25 April Thursday

കൈലാസിന്റെ സൂപ്പർമാനായി ഷൈജു

വെബ് ഡെസ്‌ക്‌Updated: Thursday Jul 16, 2020

ചിറയിൻകീഴ്

മുപ്പതടി താഴ്‌ചയിൽനിന്ന്‌ കുഞ്ഞു കൈലാസിനെ കോരിയെടുത്ത്‌ കരയ്‌ക്കെത്തും വരെ ഷൈജുവിന്‌ ആശങ്കയുണ്ടായിരുന്നില്ല. 17കാരന്റെ ധീരപ്രവൃത്തി‌ക്ക്‌ നാളുകൾക്കിപ്പുറവും ആളുകളിൽനിന്ന്‌ അഭിനന്ദനമേറ്റുവാങ്ങുകയാണ്‌ ഷൈജു. ഏഴാം തീയതിയായിരുന്നു സംഭവം. കടയ്ക്കാവൂർ ചാവടിമുക്ക് നണ്ടിയാതിവിള വീട്ടിൽ ബിജു–-രമ്യാകൃഷ്ണൻ ദമ്പതികളുടെ മകനായ കൈലാസ് നാഥ് ആണ് കിണറ്റിൽ വീണത്. അമ്മയോടൊപ്പം കിണറ്റിൻ കരയിലിരിക്കെ അബദ്ധത്തിൽ വീഴുകയായിരുന്നു. കുഞ്ഞ്‌ വീണതോടെ രമ്യ തളർന്നുവീണു. ബഹളംകേട്ടാണ്‌ അയൽവാസികൂടിയായ ഷൈജു (17) ഓടിയെത്തിയത്‌. സ്വന്തം ജീവൻ പോലും വകവയ്‌ക്കാതെ ഷൈജു കിണറ്റിലേക്ക് എടുത്തുചാടി. ഭീതി നിറഞ്ഞ നിമിഷങ്ങൾക്കൊടുവിൽ കുഞ്ഞു ജീവനുംകൊണ്ട് മുകളിലെത്തി. ചിറയിൻകീഴ് താലൂക്കാശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സയ്‌ക്കുശേഷം കുഞ്ഞ്‌ സുഖംപ്രാപിച്ചു. ഷൈജുവിന്റെ ത്യാഗമറിഞ്ഞ കടയ്ക്കാവൂർ പൊലീസ് ആദരിക്കൽ ചടങ്ങ്‌ നടത്തി. ആറ്റിങ്ങൽ ഡിവൈഎസ്‌പി എസ്‌ വൈ സുരേഷ് ഉപഹാരം നൽകി. കടയ്ക്കാവൂർ ചാവടിമുക്ക് പുതുശ്ശേരി മഠം വീട്ടിൽ ഷാജി സത്യശീലന്റേയും ചന്ദ്രികയുടെയും മകനാണ്‌ ഷൈജു. 2018ൽ മികച്ച മാർക്കോടെ എസ്എസ്എൽസി പാസായി. തുടർ വിദ്യാഭ്യാസത്തിന് വകയില്ലാത്തതുകൊണ്ട്‌ പഠനം ഉപേക്ഷിച്ചു. കൂലിപ്പണിക്കാരനായ അച്ഛനൊപ്പമാണ്‌ ഇപ്പോൾ. ചടങ്ങിൽ കടയ്ക്കാവൂർ സി ഐ ശിവകുമാർ, എസ് ഐ വിനോദ് വിക്രമാദിത്യൻ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top