01 June Thursday

ഉയരേ... ചെങ്കൊടി

സ്വന്തം ലേഖകൻUpdated: Saturday Mar 18, 2023

ജനകീയ പ്രതിരോധജാഥ നെടുമങ്ങാട്ട് എത്തിയപ്പോൾ ക്യാപ്റ്റൻ എം വി ഗോവിന്ദനെ തുറന്ന വാഹനത്തിൽ വേദിയിലേക്ക് സ്വീകരിക്കുന്നു. ജില്ലാസെക്രട്ടറി വി ജോയി, ഏരിയ സെക്രട്ടറി ആർ ജയദേവൻ തുടങ്ങിയവർ ഒപ്പം

തിരുവനന്തപുരം

രാജ്യത്തെ അപകടത്തിലാക്കുന്ന ഭരണകൂട ഭീകരതയ്‌ക്കെതിരെയും നവകേരള നിർമിതിക്ക്‌ ജനങ്ങൾ നിയോഗിച്ച എൽഡിഎഫ്‌ സർക്കാരിനെ സാമ്പത്തികമായി വരിഞ്ഞ്‌ തകർക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ദുർനയങ്ങൾക്കുമെതിരെയുമുള്ള ജനകീയ പ്രതിരോധ ജാഥയുടെ മുന്നേറ്റം തലസ്ഥാന ജില്ലയിൽ സമാനതകളില്ലാത്ത ബഹുജന പ്രവാഹമായി. തുറന്ന ജീപ്പിലെത്തുന്ന  ജാഥാ ക്യാപ്റ്റൻ റെഡ്‌ വളന്റിയർമാരുടെ സല്യൂട്ട്‌ സ്വീകരിച്ചാണ്‌ വേദിയിലേക്ക്‌ എത്തുന്നത്‌.  

തെയ്യം, കാക്കാൻ, തേരുവിളക്ക്, ദഫ് മുട്ട്, ചെണ്ടമേളം, കഥകളി, വനിതകളുടെ ശിങ്കാരിമേളം, ഒപ്പന, തിരുവാതിര, മാർഗംകളി തുടങ്ങിയ കലാരൂപങ്ങൾ സ്വീകരണ കേന്ദ്രങ്ങൾക്ക്‌  മഹോത്സവപ്പകിട്ടേകി. 

വെള്ളിയാഴ്‌ച രാവിലെ ആറ്റിങ്ങലിൽ വിവിധ മേഖലയിലെ പ്രമുഖരുമായി സംവദിച്ചശേഷം  ജാഥാ ക്യാപ്‌റ്റൻ എം വി ഗോവിന്ദനും അംഗങ്ങളും ആദ്യ സ്വീകരണ കേന്ദ്രമായ ആറ്റിങ്ങൽ മാമത്ത്‌ എത്തുമ്പോഴേക്കും പ്രദേശമാകെ തിങ്ങിനിറഞ്ഞിരുന്നു. ഈ ജനമുന്നേറ്റത്തെ വിശേഷിപ്പിക്കാൻ നിലവിലുള്ള മലയാള പദങ്ങളൊന്നും മതിയാകില്ലെന്നും പുതിയ പദം കണ്ടെത്തേണ്ടിയിരിക്കുന്നുവെന്നും  മാമത്ത്‌ ജാഥാ ക്യാപ്‌റ്റൻ പ്രസംഗിച്ചു തുടങ്ങുമ്പോഴും  സ്വീകരണകേന്ദ്രത്തിലേക്ക്‌ പ്രവേശിക്കാനാകാതെ സ്‌ത്രീകളും കുട്ടികളും ഉൾപ്പെടുന്ന വൻജനസഞ്ചയം ആറ്റിങ്ങൽ ടൗണാകെ നിറഞ്ഞുകവിഞ്ഞിരുന്നു. യോഗത്തിൽ ഒ എസ്‌ അംബിക എംഎൽഎ അധ്യക്ഷയായി.  മണ്ഡലം സെക്രട്ടറി ബി സത്യൻ സ്വാഗതം പറഞ്ഞു. ജാഥാംഗമായ കെ ടി ജലീൽ എംഎൽഎ സംസാരിച്ചു. സിപിഐ എം ലോക്കൽ സെക്രട്ടറി മോഹനൻ നായർ നിർധനകുടുംബത്തിന്‌ സമ്മാനി്ച്ച അഞ്ച്‌ സെന്റ്‌ പുരയിടത്തിന്റെ പ്രമാണം എം വി ഗോവിന്ദന്‌ കൈമാറി.  

