29 November Monday

നനഞ്ഞ്, തകർന്ന്

സ്വന്തം ലേഖകർUpdated: Sunday Oct 17, 2021

കണ്ണമ്മൂലയിൽ ആമയിഴഞ്ചാൻ തോടിനു കുറുകെ മരം വീണപ്പോൾ

തിരുവനന്തപുരം  
ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ ജില്ലയിൽ വ്യാപക നാശം. ഒഴുക്കിൽപ്പെട്ട് അതിഥിത്തൊഴിലാളിയെ കാണാതായി. വഞ്ചിയൂർ കണ്ണമ്മൂല ആമയിഴഞ്ചാൻതോട്ടിലാണ് ജാർഖണ്ഡ് സ്വദേശി നെഹർദീപ് കുമാറിനെ കാണാതായത്. ശനി പകൽ രണ്ടോടെയാണ് സംഭവം. നെഹർദീപ്‌ കാൽവഴുതി വീഴുകയായിരുന്നുവെന്ന്‌ സുഹൃത്തുക്കൾ പറഞ്ഞു. കണ്ണമ്മൂല നെല്ലിക്കുഴി ഗ്യാസ് ഗോഡൗണിനു സമീപമാണ്‌ ഇയാൾ  താമസിച്ചിരുന്നത്‌. സ്കൂ ബ സംഘവും ചാക്ക അഗ്നിരക്ഷാ സേനയും തെരച്ചിൽ തുടരുകയാണ്‌. 
നെയ്യാർ, അരുവിക്കര, പേപ്പാ റ അണക്കെട്ടുകളുടെ ഷട്ടറുകൾ ഉയർത്തി. ‌വെള്ളറട, തേക്കുപാറ, അമ്പൂരി തുടങ്ങിയ പ്രദേശങ്ങളിൽ മണിക്കൂറുകളോളം വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. നിരവധി വീടുകളിൽ വെള്ളം കയറി. വീടി​ന്റെ ചുമരിടിഞ്ഞ് നാലുപേർക്ക് പരിക്കേറ്റു. പന്നിമല ഇബനീസർ പെന്തക്കോസ്ത് ചർച്ചിൽ വെള്ളംകയറി.  
മുട്ടത്തറ, അമ്പലത്തറ ഭാഗങ്ങളിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. നെയ്യാറ്റിൻകര, വർക്കല, നെടുമങ്ങാട് ഭാഗങ്ങളിൽ മഴക്കെടുതിയിൽ വീടുകൾ ഭാഗികമായി തകർന്നു. ഇവിടുത്തെ താമസക്കാരെ മാറ്റിപ്പാർപ്പിച്ചു. കനത്ത മഴയിൽ ആനാവൂർ സന്തോഷിന്റെ വീട്ടിലെ കിണറും ഇടിഞ്ഞു താണു. വഞ്ചിയൂർ വില്ലേജിൽ തേങ്ങാപ്പുര ലെയ്‌നിൽ വിൻസെന്റിന്റെ  വീട്ടു മതിൽ ഇടിഞ്ഞ്‌ റോഡിലേക്ക് വീണു. ആളപായമില്ല. കത്തിപ്പാറ റസൽ എബ്രഹാം, വത്സല എന്നിവരുടെ വീടുകളിൽ വെള്ളം കയറി. പാലിയോട് നുള്ളിപ്പാറ അജിത്തി​ന്റെ വീടി​ന്റെ തറയോടുചേർന്ന മണ്ണ് ഇടിഞ്ഞു മാറി.  ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂം കലക്ടറേറ്റിൽ പ്രവർത്തിക്കുന്നുണ്ട്.
കാട്ടാക്കട 
കുറ്റിച്ചൽ പഞ്ചായത്തിലെ ആദിവാസി മേഖല ഒറ്റപ്പെട്ടു. കോട്ടൂർ-ചോനംപാറ റോഡിൽ മേഖലയിലേക്കുള്ള വൈദ്യുത കമ്പിക്കു മുകളിലൂടെ മറിഞ്ഞ മരം രണ്ട് ദിവസമായിട്ടും നീക്കാനായില്ല. ഇതോടെ ഗതാഗതവും തടസ്സപ്പെട്ടു. അഗസ്ത്യവനം റെയിഞ്ചിലെ കോട്ടൂർ സെക്ഷനിലെ പ്രധാന റോഡിലാണ് അപകടം. ഇവിടെ കക്കുടി, ഇടമല, മൂന്നാറ്റ്മുക്ക് തോടുകൾ നിറഞ്ഞതോടെ ദുരിതമായി. 
