01 June Thursday

ഹൃദയങ്ങളിലേക്ക്‌

സ്വന്തം ലേഖകർUpdated: Friday Mar 17, 2023

ജനകീയ പ്രതിരോധ ജാഥയ്ക്കു വർക്കലയിൽ നൽകിയ സ്വീകരണത്തിൽ ജാഥാ ക്യാപ്റ്റൻ എം വി ഗോവിന്ദൻ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

വർക്കല/കിളിമാനൂർ/ മംഗലപുരം
നവോത്ഥാന വീഥിയിലൂടെയായിരുന്നു സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജാഥയുടെ വ്യാഴാഴ്‌ചത്തെ പര്യടനം. കേരളത്തിന്റെ ജനകീയ മുന്നേറ്റ ചരിത്രത്തിൽ പുത്തൻ ഏടുകൾ തീർത്ത് ജനകീയ പ്രതിരോധജാഥയ്‌ക്ക്‌ തലസ്ഥാനം സ്വീകരണം നൽകി. ജില്ലാ അതിർത്തിയായ പാരിപ്പള്ളി മുക്കട ജങ്‌ഷനിൽ തയ്യാറാക്കിയ താൽക്കാലിക പന്തലിൽവച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റം​ഗം ആനാവൂർ നാ​ഗപ്പൻ , ജില്ലാസെക്രട്ടറി വി ജോയി എന്നിവർ ചേർന്ന് ജാഥാക്യാപ്‌റ്റൻ എം വി ഗോവിന്ദനെ തലപ്പാവും ഷാളും അണിയിച്ച്‌ സ്വീകരിച്ചു. മന്ത്രി വി ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, ആനത്തലവട്ടം ആനന്ദൻ, സംസ്ഥാന കമ്മിറ്റിയം​ഗം എം വിജയകുമാർ, എ എ റഹിം എംപി എന്നിവരും സ്വീകരിക്കാനെത്തി. സംസ്ഥാനകമ്മിറ്റിയം​ഗം ടി എൻ സീമ, ജില്ലാ സെക്രട്ടറിയറ്റം​ഗം ബി പി മുരളി, ഡി കെ മുരളി എംഎൽഎ, ഡോ. ഷിജുഖാൻ, ഒ എസ് അംബിക എംഎൽഎ, കെ എസ് സുനിൽ കുമാർ, കെ സി വിക്രമൻ, എസ് പുഷ്പലത എന്നിവരും പങ്കെടുത്തു.
ജില്ലാ അതിർത്തിയിൽനിന്ന്‌ നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ വർക്കലയിലേക്ക് എത്തിച്ചേർന്നു. പാളയംകുന്ന്, അയിരൂർ, നടയറ, പുന്നമൂട്, റെയിൽവേ സ്റ്റേഷൻ വഴി എത്തിച്ചേർന്ന ജാഥയ്‌ക്ക്‌ വർക്കല നഗരസഭാ കാര്യാലയത്തിന് മുന്നിൽ റെഡ് വളന്റിയേഴ്സ്‌ ഗാർഡ് ഓഫ് ഓണർ നൽകി.
വർക്കല മൈതാനത്തെ സ്വീകരണ നഗരിയിലേക്ക് പ്രവർത്തകർ ചെറുപ്രകടനങ്ങളായെത്തി. വിവിധ രാഷ്ട്രീയ - സാംസ്കാരിക സാമൂഹ്യ മേഖലയിലെ പ്രമുഖരടക്കം നിരവധിപേർ പുസ്തകങ്ങൾ നൽകി ജാഥാ ക്യാപ്റ്റനെയും അംഗങ്ങളെയും സ്വീകരിച്ചു. സ്വീകരണയോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി അധ്യക്ഷനായി. മണ്ഡലം സെക്രട്ടറി