അടുത്ത സ്വീകരണ കേന്ദ്രമായ വെഞ്ഞാറമൂട്‌ വയ്യേറ്റിൽ ജാഥ എത്തുമ്പോഴേക്കും കത്തുന്ന ചൂട്‌ അവഗണിച്ച്‌ പതിനായിരങ്ങളാണ്‌ അവിടെയും സംഗമിച്ചത്‌. ഇവരിൽ പകുതിയിലേറെ സ്‌ത്രീകളും കുട്ടികളുമായിരുന്നു. നെടുമങ്ങാടും അക്ഷരാർഥത്തിൽ ജനങ്ങളാകെ ഇടനെഞ്ചോടു ചേർത്ത്‌ ജാഥയെ വരവേറ്റു. 

മുതിർന്ന നേതാക്കളും രക്തസാക്ഷി കുടുംബാംഗങ്ങളും സ്വീകരണ കേന്ദ്രത്തിലെത്തി. ജില്ലാ കമ്മിറ്റി അംഗം എസ്‌ എസ്‌ രാജലാൽ അധ്യക്ഷനായി. ഏരിയ സെക്രട്ടറി അഡ്വ. ആർ ജയദേവൻ സ്വാഗതം പറഞ്ഞു. ജാഥാംഗങ്ങളായ കെ ടി ജലീൽ, ജെയ്‌ക്‌ സി തോമസ്‌ എന്നിവർ സംസാരിച്ചു. 

തുടർന്ന്‌ അരുവിക്കര മണ്ഡലത്തിലെ  ആര്യനാട്‌ സ്വീകരണയോഗം ആരംഭിക്കുമ്പോഴേക്കും കത്തുന്ന ചൂടിന്‌ കുളിർമ പകർന്ന്‌ മഴയെത്തി. 

മഴയിലും സ്വീകരണ കേന്ദ്രത്തിലേക്ക്‌ ജനങ്ങളുടെ കുത്തൊഴുക്കായിരുന്നു. ക്യാപ്‌റ്റനെത്തുമ്പോഴേക്കും മഴ മാറി. സ്വീകരണ യോഗത്തിൽ ജി സ്റ്റീഫൻ എംഎൽഎ അധ്യക്ഷനായി. മണ്ഡലം സെക്രട്ടറി എൻ ഷൗക്കത്തലി സ്വാഗതം പറഞ്ഞു. ജാഥാംഗങ്ങളായ എം സ്വരാജ്, സി എസ് സുജാത എന്നിവർ സംസാരിച്ചു. 

സ്വീകരണ കേന്ദ്രങ്ങളിൽ  സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ, സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ, സിപിഐ എം   സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം വിജയകുമാർ, കടകംപള്ളി സു സുരേന്ദ്രൻ എംഎൽഎ, ടി എൻ സീമ, എ എ റഹിം എംപി തുടങ്ങിയവരും പങ്കെടുത്തു.

വെള്ളിയാഴ്‌ച അവസാന സ്വീകരണ കേന്ദ്രമായ കാട്ടാക്കട മണ്ഡലത്തിലെ പേയാട്‌ കാൽലക്ഷത്തോളം പേരാണ്‌ വരവേൽക്കാനെത്തിയത്‌. കവി മുരുകൻ കാട്ടാക്കട ഉൾപ്പെടെയുള്ള സാംസ്‌കാരിക സാഹിത്യനായകരും സ്വീകരിക്കാനെത്തി. രക്തസാക്ഷി കുടുംബാംഗങ്ങളെ ക്യാപ്‌റ്റൻ എം വി ഗോവിന്ദൻ ആദരിച്ചു. യോഗത്തിൽ ഐ ബി സതീഷ്‌ എംഎൽഎ അധ്യക്ഷനായി.  ജില്ലാ കമ്മിറ്റി അംഗം എം എം ബഷീർ സ്വാഗതം പറഞ്ഞു. ജാഥാമാനേജർ പി കെ ബിജു, ജാഥാംഗം കെടി ജലീൽ എന്നിവർ സംസാരിച്ചു. 