നേമം
പ്രാവച്ചമ്പലം–-കൊടിനട ദേശീയപാതയുടെ വശങ്ങളിലെ വീടുകളിലാകെ വെള്ളം കയറി. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി റോഡിന്റെ ഉയരം കൂട്ടിയതോടെ വെള്ളം ഒഴുകാനുള്ള സംവിധാനം ഇല്ലാത്തതാണ് പ്രശ്നം ​ഗുരുതരമാക്കിയത്. സെപ്റ്റിക് ടാങ്കുകൾ നിറഞ്ഞൊഴുകിയതോടെ കിണറുകളും മലിനമായി.  പള്ളിച്ചൽ കുളങ്ങരക്കോണം ബിനു തോമസിന്റെ വീടിന്റെ മതിൽ തകർന്നു. 15 അടിയിലധികം ഉയരമുള്ള മതിൽ തകർന്നതോടെ വീട് അപകടാവസ്ഥയിലാണ്. 
വെള്ളായണി കായൽ കാക്കാമൂല ബണ്ട് റോഡിൽ വെള്ളം കയറിയതോടെ ഗതാഗതം നിരോധിച്ചു. ‌ ആറാട്ടുകടവിന് സമീപം തോട് കരകവിഞ്ഞു. 13  കുടുംബത്തെ എംഎൻഎൽപി സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റി.
നെയ്യാറ്റിൻകര 
രാമേശ്വരം, കണ്ണൻകുഴി, ചെമ്പരത്തിവിള, പ്ലാവിള , പുല്ലാമല എന്നിവിടങ്ങളിൽ വീടുകളിൽ വെള്ളം കയറി. നെയ്യാറ്റിൻകര നഗരസഭയിൽ എട്ട് ദുരിതാശ്വാസകേന്ദ്രം തുറന്നതായി ചെയർമാൻ പി കെ രാജ്‌മോഹൻ അറിയിച്ചു. 
വിതുര
കല്ലാർ ഉൾപ്പെടെ നദികൾ നിറഞ്ഞൊഴുകി. പല റോഡും മുങ്ങി. പലയിടത്തും കൃഷിനാശവുമുണ്ടായി. എന്നാൽ, അപകടങ്ങളോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെയില്ല.
മംഗലപുരം
മംഗലപുരം  കുറക്കട കൈലത്തുകോണം പ്രജിത ഭവനിൽ ബിനുകുമാറിന്റെ വീട് തകർന്ന് നാലുപേർക്ക് പരിക്കേറ്റു. വെള്ളി രാത്രി 11 നാണ് അപകടം. രണ്ടു കട്ടിലിൽ ബിനുകുമാർ, ഭാര്യ സജിത, മക്കളായ ഏഴാം ക്ലാസ് വിദ്യാർഥിനി അബിത, നാലാം ക്ലാസ് വിദ്യാർഥി അഭിജിത്ത് എന്നിവർ ഉറങ്ങുകയായിരുന്നു. നാലുപേരെയും ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിനുകുമാർ, സജിത, അബിത എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം, ജ്യോതിസ്, സുഹാസ് ലാൽ, വി അജികുമാർ,  ബിനി എന്നിവർ  സ്ഥലം സന്ദർശിച്ചു.
വട്ടിയൂർക്കാവ്
മേലത്തുമേലെ വഴുതോട്ടുകോണത്തിൽ സമാന്റെ വീടിന്റെ ചുറ്റുമതിൽ ഇടിഞ്ഞ് അയൽവാസിയുടെ വീട്ടിലേക്ക് പതിച്ചു. ശനി പകൽ 12.30 നാണ് അപകടം. ഇരു വീടുകളും അപകട ഭീഷണിയിൽ ആയതിനാൽ വീട്ടുകാരെ മാറ്റി പാർപ്പിച്ചു. കൗൺസിലർ ഐ എം പാർവതി, വില്ലേജ് ഓഫീസർ എന്നിവർ സ്ഥലം സന്ദർശിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top