24 April Wednesday
ആദിവാസി പെൺകുട്ടികളുടെ ആത്മഹത്യ

ഉന്നത അന്വേഷണം വേണം: ആനാവൂർ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022

സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ നാരകത്തിൻകാല സെറ്റിൽമെന്റിൽ ആത്മഹത്യ ചെയ്ത 
കൃഷ്ണേന്ദുവിന്റെ വീട് സന്ദർശിച്ചപ്പോൾ

 
വിതുര
നാരകത്തിൻകാല സെറ്റിൽമെന്റിൽ ആത്മഹത്യ ചെയ്ത കൃഷ്ണേന്ദുവിന്റെ മരണത്തെക്കുറിച്ച് ഉയർന്ന നിലയിലുള്ള അന്വേഷണം നടത്തണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ആവശ്യപ്പെട്ടു. കൃഷ്ണേന്ദുവിന്റെ മരണം സംശയാസ്പദമാണെന്ന് വീട്ടുകാരും നാടും ഉറച്ച് വിശ്വസിക്കുന്നു.
പെരിങ്ങമ്മല, വിതുര പഞ്ചായത്തുകളിലെ സെറ്റിൽമെന്റുകളിൽ അടുത്ത കാലത്ത് നടന്ന മരണങ്ങളിൽ അഞ്ചാമത്തെതാണിത്‌. ആത്മഹത്യ ചെയ്‌തത് മുഴുവൻ ആദിവാസി പെൺകുട്ടികളാണ്. ഈ കുട്ടികളെ അപകടപ്പെടുത്തുന്ന നിലയിലേക്ക് ചിലർ ബോധപൂർവം പ്രവർത്തിച്ചിട്ടുണ്ടെന്ന് ആക്ഷേപമുണ്ട്. തുടർച്ചയായ അഞ്ച് മരണവും സംശയമുണ്ടാക്കുന്നതാണ്. ഇതേക്കുറിച്ച്  ഉയർന്ന നിലയിലെ അന്വേഷണം തീർച്ചയായും ഉണ്ടാകണം.  ഉന്നത പൊലീസ് അധികാരികൾ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്നും, യഥാർഥ വസ്തുത പുറത്ത് കൊണ്ടുവന്ന് കുറ്റവാളികളെ നിയമത്തിന്‌ മുന്നിലെത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
     തിങ്കളാഴ്ച വൈകിട്ടാണ് അദ്ദേഹം കൃഷ്ണേന്ദുവിന്റെ വീട്ടിലെത്തിയത്. സിപിഐ എം ഏരിയാകമ്മിറ്റി അംഗം ജെ വേലപ്പൻ, വിതുര ലോക്കൽ സെക്രട്ടറി എസ് എൻ അനിൽകുമാർ, എകെഎസ് സംസ്ഥാന കമ്മിറ്റി അംഗം എം എൽ കിഷോർ, കെഎസ്‌കെടിയു ഏരിയ സെക്രട്ടറി ഈഞ്ചപ്പുരി രാമചന്ദ്രൻ, എകെഎസ് ജില്ലാ ജോയിന്റ്‌ സെക്രട്ടറി ബി സദാനന്ദൻ കാണി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഗണേശൻ കാണി, കുറുപ്പൻകാല അനി, കാട്ടിലക്കുഴി അനി, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീലത, വാർഡ് അംഗം സുനിത, ഷൈലജ തുടങ്ങിയവർ ഒപ്പമുണ്ടായി.  --
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top