തിരുവനന്തപുരം
മൂന്നുമുറിയും അടുക്കളയും ഹാളും അടക്കമുള്ള സ്വപ്നഭവനം...അമീറുദ്ദീനും ഐഷബീവിക്കും മക്കൾക്കും ‘ലൈഫ്’ തിരികെനൽകിയത് എന്നോ ഉപേക്ഷിച്ച സ്വപ്നം. 20 വർഷം ജീവിച്ച പൊട്ടിപ്പൊളിഞ്ഞ പഴയവീട്ടിൽനിന്ന് ആ കുടുംബം കുഞ്ഞുകൊട്ടാരത്തിലേക്ക് മാറിക്കഴിഞ്ഞു.
"പഴയ വീട്ടിലെ പരിമിത സൗകര്യങ്ങളിൽ ജീവിച്ചുപോകുകയായിരുന്നു ഞങ്ങൾ. ലൈഫ് പദ്ധതിയാണ് പുതിയ വീടെന്ന സ്വപ്നത്തിലേക്ക് എത്തിച്ചത്. ആ സ്വപ്നം പൂർത്തിയാക്കാൻ സഹായിച്ച സർക്കാരിനോട് നന്ദിയുണ്ട് . സംസ്ഥാനത്ത് ഇരുപതിനായിരത്തിലധികം വീടുകളിൽ പാലുകാച്ചുമ്പോൾ മുഖ്യമന്ത്രി ഞങ്ങളുടെ വീട്ടിലെത്തിയത് അഭിമാനമാണ്. '–ഐഷബീവിയുടെ കണ്ണുകളിൽ സന്തോഷം. തിരുവനന്തപുരം കഠിനംകുളം പഞ്ചായത്തിലെ 16–-ാം വാർഡിലെ അമീറുദ്ദീൻ, ഐഷബീവി ദമ്പതികളുടെ വീടിന്റെ താക്കോൽദാനം നിർവഹിച്ചാണ് എൽഡിഎഫ് സർക്കാരിന്റെ ഒന്നാംവാർഷികത്തിന്റെ രണ്ടാം നൂറുദിന കർമപദ്ധതിയിലൂടെ പൂർത്തീകരിച്ച ലൈഫ് വീടുകളുടെ സംസ്ഥാനതല ഉദ്‌ഘാടനം മുഖ്യമന്ത്രി നിർവഹിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 4.30ഓടെ വീട്ടിലെത്തിയ അദ്ദേഹം കുടുംബത്തിന് സമ്മാനവും നൽകിയാണ് മടങ്ങിയത്.
പത്ത് സെന്റ് ഭൂമിയിൽ രണ്ട് സെന്റ് ഐഷബീവിയും കുടുംബവും പൊതുവഴിക്കായി നൽകിയിരുന്നു. ബാക്കിയുള്ള എട്ടുസെന്റിലാണ് സ്വപ്നഭവനം പൂർത്തിയായത്. തങ്ങളെപ്പോലെ അർഹരായ എല്ലാവർക്കും ലൈഫിലൂടെ വീട് ലഭിക്കണമെന്നാണ് ഐഷബീവിയുടെയും അമീറുദ്ദീന്റെയും ആഗ്രഹം. ആലിഫ്, റാബിയത്ത് എന്നിവരാണ് മക്കൾ.
ഉദ്‌ഘാടന ചടങ്ങിൽ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ആർ ഹരിപ്രസാദ്, കഠിനംകുളം പഞ്ചായത്ത് പ്രസിഡന്റ് അജിത അനി, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് തുമ്പ ഡിവിഷൻ അംഗം ജെഫേഴ്സൺ, കഠിനംകുളം പഞ്ചായത്ത് 16–-ാം വാർഡ് മെമ്പർ റീത്ത നിക്സൺ തുടങ്ങിയവരും പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..