 

കാലിക വിഷയങ്ങൾ ഉയർത്തി
പൗരപ്രമുഖരുമായി സംവാദം

തിരുവനന്തപുരം

ആർഎസ്എസ് നിയന്ത്രിക്കുന്ന ക്ഷേത്രങ്ങൾ കലാകാരന്മാരോട് കാട്ടുന്ന അവഗണനയെക്കുറിച്ചായിരുന്നു പ്രമുഖ കാഥികന്റെ ആവലാതി. സർക്കാർ ഉദ്യോഗസ്ഥരുടെ അനാസ്ഥയും അഴിമതിയും പാറയടക്കമുള്ള നിർമാണസാമഗ്രികളുടെ ദൗർലഭ്യവും വ്യവസായ പാർക്കുകളുടെ നവീകരണവുമടക്കം വർത്തമാനപ്രസക്തമായ നിരവധി വിഷയങ്ങളാണ്‌ ജാഥാ ക്യാപ്‌റ്റൻ എം വി ഗോവിന്ദനോട്‌ പൗരപ്രമുഖർക്ക്‌ പങ്കുവയ്‌ക്കാനുണ്ടായത്‌. 

വെള്ളിയാഴ്‌ച രാവിലെ 8.30ന്‌ ആറ്റിങ്ങലിൽ നടന്ന കൂടിക്കാഴ്‌ചയ്‌ക്ക്‌ സമൂഹത്തിന്റെ വ്യത്യസ്‌ത മേഖലകളിൽനിന്നുള്ള അമ്പതിലധികം പേരാണ്‌ എത്തിയത്‌. 

ഉന്നതവിദ്യാഭ്യാസരംഗത്തെ ഇടപെടലുകൾക്ക്‌ പ്രാദേശികസ്വഭാവം ഉണ്ടാകണമെന്ന്‌ റിട്ട. കോളേജ്‌ അധ്യാപകൻ ചൂണ്ടിക്കാട്ടി. 

സാമൂഹ്യ പ്രസക്തമായ സിനിമകൾ സാധാരണ ജനങ്ങളിലേക്ക്‌ എത്തിക്കാൻ സർക്കാർ സംവിധാനമുണ്ടാക്കണം എന്നായിരുന്നു ഒറ്റാൽ സിനിമയുടെ തിരക്കഥാകൃത്തിന്‌ പറയാനുണ്ടായിരുന്നത്‌. രാഷ്ട്രീയതലത്തിലെ അഴിമതി ഇല്ലാതാക്കാൻ കഴിഞ്ഞെങ്കിലും ഉദ്യോഗസ്ഥരിൽ ഒരുവിഭാഗം പഴയപടിയാണെന്ന്‌ അഭിപ്രായമുയർന്നു. കാര്യം കാണാൻ നിരവധി തവണ ഓഫീസുകൾ കയറിയിറങ്ങേണ്ടിവന്ന അനുഭവവും പങ്കുവച്ചു. 

നാട്ടിലാകെ നടക്കുന്ന ദേശീയപാതാ വികസനത്തിലും വ്യവസായമേഖലയിലും ഉണ്ടായ പുതിയ ഉണർവിലും സന്തോഷം പങ്കുവച്ചവർ നിരവധിയായിരുന്നു. സർക്കാർ വ്യവസായ പാർക്കുകളുടെ നിലവാരം ഉയർത്തണമെന്നും അഭിപ്രായമുയർന്നു. 