എസ് ഷാജഹാൻ സ്വാഗതം പറഞ്ഞു. മുതിർന്ന നേതാവ് ആനത്തലവട്ടം ആനന്ദൻ, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കടകംപള്ളി സുരേന്ദ്രൻ, എം വിജയകുമാർ, ജില്ലാ സെക്രട്ടറിയറ്റംഗം ബി പി മുരളി , മടവൂർ അനിൽ , വി കെ മധു, കെ സി വിക്രമൻ, വർക്കല ഏരിയ സെക്രട്ടറി എം കെ യൂസഫ്, കിളിമാനൂർ ഏരിയ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രൻ, മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ശ്രീജ ഷൈജുദേവ് തുടങ്ങിയവർ പങ്കെടുത്തു. തെങ്ങുകയറ്റ പരിശീലകയും അവാർഡ് ജേതാവുമായ സുനിലി, യുവ മാന്ത്രികൻ ഹാരിസ് താഹ തുടങ്ങിയവരെ ആദരിച്ചു. ഉത്സവാന്തരീക്ഷത്തിലാണ്‌ മംഗലപുരത്ത്‌ ജാഥാ ക്യാപ്‌റ്റനെ വരവേറ്റത്‌. നിറഞ്ഞു കവിഞ്ഞ സഫാ ഓഡിറ്റോറിയം പരിസരത്തെ വേദിയിലേക്ക്‌ റെഡ്‌ വളന്റിയർമാർ ഏറെ പണിപ്പെട്ടാണ്‌ ജാഥാ ക്യാപ്‌റ്റനെ എത്തിച്ചത്‌. രക്തസാക്ഷി മാടൻവിള സക്കീറിന്റെ സഹോദരി ഷീബയും ടെക്കികളും ജാഥാ ക്യാപ്‌റ്റനെ സ്വീകരിച്ചു.
യോഗത്തിൽ സ്വാഗതസംഘം ജനറൽ കൺവീനർ മധു മുല്ലശ്ശേരി അധ്യക്ഷനായി. മണ്ഡലം സെക്രട്ടറി ആർ സുഭാഷ്‌ സ്വാഗതവും സിപിഐ എം ആറ്റിങ്ങൽ ഏരിയാ സെക്രട്ടറി എസ്‌ ലെനിൻ നന്ദിയും പറഞ്ഞു.
സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്‌റ്റനെ കൂടാതെ മാനേജർ പി ബിജു, അംഗങ്ങളായ എം സ്വരാജ്‌, സി എസ്‌ സുജാത, കെ ടി ജലീൽ, ജയ്‌ക്‌ സി തോമസ്‌ എന്നിവർ സംസാരിച്ചു.
മംഗലപുരത്തെ സ്വീകരണകേന്ദ്രത്തിൽ മഹാകവി കുമാരനാശാന്റെ കഥാപാത്രങ്ങളെ ആസ്പദമാക്കി ചുവർ ചിത്രകലയിൽ സംസ്ഥാന അവാർഡ് നേടിയ കലാകാരൻ പ്രിൻസ് തോന്നയ്ക്കൽ വരച്ച ചിത്രങ്ങൾ നൽകിയാണ് സംഘാടകര്‍ സ്വീകരിച്ചത്. ധീര രക്തസാക്ഷി മാടൻവിള സക്കീറിന്റെ സഹോദരി ഷീബയും ടെക്നോപാർക്കിലെ ജീവനക്കാരും സ്വീകരിക്കാനെത്തി. ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ സി അജയകുമാർ, ആർ രാമു, ജില്ലാ കമ്മറ്റി അംഗങ്ങളായ ആർ സുഭാഷ്, വി എ വിനീഷ്, എ ഷൈലജാ ബീഗം, സംഘാടക സമിതി കൺവീനർ മധു മുല്ലശ്ശേരി, ആറ്റിങ്ങൽ ഏരിയ സെക്രട്ടറി എസ് ലെനിൻ എന്നിവർ നേതൃത്വം നൽകി.
 

