പാറശാല
സിപിഐ എമ്മിനെ കൂടുതൽ ശക്തിപ്പെടുത്താനുതകുന്ന പ്രവർത്തനങ്ങളിൽ ജില്ലയിലെ സംഘടന ഒറ്റക്കെട്ടായി മുന്നേറാനുള്ള തീരുമാനങ്ങളാണ് സമ്മേളനത്തിലുണ്ടായതെന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ജില്ലാ സെക്രട്ടറി ആനവൂർ നാഗപ്പൻ മാധ്യമങ്ങളോട് പറഞ്ഞു. എൽഡിഎഫ് സർക്കാരിന് തുടർഭരണം ലഭിച്ച സാഹചര്യത്തിൽ ജില്ലയുടെ സമഗ്രവികസനം സാധ്യമാക്കുന്നതിനുള്ള ഇടപെടൽ നടത്തും. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും നീതി ഉറപ്പാക്കാനുള്ള ഇടപെടലുണ്ടാകും. 46 അംഗ ജില്ലാ കമ്മിറ്റിയെയും 33 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും ജില്ലാ സെക്രട്ടറിയെയും ഏകകണ്‌ഠമായാണ് തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
അതിർത്തി ഗ്രാമമായ പാറശാലയിൽ ആദ്യമായെത്തിയ ജില്ലാ സമ്മേളനത്തെ തൊഴിലാളികളും കർഷകരും സാധാരണക്കാരും ചേർന്ന് ഹൃദയത്തിലേറ്റുവാങ്ങുകയായിരുന്നു. ജനങ്ങൾ സ്വന്തം പുരയിടങ്ങളിലെ വിഭവങ്ങളാണ് സമ്മേളനവേദിയിൽ ഭക്ഷണമൊരുക്കാൻ നൽകിയത്. വിദ്യാർഥികളും യുവജനങ്ങളും സ്വയം സജ്ജരായി സമ്മേളനം വിജയിപ്പിക്കാൻ മുന്നിട്ടിറങ്ങി.
സമാപന ദിവസമായ ഞായർ രാവിലെ പുതിയ ജില്ലാ കമ്മിറ്റിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. പുതിയ ജില്ലാ കമ്മിറ്റി ചേർന്ന് സെക്രട്ടറിയായി ആനാവൂർ നാഗപ്പനെ വീണ്ടും തെരഞ്ഞെടുത്തു. കൺവീനർ കെ സി വിക്രമൻ ക്രഡൻഷ്യൽ കമ്മിറ്റിയുടെ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രമേയങ്ങളും അവതരിപ്പിച്ചു. തുടർന്ന്, ഭാവി കടമകൾ ജില്ലാ സെക്രട്ടറി അവതരിപ്പിച്ചു. നേതാക്കൾ അഭിവാദ്യ പ്രസംഗം നടത്തി. വൈകിട്ട് പ്രതിനിധി സമ്മേളന ഹാളിൽ വെർച്വലായി നടന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. ആനാവൂർ നാഗപ്പൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, കവി മുരുകൻ കാട്ടാക്കട, സ്വാഗതസംഘം ജനറൽ കൺവീനർ അഡ്വ. എസ് അജയകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എൻ രതീന്ദ്രൻ, ബി പി മുരളി, കെ സി വിക്രമൻ, കെ എസ് സുനിൽകുമാർ, വി ജോയി എംഎൽഎ, ഡി കെ മുരളി എംഎൽഎ തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..