29 March Friday

അലകടലായി

എം വി പ്രദീപ്‌Updated: Sunday Mar 19, 2023

ജനകീയ പ്രതിരോധജാഥയ്ക്ക് നെയ്യാറ്റിൻകരയിൽ നൽകിയ സ്വീകരണം

 
തിരുവനന്തപുരം 
‘അലകടലാകുക നമ്മൾ,
ഇന്നു കൊടുങ്കാറ്റാകുക നമ്മൾ
മുഷ്ടിചുരുട്ടി പർവത നിരപോൽ
ഉയർന്നു നിൽക്കുക നമ്മൾ’ – പാറശാല മണ്ഡലത്തിലെ കുന്നത്തുകാലിൽ ജനകീയ പ്രതിരോധ ജാഥയെ സ്വീകരിക്കാൻ ഒഴുകിയെത്തുമ്പോൾ പതിനായിരങ്ങളുടെ ചുണ്ടിൽ മുഴങ്ങിയഗാനം ഇതായിരുന്നു. കൂലി പണമായി തരണമെന്നാവശ്യപ്പെട്ട്‌ നടത്തിയ ഐതിഹാസികമായ കർഷകത്തൊഴിലാളി സമര ഭൂമികകൂടിയായ വള്ളിച്ചിറയും കൂടുതൽ കൂലിക്കായി പോരാട്ടം നടന്ന കാണിപ്പറ്റും മിച്ചഭൂമി സമരകേന്ദ്രമായിരുന്ന കാരക്കോണം എന്നിവയുൾപ്പെടുന്ന അതിർത്തി മലയോരത്തെ കർഷകരും തൊഴിലാളികളും ഉൾപ്പെടെ സമൂഹമാകെ പാറശാല മണ്ഡലത്തിലെ സ്വീകരണ കേന്ദ്രത്തിലേക്ക്‌ ഒഴുകിയെത്തി.
സിപിഐ എം  മണ്ഡലം സെക്രട്ടറി ഡി കെ ശശി അധ്യക്ഷനായി. പാറശാല ഏരിയ സെക്രട്ടറി എസ്‌ അജയകുമാർ സ്വാഗതം പറഞ്ഞു. ജാഥാംഗങ്ങളായ സി എസ്‌ സുജാത, എം സ്വരാജ്‌, പി കെ ബിജു എന്നിവർ സംസാരിച്ചു. 
തൂലിക നേരിന്റെ പടവാളാക്കിയ പത്രപ്രവർത്തകൻ സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ളയുടെ ജന്മനാടായ നെയ്യാറ്റിൻകരയിലേക്ക്‌ ജാഥയെത്തുമ്പോഴേക്കും കത്തുന്ന ചൂട്‌ കൂസാതെ പതിനായിരങ്ങൾ കാത്തുനിന്നു. ക്യാപ്‌റ്റൻ എം വി ഗോവിന്ദൻ സംസാരിച്ചു തുടങ്ങിയതോടെ മഹാസമ്മേളനം ഒരു പഠനക്ലാസായി മാറി. ‘‘കേരള മോഡൽ എന്ന്‌ ആദ്യം പറഞ്ഞതാര്‌’’. ഉടൻവന്നു ഉത്തരം:–- ‘‘അമർത്യ സെൻ’’.
ശരിയുത്തരം നൽകിയയാളിന്റെ പേര്‌ ചോദിച്ച്‌ അഭിനന്ദിച്ചശേഷം അദ്ദേഹം അടുത്തചോദ്യത്തിലേക്ക്‌ കടന്നു. നിരവധി ചോദ്യങ്ങളിലൂടെ അദ്ദേഹം ശരിയുടെ രാഷ്ട്രീയം സാധാരക്കാർക്ക്‌ പകർന്നു നൽകി.
നെയ്യാറ്റിൻകരയിൽ കെ ആൻസലൻ എംഎൽഎ അധ്യക്ഷനായി. ജാഥാംഗങ്ങളായ സി എസ്‌ സുജാത, കെ ടി ജലീൽ, ജെയ്‌ക്‌ സി തോമസ്‌ എന്നിവർ സംസാരിച്ചു.  ടി ശ്രീകുമാർ സ്വാഗതം പറഞ്ഞു.  വിഎസ്‌ഡിപി സംസ്ഥാന സെക്രട്ടറി പദവി  രാജിവച്ച്‌ സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാനെ ത്തിയ  എം വി മോഹനൻ നാടാർ ജാഥാ ക്യാപ്‌റ്റനെ ഷാൾ അണിയിച്ചു. 
ഉച്ചവെയിലിന്റെ കാഠിന്യംകുറഞ്ഞപ്പോൾ ജാഥ കോവളം മണ്ഡലത്തിലെ കാഞ്ഞിരംകുളത്തെ സ്വീകരണകേന്ദ്രത്തിലെത്തി. ഒരുകാലത്ത്‌ കമ്യൂണിസ്‌റ്റുകാർക്ക്‌ കടന്നുചെല്ലാൻ കഴിയാതിരുന്ന കാഞ്ഞിരംകുളത്തെ ചുവപ്പിച്ചാണ്‌ ജനം വരവേറ്റത്‌. കടലോര ജനതയാകെ ജാഥാക്യാപ്‌റ്റനെ വരവേൽക്കാനെത്തി. കടലും കരയും മൂലധന ശക്തികൾക്ക്‌ അടിയറ വയ്ക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ സന്ധിയില്ലാ പോരാട്ടം തുടരുന്ന സിപിഐ എമ്മിന്റെ നായകനെ വാഹനത്തിൽ പ്രത്യേകം സജ്ജമാക്കിയ പായ്‌ക്കപ്പലിലാണ്‌ ആനയിച്ചത്‌.  കോട്ടപ്പുറത്തെ മത്സ്യത്തൊഴിലാളികൾ ക്യാപ്‌റ്റന്‌ ചൂരമത്സ്യം സമ്മാനിച്ചു.  ഏരിയ സെക്രട്ടറി പി എസ് ഹരികുമാർ അധ്യക്ഷനായി.  ജാഥാ മാനേജർ  പി കെ ബിജു, ജാഥാ അംഗം ജെയ്ക് സി തോമസ് എന്നിവർ സംസാരിച്ചു.  പാറക്കുഴി സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. 
പുത്തരിക്കണ്ടത്തെ സമാപന സമ്മേളന നഗരിയിലേക്ക്‌ പുറപ്പെട്ട ജാഥയെ നഗരത്തിൽ ജനലക്ഷങ്ങൾ വരവേറ്റു. സ്വീകരണ കേന്ദ്രങ്ങളിൽ രക്തസാക്ഷി കുടുംബാംഗങ്ങൾ ക്യാപ്‌റ്റനെ ഷാളണിയിച്ച്‌ ആദരിച്ചു. വിവിധ കേന്ദ്രങ്ങളിൽ സെക്രട്ടറിയറ്റ്‌ അംഗം ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടറി വി ജോയി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, ടി എൻ സീമ, എ എ റഹിം എംപി തുടങ്ങിയവരും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top