ബഹുസ്വരതയുടെ സൗന്ദര്യം ഇല്ലാതാക്കുന്നു

 
കഴക്കൂട്ടം
രാജ്യത്തിന്റെ ബഹുസ്വരത എന്ന സൗന്ദര്യത്തെ ഇല്ലാതാക്കാനാണ് സംഘപരിവാറും ബിജെപിയുടെയും ലക്ഷ്യമിടുന്നതെന്ന്‌ പി കെ ബിജു പറഞ്ഞു. ഏകീകൃത സിവിൽ കോഡ് വേണമെന്ന് ആർഎസ്എസും ബിജെപിയും പറയുന്നത്. ഏറ്റവും അധികം ഭാഷകൾ സംസാരിക്കുന്ന, ഏറ്റവും അധികം മതവിഭാഗങ്ങൾ ഉള്ള നമ്മുടെ രാജ്യത്തെ എല്ലാ പരീക്ഷകളിലും ഹിന്ദി ഭാഷ അറിയുന്നവർക്കായി പരിമിതപ്പെടുത്താനാണ്‌ ശ്രമിക്കുന്നത്‌.  ആർഎസ്എസുകാർ ബ്രിട്ടീഷുകാരുടെ പാദസേവകരായിരുന്നപ്പോൾ, സ്വാതന്ത്ര്യത്തിനായി പോരാടിയവരോട് രാജ്യം വിട്ടുപോകുവാൻ ബിജെപി ആജ്ഞാപിക്കുകയാണ്. മൃഗങ്ങളുടെ പേരിൽ മനുഷ്യനെ കൊല്ലുന്ന ലോകത്തെ ഏക നാടാണ്‌ ഇന്ന്‌ ഇന്ത്യ. മതന്യൂനപക്ഷങ്ങളെ രാജ്യത്താകെ ആക്രമിക്കുകയാണ്‌ ആർഎസ്‌എസ്‌. കേരളത്തിൽ സംഘപരിവാറിന് നിലയുറപ്പിക്കാൻ  കഴിയാത്തത് ചെങ്കൊടി തണലുള്ള മതനിരപേക്ഷമായ നാടാണ്‌ ഇത്‌ എന്നതിനാലാണെന്നും അദ്ദേഹം പറഞ്ഞു.
 

കേരള സർക്കാരിനെ ജനം നെഞ്ചോട് ചേർക്കും

ചിറയിൻകീഴ്
കേരളത്തിലെ ജനങ്ങൾ പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ്‌  സർക്കാരിനെ നെഞ്ചോട് ചേർത്തുപിടിക്കുമെന്ന് സി എസ് സുജാത. ജനകീയ പ്രതിരോധ ജാഥയ്ക്ക് മംഗലാപുരത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ജാഥാംഗം സുജാത.  രാജ്യത്തെ കോടിക്കണക്കിന് മനുഷ്യർ പട്ടിണി കിടക്കുമ്പോൾ ജനങ്ങൾക്ക് കഴിക്കാനുള്ള വിഭവങ്ങളുടെയെല്ലാം അവകാശികളായി കോർപറേറ്റുകൾ മാറുന്നു. 
അംബാനിയെയും അദാനിയെയും കുറിച്ച് മലയാളികൾ കേൾക്കുന്നത് നരേന്ദ്രമോദി പ്രധാനമന്ത്രി ആയശേഷമാണ്.  ഗുജറാത്തിലെ അറിയപ്പെടാതിരുന്ന ഒരു ചെറിയ കച്ചവടക്കാരനായിരുന്ന അദാനി, നരേന്ദ്ര മോദി പ്രധാനമന്ത്രിയായതോടെ പെട്ടെന്ന്‌ സഹസ്രാബ്‌ദകോടീശ്വരനായി.  കേരളത്തിൽ 62 ലക്ഷം പേർക്ക് പെൻഷൻ മുടങ്ങാതിരിക്കാനും , ക്ഷേമപദ്ധതി മുടങ്ങാതിരിക്കാനുമായാണ് ബജറ്റ് പ്രഖ്യാപനവേളയിൽ പെട്രോളിയം ഉൽപന്നങ്ങൾക്ക് രണ്ട് രൂപ സെസ്‌ ഏർപ്പെടുത്തിയത്. ഇതിനെതിരെ യുഡിഎഫ് നേതൃത്വം ചില മാധ്യമങ്ങളെക്കൂട്ടുപിടിച്ചു  സമരം ചെയ്തെങ്കിലും ജനങ്ങൾ നിരാകരിച്ചു–- സുജാത പറഞ്ഞു.
 

കേന്ദ്രത്തിന്റേത്‌ സാമ്പത്തിക യുദ്ധം

 
തിരുവനന്തപുരം
കേരളത്തിലെ പ്രതിപക്ഷ നേതാവ് ജീവനുള്ള കള്ളവും കെപിസിസി പ്രസിഡന്റ് ജീവനുള്ള തെറിയുമായി മാറിയെന്ന് എം സ്വരാജ് പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയുടെ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്കെതിരെ അടക്കം മ്ലേച്ഛമായ ഭാഷയാണ് കെപിസിസി പ്രസിഡന്റ് ഉപയോഗിക്കുന്നത്. കേരളത്തെ തകർക്കാൻ സാമ്പത്തിക യുദ്ധമാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിന് ന്യായമായി അർഹതപ്പെട്ട 40,000 കോടി രൂപയാണ് കേന്ദ്രം തരാതിരിക്കുന്നത്. കേരള സർക്കാർ ജനങ്ങൾക്കിനി എങ്ങനെ പെൻഷൻ നൽകും, എങ്ങനെ വികസന ക്ഷേമ പ്രവർത്തനങ്ങൾ നടത്തും എന്ന വെല്ലുവിളിയാണ് കേന്ദ്രം ഉയർത്തുന്നത്. മലയാളികൾക്കെതിരെ ഇങ്ങനെ യുദ്ധം പ്രഖ്യാപിക്കുമ്പോൾ കേരളത്തിനൊപ്പം നിൽക്കാൻ ഇവിടുത്തെ പ്രതിപക്ഷം തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.
 