വിദ്യാർഥികൾക്ക്‌ താൽപ്പര്യമനുസരിച്ച്‌ പഠിക്കാൻ സംവിധാനമുണ്ടാകണമെന്നും കഥകളിപോലുള്ള കലാരൂപങ്ങൾ വിദ്യാർഥികളെ പഠിപ്പിക്കണമെന്നും കഥകളികലാകാരൻ അഭിപ്രായപ്പെട്ടു. ഡോക്ടർമാർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന സർക്കാർ നിലപാട്‌ സ്വാഗതാർഹമാണെന്ന്‌ യോഗത്തിന്‌ എത്തിയ ഡോക്ടർ പറഞ്ഞു. ഡോക്ടർമാർ നടത്തിയ സമരം സർക്കാരിന്‌ എതിരെയല്ലെന്നും ജനങ്ങളെ ബോധവൽക്കരിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായങ്ങൾ ശ്രദ്ധപൂർവം കേട്ട്‌ കുറിച്ചുവച്ച എം വി ഗോവിന്ദൻ ഓരോന്നിനും വ്യക്തമായ മറുപടി നൽകി. നിരവധിപേർ നിവേദനങ്ങളും കൈമാറി. ജാഥാംഗങ്ങളും സംവാദത്തിൽ പങ്കെടുത്തു.

വ്യാപാരി വിഷ്ണു ഭക്തൻ, കാഥികൻ അയിലം ഉണ്ണിക്കൃഷ്ണൻ,  തിരക്കഥാകൃത്ത് ജോഷി മംഗലത്ത്, താജുദ്ദീൻ, ഷിബു അബൂബക്കർ, ഡോ. വിജയൻ, ജോയി ചിറയിൻകീഴ്,  കവി മടവൂർ സുരേന്ദ്രൻ, പട്ടം സജീവ്, നാസർ ഇടരിക്കോട്, ഡോ. ആർ പ്രകാശൻ, വക്കം ഷക്കീർ തുടങ്ങിയവർ സംവാദത്തിൽ പങ്കെടുത്തു.

 

ജാഥയെ വരവേറ്റ്‌ ആദിവാസി 
ഊരുകൾ

ആര്യനാട്

ജനകീയ പ്രതിരോധ ജാഥയ്‌ക്ക് അരുവിക്കര മണ്ഡലത്തിലെ ആദിവാസി മേഖലയിൽനിന്നുള്ളവർ സ്നേഹോഷ്മളമായ സ്വീകരണം നൽകി. വിതുര പഞ്ചായത്തിലെ പൊടിയക്കാല സെറ്റിൽമെന്റിൽ നിന്നെത്തിയ ലക്ഷ്മിക്കുട്ടി, കൃഷ്ണൻ കാണി, സോമതി എന്നിവരാണ് ആദിവാസി ഊരുകളിലെ ഉൽപ്പന്നങ്ങൾ നൽകി ജാഥാ ക്യാപ്റ്റനെ സ്വീകരിച്ചത്. ഈറയിലും മുളയിലും നിർമിച്ച കരകൗശല വസ്തുക്കൾ ഉൾപ്പെടെയുള്ളവയാണ് കൈമാറിയത്. ആദിവാസി മേഖലയ്‌ക്ക് കരുത്തും കരുതലും പകരുന്ന ഇടതുപക്ഷ സർക്കാരിനോടുള്ള രാഷ്ട്രീയപരമായ ഐക്യപ്പെടൽ കൂടിയായിരുന്നു ഇത്.

 

ചുവപ്പു
വളന്റിയർമാരെ
സന്നദ്ധസേനയാക്കും

തിരുവനന്തപുരം

സിപിഐ എം ചുവപ്പുവളന്റിയർമാരെ സന്നദ്ധസേനയാക്കി മാറ്റുമെന്ന്‌ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജനകീയ പ്രതിരോധ ജാഥയ്‌ക്ക്‌ ആറ്റിങ്ങലിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി സംസ്ഥാനത്തെ എല്ലാ വളന്റിയർമാർക്കും കൂടുതൽ പരിശീലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top