തിരുവനന്തപുരം
ചാറ്റൽമഴയിലും ആവേശം കൈവിടാതെ 67–-ാമത് തിരുവനന്തപുരം ജില്ലാ അത്‌ലറ്റിക്സ് മീറ്റിന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഉജ്വല തുടക്കം.
ആദ്യദിനം വിവിധ വിഭാഗങ്ങളിലായി 49 ഫൈനൽ പൂർത്തിയായപ്പോൾ 207 പോയിന്റുമായി ജി വി രാജ സ്പോർട്സ് സ്കൂളാണ് മുന്നിൽ. 93 പോയിന്റുമായി കേരള യൂണിവേഴ്സിറ്റി അത്‌ലറ്റിക്സ് അക്കാദമിയും 64 പോയിന്റുമായി സായി ദേശീയ സെന്റർ ഓഫ് എക്സലൻസും രണ്ടും മൂന്നും സ്ഥാനത്താണ്.
18 വയസ്സിന് താഴെയുള്ള വനിതകളുടെ 100 മീറ്റർ ഓട്ടത്തിൽ സായി സെന്റർ ഓഫ് എക്സലൻസിലെ സ്നേഹ ജേക്കബ് സ്വർണം നേടി. ആറ്റിങ്ങൽ ജില്ലാ സ്പോർട്സ് അക്കാദമിയുടെ പി എസ് സ്നേഹ, വെള്ളായണി എസ്എഎംജിഎംആർഎസ്എസിന്റെ ബി എസ് സുബിന എന്നിവർക്കാണ് രണ്ടും മൂന്നും സ്ഥാനം. 20 വയസ്സിന് താഴെയുള്ള വനിതകളുടെ 100 മീറ്റർ റെഡ് സ്റ്റാർ സ്പോർട്സ് ക്ലബ്ബിന്റെ എസ് ധ്വനി സ്വർണം നേടി.
വനിതകളുടെ 100 മീറ്ററിൽ കേരള പൊലീസിന്റെ എ പി ഷെൽബിക്കാണ് സ്വർണം. കാര്യവട്ടം എൽഎൻസിപിഇയുടെ മോനിക്ക ജാനു വെള്ളിയും റെഡ് സ്റ്റാർ സ്പോർട്സ് ക്ലബ്ബിന്റെ ശാരി സഞ്ജു വെങ്കലവും നേടി. പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ കേരള പൊലീസിന്റെ അരുൺ ബേബി (60.85 മീ.) സ്വർണം നേടി. കാഞ്ഞിരംകുളം പികെഎച്ച്എസ്എസിലെ ബി എം അജിനാണ് രണ്ടാം സ്ഥാനം. 18 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ഹൈജമ്പിൽ ജി വി രാജയുടെ അശ്വിൻ കൃഷ്ണ സ്വർണം നേടി. സായിയിലെ ജിനോയ് ജയനാണ് വെള്ളി.
20 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ 400 മീറ്ററിൽ ആദ്യ മൂന്ന് സ്ഥാനവും കേരള യൂണിവേഴ്സിറ്റി അത്‌ലറ്റിക്സ് അക്കാദമിയുടെ കുട്ടികൾ നേടി. എസ് അനന്ദൻ, എസ് അരവിന്ദൻ, ശ്രീവിഷ്ണു എന്നിവരാണ് അക്കാദമിക്കായി മൂന്ന് മെഡലും നേടിയത്.
14 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ 600 മീറ്റർ ഓട്ടത്തിൽ ജിവി രാജയിലെ എം എം വൈഗ ഒന്നാം സ്ഥാനവും അമേയ എസ് സരോ രണ്ടാം സ്ഥാനവും നേടി.
വെള്ളായണി അയങ്കാളി മെമ്മോറിയൽ ഗവ. മോഡൽ സ്കൂളിലെ വി ദർശ വെങ്കലം നേടി. മീറ്റ് 18ന് സമാപിക്കും.
ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ മന്ത്രി വി ശിവൻകുട്ടി മീറ്റ് ഉദ്ഘാടനം ചെയ്തു.
ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ജോർജ് തോമസ് അധ്യക്ഷനായി. അർജുന അവാർഡ് ജേതാക്കളായ പത്മിനി തോമസ്, കെ എം ബീനാമോൾ, ആരോഗ്യ ഡെപ്യൂട്ടി ഡയറക്ടർ ഡി എസ് ഷബ്ന, എ എംകെ നിസാർ, കെ രാമചന്ദ്രൻ, എം ക്ലീറ്റസ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..