26 April Friday

മെഡിക്കൽ കോളേജിൽ വാക്സിനേഷൻ ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 19, 2021

മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ആരോഗ്യപ്രവർത്തകർക്ക്‌ ആദ്യഘട്ട വാക്സിൻ നൽകുന്നു

തിരുവനന്തപുരം
മെഡിക്കൽ കോളേജിലെ വാക്സിനേഷൻ കേന്ദ്രത്തിൽ വാക്‌സിനേഷനാരംഭിച്ചു. 57 ആരോഗ്യ പ്രവർത്തകരാണ്‌ ആദ്യ ദിനം വാക്സിൻ സ്വീകരിച്ചത്. നൂറു പേർക്കാണ് ഒരു ദിവസം വാക്സിൻ നൽകുന്നതെങ്കിലും സ്ഥലത്തില്ലാവരും ഗർഭിണികളും മുലയൂട്ടുന്നവരുമൊക്കെയായി 43 പേർക്ക് എത്താൻ കഴിഞ്ഞില്ല. 
 
ഇവർക്ക് മറ്റൊരു ദിവസം അവസരമൊരുക്കും. വാക്സിനേഷൻ കേന്ദ്രത്തിൽ രാവിലെ ഒമ്പതിന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സാറ വർഗീസ് ഉദ്ഘാടനം ചെയ്തു.  എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ. എ സന്തോഷ് കുമാറാണ് ആദ്യം വാക്സിൻ സ്വീകരിച്ചത്. 
 
അഞ്ചുമുറികളിലും ഒരു ഹാളിലുമായാണ് വാക്സിനേഷൻ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയത്. വാക്‌സിൻ കുത്തിവയ്‌പ്പിനായി ആറു സ്റ്റാഫ് നേഴ്സ്, രണ്ട് ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഉൾപ്പെടെ എട്ടു പേർ വീതമുള്ള അഞ്ച്‌ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ നേരിടുന്നതിന് ഡിഫിബ്രിലേറ്റർ, ആംബുലൻസ് എന്നിവയും സജ്ജമാക്കിയിരുന്നു. 
 
ഉദ്‌ഘാടനചടങ്ങിൽ ജില്ലാ ഡെവലപ്മെന്റ്‌ കമീഷണർ ഡോ. വിനയ് ഗോയൽ, ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. ദിവ്യ സദാശിവൻ, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട്‌‌ ഡോ. എം എസ് ഷർമ്മദ്, വാക്സിനേഷൻ നോഡൽ ഓഫീസർ ഡോ. വിമല, കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. പി എസ് ഇന്ദു, അസിസ്റ്റന്റ്‌ വാക്സിനേഷൻ നോഡൽ ഓഫീസർ ഡോ. ദേവരാജ്,  വാക്സിനേഷൻ കോ ഓർഡിനേറ്ററും മെഡിക്കൽ കോളേജ് ആശുപത്രി എആർഎംഒയുമായ ഡോ. സുജാത, എംഡിആർഎൽ നോഡൽ ഓഫീസർ ജി ബി രതീഷ് എന്നിവർ പങ്കെടുത്തു.
 

527 പേർക്ക്‌ വാക്സിൻ നൽകി

 

ജില്ലയിൽ തിങ്കളാഴ്ച 527 പേർക്ക്‌ കോവിഡ് വാക്സിൻ നൽകി. നെടുമങ്ങാട് ജില്ലാ ആശുപത്രി -–- 48, വിതുര താലൂക്ക് ആശുപത്രി -–- 66, തിരുവനന്തപുരം മെഡിക്കൽ കോളജ് –- 57, നിംസ് മെഡിസിറ്റി –- -62, പാറശാല താലൂക്ക് ആശുപത്രി -–- 60, തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി - –- 53, പാങ്ങപ്പാറ കുടുംബാരോഗ്യ കേന്ദ്രം –- -77, കിംസ് ആശുപത്രി –- -54, ശ്രീഗോകുലം മെഡിക്കൽ കോളജ് –-- 50 എന്നിങ്ങനെയാണ് കുത്തിവയ്പ്പ് എടുത്തവരുടെ എണ്ണം.വാക്സിനേഷൻ ചൊവ്വാഴ്ചയും തുടരും. രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചു വരെയാണു വാക്സിനേഷൻ. 
 

296 രോഗികൾ, 218 മുക്തർ

 

ജില്ലയിൽ 296 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു, 218 പേർ മുക്തരായി. 3,487 പേരാണ്‌  ചികിത്സയിലുള്ളത്‌. 204 പേർക്ക്‌ സമ്പർക്കംവഴിയാണ് രോഗം. ഇതിൽ നാലുപേർ ആരോഗ്യപ്രവർത്തകരാണ്. 1,369 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 20,758 പേർ വീടുകളിലും 74 പേർ സ്ഥാപനങ്ങളിലും ക്വാറന്റൈനിലുണ്ട്.  1,434 പേർ നിരീക്ഷണകാലം പൂർത്തിയാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top