29 March Friday

വിട വാങ്ങിയത് അചഞ്ചലനായ കമ്യൂണിസ്റ്റ്

സ്വന്തം ലേഖകൻUpdated: Saturday Oct 16, 2021

എ ജി തങ്കപ്പൻനായരുടെ മൃതദേഹത്തിൽ സിപിഐ എം നെടുമങ്ങാട് ഏരിയ സെക്രട്ടറി ആർ ജയദേവൻ 
പാർടിപ്പതാക പുതപ്പിക്കുന്നു

നെടുമങ്ങാട്
വർഷം 1954, ഒരുസംഘം ചട്ടമ്പികളുടെ ഗുണ്ടാപ്പിരിവിൽ സഹികെട്ട് നെടുമങ്ങാട് ചന്തയിൽ കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിൽ പ്രതിഷേധമുയർന്നു. സമരക്കാരെ നേരിടാൻ ചട്ടമ്പികൾ സർവ സന്നാഹവുമായെത്തി. മുതിർന്ന സഖാക്കളുടെ നേതൃത്വത്തിൽ നാലുപാടു നിന്നും കമ്യൂണിസ്റ്റുകാരുടെ ജാഥകൾ വരുന്നു. ചട്ടമ്പികൾ ആയുധങ്ങളുമായി ചന്തയിലും നഗരമധ്യത്തിൽ വിവിധ കോണുകളിലുമായി നിലയുറപ്പിച്ചിരിക്കുന്നു. രംഗം സംഘർഷഭരിതം. അവിടേയ്ക്ക് യാതൊരു കൂസലുമില്ലാതെ പതിനേഴു വയസ്സുകാരനായ ഒരു യുവ പോരാളി ഒരുകൂട്ടം ചെറുപ്പക്കാരെയും കൂട്ടി  വന്നു. 
കുട്ടികളാണെന്ന ശങ്കയിൽ മറ്റുള്ളവർ തടഞ്ഞിട്ടും വകവെയ്ക്കാതെ അവർ ആ സമര ഭൂമിയിൽ പ്രതിരോധം തീർത്തു. സമരം വിജയിക്കുംവരെ അതു തുടർന്നു. നെടുമങ്ങാട് താലൂക്കിൽ കമ്യൂണിസ്റ്റ് പാർടിക്ക് അടിത്തറയുണ്ടാക്കിക്കൊടുത്ത സമരമായ നെടുമങ്ങാട് ചന്ത സമരത്തിൽ അന്ന് അരങ്ങേറിയ ഒരു രംഗമാണിത്. പോരാട്ട വീര്യവുമായി പനവൂരുനിന്നും ജാഥ നയിച്ചെത്തിയ ആ ചെറുപ്പക്കാരനാണ് കഴിഞ്ഞ ദിവസം അന്തരിച്ച എ ജി തങ്കപ്പൻ നായർ. അവസാന കാലംവരെ ആ വീര്യം തരിമ്പും ചോരാതെ കാത്തുപോന്നു എ ജി എന്നചുരുക്കപ്പേരിലറിയപ്പെട്ട  തങ്കപ്പൻ നായർ. 
പൊലീസ് വേട്ട ഭയന്ന്  പല കമ്യൂണിസ്റ്റ്‌ നേതാക്കളും ഒളിവിൽ പാർത്തിരുന്നത് നെടുമങ്ങാട്ടെ മലയോര കുഗ്രാമ മേഖലകളിലായിരുന്നു. 
നായനാരുൾപ്പെടെ പല നേതാക്കളെയും  സുരക്ഷിത കേന്ദ്രങ്ങളിൽ എത്തിച്ചിരുന്നത് എ ജിയാണ്. അന്ന് ഒളിവിൽ പാർക്കാനെത്തിയ സഖാക്കൾക്ക് കോഡായി നൽകിയതാണ്  ഇനിഷ്യലിൽ നിന്നും പാകപ്പെടുത്തിയ എ ജി. പേരുപോലെ പ്രിയപ്പെട്ടതായിരുന്നു ജനങ്ങൾക്ക് സഖാവും. അതിന്റെ പ്രതിഫലനമായിരുന്നു പനവൂർ പഞ്ചായത്ത് രൂപീകരിച്ച നാളുമുതലുള്ള ദീർഘകാല പ്രസിഡന്റു പദവി.
 
നാടി​ന്റെ സ്പന്ദനമറിഞ്ഞ നേതാവ് 
നെടുമങ്ങാട് 
സിപിഐ എം ജില്ലാ കമ്മിറ്റി മുൻ അംഗവും കമ്യൂണിസ്റ്റ് പാർടിയുടെ ആദ്യകാല നേതാവുമായ ആട്ടുകാൽ പുളിയറത്തല വീട്ടിൽ എ ജി തങ്കപ്പൻനായർക്ക് നാടി​ന്റെ അന്ത്യാഞ്ജലി. തോട്ടം തൊഴിലാളിയൂണിയൻ, മോട്ടോർ വർക്കേഴ്സ് യൂണിയൻ, കൺസ്ട്രക്ഷൻ യൂണിയൻ തുടങ്ങിയ തൊഴിലാളി സംഘടനകളുടെ ജില്ല, സംസ്ഥാന നേതാവായും പ്രവർത്തിച്ച അദ്ദേഹം ദീർഘകാലം ഇടതുമുന്നണി നെടുമങ്ങാട് മണ്ഡലം കൺവീനറായിരുന്നു.
ആട്ടുകാൽ ക്ഷീര സഹകരണ സംഘം ഭാരവാഹി, റേഷൻ വ്യാപാരി സംഘടനാ ഭാരവാഹി, ആട്ടുകാൽ ഗവ. യുപിഎസ്, നെടുമങ്ങാട് ഗവ.കോളേജ് എന്നിവയുടെ സ്പോൺസർ കമ്മിറ്റി അംഗവുമായിരുന്നു. അടൂർ പ്രകാശ് എംപി, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പുത്തലത്ത് ദിനേശൻ, എംഎൽഎമാരായ ഡികെ മുരളി, സ്റ്റീഫൻ, ഐ ബി സതീഷ്, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാർ, കോലിയക്കോട് എൻ കൃഷ്ണൻനായർ, വി കെ മധു, ചെറ്റച്ചൽ സഹദേവൻ, ആർ ജയദേവൻ, ഷിജൂഖാൻ, കെ പി പ്രമോഷ്, സി എസ് ശ്രീജ, ഡി സുരേഷ് കുമാർ, കെ രാജേന്ദ്രൻ, വി അമ്പിളി, എസ് ഷൈലജ, എസ് മിനി തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top