ബിജെപി മതാടിസ്ഥാനത്തിൽ ഭിന്നിപ്പിക്കുന്നു

 
വർക്കല
മതാടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കാനാണ്‌ ആർഎസ്‌എസ്‌ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ ശ്രമമെന്ന്‌ കെ ടി ജലീൽ എംഎൽഎ. സിപിഐ എം ജനകീയ പ്രതിരോധ ജാഥയിലെ വർക്കലയിലെ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ഇന്ത്യയുടെ മതനിരപേക്ഷ പാരമ്പര്യം തകരുന്നത്‌ രാജ്യം ദുർബലപ്പെടുന്നതിന്റെ സൂചനയാണ്‌. മതത്തിനപ്പുറം മനുഷ്യനെ കൂട്ടിയിണക്കുന്നതിൽ സഹിഷ്‌ണുത ഉൾപ്പെടെ ഒട്ടേറെ ഘടകങ്ങൾ ചേരുന്നുണ്ട്. ലോകവും രാജ്യവും അതിന്‌ പ്രാമുഖ്യം നൽകിയിരുന്നു. ന്യൂനപക്ഷം സുരക്ഷിതമായെങ്കിലേ ജനാധിപത്യം പൂർണമാകൂ. ഹിന്ദു–-മുസ്ലിം ഐക്യം നിലനിന്ന സ്‌നേഹത്തിന്റെ തലങ്ങളെ, കലാപത്തിന്റെ ഭൂമികയാക്കി ബിജെപി മാറ്റുകയാണ്‌. എല്ലാ തരത്തിലുള്ള മതഭ്രാന്തും വിമർശിക്കപ്പെടേണ്ടതാണ്‌. മതസൗഹാർദത്തിന്‌ പുകൾപ്പെറ്റ രാജ്യത്തെ മതാടിസ്ഥാനത്തിൽ ബിജെപി വിഭജിക്കുകയാണെന്നും ജലീൽ പറഞ്ഞു.
 

യുഡിഎഫ്‌ എംപിമാർ ആർഎസ്‌എസിന്റെ ദാസ്യർ

തിരുവനന്തപുരം

കേന്ദ്രസർക്കാർ കേരളത്തിന്റെ അവകാശങ്ങളെ ഒന്നൊന്നായി റദ്ദുചെയ്യുമ്പോൾ ആർഎസ്‌എസിന്റെ വിനീതവിധേയ ദാസ്യവേലക്കാരായി യുഡിഎഫ്‌ എംപിമാർ മാറുകയാണെന്ന്‌ ജനകീയ പ്രതിരോധ ജാഥാ അംഗം ജെയ്‌ക്‌ സി തോമസ്‌ പറഞ്ഞു. കേരളത്തിന്റെ നികുതി വിഹിതം വെട്ടിക്കുറച്ചും കടമെടുപ്പ് പരിധി ചുരുക്കിയും കേന്ദ്രസർക്കാർ ദ്രോഹിക്കുകയാണ്‌. 
ഇന്ത്യൻ രാഷ്ട്രീയ ഭൂപടത്തിൽ മതനിരപേക്ഷ ബദൽ രാഷ്ട്രീയം ഉയർത്തുകയാണ്‌ കേരളം. പ്രബുദ്ധ കേരളം ഇവിടെ ഉണ്ടാകാൻ പാടില്ലെന്നാണ്‌ ആർഎസ്‌എസും ബിജെപിയും ആഗ്രഹിക്കുന്നത്‌. 
കേരളത്തെ എന്തു വിലകൊടുത്തും തുടച്ചുനീക്കണമെന്ന ശത്രുതാപൂർണമായ സമീപനത്തിനാണ്‌ സാക്ഷ്യംവഹിക്കുന്നതെന്നും ജെയ്‌ക്‌ പറഞ്ഞു.
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top