07 December Thursday
ജില്ലാ അത്‍ലറ്റിക് മീറ്റ്

രാജകീയം രാജ

വെബ് ഡെസ്‌ക്‌Updated: Monday Sep 18, 2023

അണ്ടർ 20 ആൺകുട്ടികളുടെ 200 മീറ്റർ മത്സരത്തിൽ കേരള സർവകലാശാലയുടെ പരമേശ്വര് പ്രദീപ്‌ 
ഒന്നാമതായി ഫിനിഷ് ചെയ്യുന്നു

തിരുവനന്തപുരം‍

ജില്ലാ അത്‌ലറ്റിക്‌ ചാമ്പ്യൻഷിപ്പിന്റെ രണ്ടാംദിനത്തിലും  ട്രാക്കും ഫീൽഡും അടക്കിവാണ് തിരുവനന്തപുരം ജി വി രാജ സ്കൂൾ 444 പോയിന്റോടെ കുതിക്കുന്നു. ഓട്ടത്തിലും ചാട്ടത്തിലും ത്രോ ഇനങ്ങളിലും മറ്റു ടീമുകളെ ബഹുദൂരം പിന്നിലാക്കിയാണ്‌ ജിവി രാജയുടെ തേരോട്ടം. രണ്ടാം സ്ഥാനത്തുള്ള കേരള യൂണിവേഴ്സിറ്റി അത്‌ലറ്റിക്സ് അക്കാദമി നേടിയത് 191 പോയിന്റ്. വെള്ളായണി എസ്എഎംജിഎംആർഎസ്എസ് 121 പോയിന്റോടെ മൂന്നാംസ്ഥാനത്തെത്തി. 16 വയസ്സിനു താഴെയുള്ള പെൺകുട്ടികളുടെ 2000 മീറ്റർ ഓട്ടത്തിൽ എംവിഎച്ച്എസ്എസ് അരുമാനൂരിലെ ബിൻസി ബാബു സ്വർണം നടി. വെള്ളറട ഫയർവിങ്സ് സ്പോർട്സ് ക്ലബ്ബിലെ എസ് എസ് സോനയും ശ്രദ്ധയും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. 
 
18 വയസ്സിനു താഴെയുള്ള പെൺകുട്ടികളുടെ 200 മീറ്റർ ഓട്ടത്തിൽ ആറ്റിങ്ങൽ സ്പോർട്സ് അക്കാദമിയിലെ പി എസ് സ്നേഹ സ്വർണം നേടി. സെന്റ് തോമസ് സെൻട്രൽ സ്കൂളിലെ അക്ഷ അജി ജോസഫ് രണ്ടും കാഞ്ഞിരംകുളം പികെ എച്ച്എസ്എസിലെ സാന്ദ്ര എസ് ഹനോഖ് മൂന്നും സ്ഥാനങ്ങൾ നേടി.  ഇരുപത്‌ വയസ്സിനു താഴെയുള്ള പുരുഷവിഭാ​ഗം ഷോട്ട്പുട്ട് മത്സരത്തിൽ തിരുവനന്തപുരം അത്‍ലറ്റിക് ക്ലബ്ബിന്റെ സീഫ്രെഡ് ഡൊമനിക് ഒന്നാംസ്ഥാനം നേടി. 20 വയസ്സിനു താഴെയുള്ള പുരുഷവിഭാ​ഗം ലോങ് ജമ്പിൽ ജി വി രാജയിലെ സി വി അനുരാ​ഗും 20 വയസ്സിനു താഴെ പുരുഷവിഭാ​ഗം ഹഡിൽസിൽ സായിയിലെ കരൺ ജിത്തും സ്വർണം നേടി. 14 വയസ്സിനു തഴെയുള്ള പെൺകുട്ടികളുടെ ലോങ് ജമ്പിൽ ജി വി രാജയിലെ ആൻമരിയ ജോണും 14 വയസ്സിനു തഴെയുള്ള പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ വട്ടിയൂർക്കാവ് ഭാരതി വിദ്യാലയത്തിലെ കല്യാണി ആർ പ്രശാന്തും സ്വർണം നേടി. മീറ്റ് തിങ്കളാഴ്ച അവസാനിക്കും. സമാപന സമ്മേളനം ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ വൈകിട്ട് നാലിന് വി കെ പ്രശാന്ത് ഉദ്ഘാടനം ചെയ്യും.
 

ഗ്രൗണ്ടിൽ രാധേച്ചിയുണ്ട് ചുറുചുറുക്കോടെ

 
രാധ

രാധ

ജില്ലാ അത്‌ലറ്റിക് മീറ്റിലെ സ്റ്റാർട്ടിങ് പോയിന്റുകളിൽ മത്സരം നിയന്ത്രിക്കാൻ ചുറുചുറുക്കോടെ ഓടിനടക്കുന്ന എഴുപത്തിമൂന്നുകാരിയായ ഒരു മുൻ അന്തർദേശീയ താരമുണ്ട്. പേര് രാധ, സ്വദേശം കുറവൻകോണം.
 
 1990 കളിൽ ട്രിപ്പിൾ ജമ്പിലും ലോങ് ജമ്പിലും നിരവധി ദേശീയ അന്താരാഷ്ട്ര മത്സരങ്ങളിൽ മെഡൽവാരിക്കൂട്ടിയ മിന്നും താരമാണ് രാധ എന്ന രാധേച്ചി. 1996 ൽ  സോളിൽ നടന്ന ഏഷ്യൻ മീറ്റിൽ ട്രിപ്പിൾ ജമ്പിൽ സ്വർണവും ലോങ് ജമ്പിൽ വെങ്കലവും 400 മീറ്റർ റിലേയിൽ വെള്ളിയും നേടിയിട്ടുണ്ട്. 1989, 1992, 94 ലെയും വിവിധ രാജ്യങ്ങളിൽ നടന്ന ഏഷ്യൻ മീറ്റുകളിൽ ട്രിപ്പിൾ ജമ്പിൽ വെള്ളി നേടി. 1989 ൽ അമേരിക്കയിൽ നടന്ന  ലോക വെറ്ററൻസ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ട്രിപ്പിൾ ജമ്പിൽ വെള്ളി നേടി. അങ്ങനെ രാധേച്ചിയുടെ മെഡൽ നേട്ടങ്ങളുടെ ലിസ്റ്റ് നീളുകയാണ്. അത്‌‌ലറ്റിക്സ് മീറ്റിന്റെ രണ്ടാം ദിനമായ ഞായറാഴ്ച രാധേച്ചിക്ക് ഓട്ട മത്സരത്തിന്റെ നിയന്ത്രണ ചുമതലയായിരുന്നു. 
 
കുട്ടികൾ ഫിനീഷ് ചെയ്യുന്ന സമയം ടൈമറിൽ നോക്കി കൃത്യമായി രേഖപ്പെടുത്താനും കുട്ടികൾക്ക് ആവേശം പകരാനുമെല്ലാം രാധേച്ചി ​ഗ്രൗണ്ടിലുണ്ടാകും.  കെഎസ്ഇബിയിൽ സീനിയർ സൂപ്രണ്ടായിരുന്നു. 30 വർഷമായി മത്സരം നിയന്ത്രിക്കാനുള്ള ഔദ്യോഗിക ചുമതല രാധ വഹിക്കുന്നുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top