമാധ്യമങ്ങളിലെ എതിർപ്പ്‌ ചായക്കോപ്പയിലെ കൊടുങ്കാറ്റാണെന്നും അതിനെ ഭയന്നിട്ട്‌ കാര്യമില്ലെന്നുമായിരുന്നു ശ്രീകുമാരൻ തമ്പിക്ക്‌ പറയാനുണ്ടായിരുന്നത്‌. 
മാലിന്യ പ്രശ്‌നത്തിന്‌ ശാശ്വത പരിഹാരം കാണാനുള്ള നല്ല മാതൃകകൾ കേരളത്തിലുണ്ടെന്നും അത്‌ എല്ലായിടത്തേക്കും വ്യാപിപ്പിക്കണമെന്നുമായിരുന്നു കിംസ്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്ടർ ഇ എം നജീബിന്റെ നിർദേശം.
  മലയോരമേഖലയിലെ കർഷകർ നേരിടുന്ന പ്രശ്‌നങ്ങളും പരിഹാര നിർദേശങ്ങളും വന്യമൃഗശല്യം പരിഹരിക്കാനാവശ്യമായ നടപടി വേണം, സാംസ്കാരികരംഗത്ത്‌ വരുത്തേണ്ട മാറ്റങ്ങൾ, നാടക വിദ്യാഭ്യാസം സിലബസിന്റെ ഭാഗമാക്കുക, തലസ്ഥാന നഗരിയുടെ വികസനത്തിനാവശ്യമായ സുസ്ഥിര പരിപാടികൾ ആവിഷ്‌കരിക്കുക തുടങ്ങി നിരവധി വിഷയങ്ങൾ ഉന്നയിച്ചു. 
വിവിധ മേഖലകളെ പ്രതിനിധാനംചെയ്‌ത്‌ ഷാജി എൻ കരുൺ, പി ശ്രീകുമാർ, പ്രൊഫ. അലിയാർ, ഡോ. പി കെ രാജശേഖരൻ, കെ പി കുമാരൻ, സ്വാമി സന്ദീപാനന്ദഗിരി, ഡോ.ഫെെസൽ ഖാൻ, മധുപാൽ, ശങ്കർരാമകൃഷ്ണൻ, ഭാഗ്യലക്ഷ്‌മി, നേമം പുഷ്‌പരാജ്‌, ജാസി ഗിഫ്‌റ്റ്‌, ഡോ. ജി എസ്‌ പ്രദീപ്‌, സുധീർ കരമന, വോളിബോൾ താരം അശ്വിനി നായർ തുടങ്ങി നൂറിലധികമാളുകൾ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top