25 April Thursday

ഇരുചക്രവാഹനറാലിയും വാദ്യമേളങ്ങളും ആവേശമേകും

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023
കിളിമാനൂർ 
സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഇന്ന് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കും. 13 ജില്ലയിലും പ്രവർത്തകരിൽ ഉത്സവലഹരി നിറച്ച് കടന്നുവരുന്ന ജാഥയെ സമാനതകളില്ലാത്ത ജനകീയ മുന്നേറ്റമാക്കാനുള്ള ഒരുക്കത്തിലാണ് തലസ്ഥാന ജില്ല. കൊല്ലം ജില്ലയിലെ സ്വീകരണശേഷം പാരിപ്പള്ളിക്ക് സമീപം മുക്കട ജങ്‌ഷനിൽ ജാഥയെ ജില്ലയിലേക്ക് സ്വീകരിക്കും. ജാഥ വിജയിപ്പിക്കാനായി സിപിഐ എം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കമാണ് നടക്കുന്നത്. 
റോഡിന് ഇരുവശവും ചുവന്ന കൊടിതോരണങ്ങളും ഫ്ലക്‌സും നിറഞ്ഞു. ജാഥയ്‌ക്ക് സ്വാഗതമരുളി  മുക്കട റോഡിൽ സ്ഥാപിച്ചിട്ടുള്ള കൂറ്റൻ കമാനം ആരെയും ആകർഷിക്കും. കമാനത്തിനോട് ചേർന്ന് ജാഥാക്യാപ്‌റ്റന്റെയും അം​ഗങ്ങളുടെയും ചിത്രങ്ങളും ആലേഖനം ചെയ്‌തിട്ടുണ്ട്‌. വ്യാഴം വൈകിട്ട് മൂന്നിന്‌  ജാഥയെ ജില്ലാ അതിർത്തിയിൽ സംസ്ഥാന സെക്രട്ടറിയറ്റം​ഗം ആനാവൂർ നാഗപ്പൻ, ജില്ലാ  സെക്രട്ടറി വി ജോയി, ജില്ലാ സെക്രട്ടറിയറ്റം​ഗം ബി പി മുരളി, ജില്ലാകമ്മിറ്റിയം​ഗങ്ങളായ മടവൂർ അനിൽ, എസ് ഷാജഹാൻ, വർക്കല ഏരിയ സെക്രട്ടറി എം കെ യൂസഫ് എന്നിവർ ചേർന്ന് സ്വീകരിക്കും. 
സ്വീകരണകേന്ദ്രത്തിൽ ചുവന്ന ലുങ്കിയും വെള്ള ഷർട്ടുമണിഞ്ഞ 200 യുവതീയുവാക്കൾ ഇരുചക്രവാഹനത്തിൽ ജാഥയ്‌ക്കൊപ്പം അനു​ഗമിക്കും. കേരളീയ വേഷം ധരിച്ച നൂറുകണക്കിന് വനിതകളും ബഹുവർണ ബലൂണുകളുമായി ബാലസംഘം കൂട്ടുകാരും അനു​ഗമിക്കും. ചെണ്ടമേളം, ബാൻഡുമേളം. തംബോല, നാസിക്‌ ഡോൾ, വിവിധ നാടൻ കലാരൂപങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top