04 June Sunday

ചെങ്കടലായി വെഞ്ഞാറമൂട്

ഗിരീഷ്‌ വെഞ്ഞാറമൂട്‌Updated: Saturday Mar 18, 2023
വെഞ്ഞാറമൂട്
മീനച്ചൂടിനെ വകവയ്ക്കാതെ വെഞ്ഞാറമൂട്ടിലേക്ക്‌ ഒഴുകിയെത്തിയത് പതിനായിരങ്ങൾ. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ക്യാപ്റ്റനായുള്ള ജനകീയ പ്രതിരോധ ജാഥയെ വരവേൽക്കാൻ വെള്ളി രാവിലെ 9 ഓടെ സ്വീകരണ കേന്ദ്രത്തിലേക്ക്‌ ജനം ഒഴുകുകയായിരുന്നു. വാമനപുരം മണ്ഡലത്തിലെ 18 മേഖലാ കമ്മിറ്റിയും ബാനറിനുകീഴിൽ ചെറു പ്രകടനങ്ങളായി സ്വീകരണ കേന്ദ്രത്തിലെത്തി. 
മണ്ഡലാതിർത്തിയായ ചെമ്പൂര് പാലത്തിന് സമീപത്തുനിന്ന് 150 ലധികം ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയാണ് ജാഥയെ വരവേറ്റത്. തുറന്ന ജീപ്പിൽ ജാഥാ ക്യാപ്റ്റനെ തെയ്യം, കാക്കാൻ, തേരുവിളക്ക്, ദഫ് മുട്ട്, ചെണ്ടമേളം, കഥകളി, വനിതകളുടെ ശിങ്കാരിമേളം, ഒപ്പന, തിരുവാതിര, മാർഗംകളി തുടങ്ങിയ കലാപരിപാടികളുടെ അകമ്പടിയോടെ സ്വീകരണ കേന്ദ്രത്തിലെത്തിച്ചു. മുതിർന്ന സിപിഐ എം നേതാവ് കോലിയക്കോട് എൻ കൃഷ്ണൻനായരും, രക്തസാക്ഷികളുടെ കുടുംബാംഗങ്ങളും ജാഥാ ക്യാപ്റ്റനെ സ്വീകരിച്ചു. പൊന്മുടിയിലെ തോട്ടം തൊഴിലാളികൾ ക്യാപ്റ്റനെ തേയിലകൊണ്ടുള്ള മാല അണിയിച്ചു. സ്വീകരണത്തിനുകിട്ടിയ ഭക്ഷ്യ ഉൽപ്പന്നങ്ങൾ ഇ കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റിന് കൈമാറും.
വെഞ്ഞാറമൂട്ടിലെ സ്വീകരണ യോഗത്തിൽ ജില്ലാ സെക്രട്ടറിയറ്റംഗം ഡി കെ മുരളി എംഎൽഎ അധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ എം വി ഗോവിന്ദൻ, ജാഥാംഗങ്ങളായ എം സ്വരാജ്, ജെയ്ക് സി തോമസ്, വി കെ മധു, സ്വാഗതസംഘം ജനറൽ കൺവീനർ ഇ എ സലിം, ചെയർമാൻ കെ ശശികുമാർ, പി ജി സുധീർ തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top