16 April Tuesday

ദേശീയ പണിമുടക്ക്‌ വിജയിപ്പിക്കുക

സ്വന്തം ലേഖകൻUpdated: Sunday Jan 16, 2022
പാറശാല
ഫെബ്രുവരി 23നും 24നും നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന്‌ സിപിഐ എം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ ജനവിരുദ്ധ–-തൊഴിലാളിവിരുദ്ധ സമീപനങ്ങളാണ് സ്വീകരിക്കുന്നത്. പുതിയ ലേബർ കോഡ് തൊഴിലാളികളെ കൊള്ളയടിക്കാനും ചൂഷണം ചെയ്യാനും കോർപറേറ്റ് മുതലാളിമാർക്ക് അവസരമൊരുക്കുന്നതാണ്. കാർഷികമേഖലയെ സമ്പൂർണമായി കോർപറേറ്റുകൾക്ക് പണയപ്പെടുത്തിയിരിക്കുകയാണ്. സാമ്പത്തിക ഉത്തേജക പാക്കേജ് എന്ന വ്യാജേന ആറുലക്ഷം കോടിയുടെ പൊതുമേഖലാ വിൽപ്പന കേന്ദ്ര സർക്കാർ നേരിട്ടു നടത്തി. 
ആഗോളവൽക്കരണ സാമ്പത്തിക നയങ്ങൾക്കെതിരായുള്ള 21–-ാമത് ദേശീയ പണിമുടക്കിനാണ് രാജ്യത്തെ തൊഴിലാളികൾ തയ്യാറെടുക്കുന്നത്. പ്രതിപക്ഷ എംപിമാരെ ജനാധിപത്യവിരുദ്ധമായി പാർലമെന്റിൽനിന്ന് സസ്പെൻഡ്‌ ചെയ്‌തിട്ടും രാജ്യസഭയിൽ വ്യക്തമായി ഭൂരിപക്ഷമുണ്ടായിട്ടും വൈദ്യുത നിയമ ഭേദഗതി ബിൽ മാറ്റിവയ്ക്കാനും ബാങ്ക് സ്വകാര്യവൽക്കരണ നീക്കം ഒഴിവാക്കാനും കർഷകദ്രോഹ നയങ്ങൾ പിൻവലിക്കാനും കേന്ദ്രം നിർബന്ധിതമായത് ഉയർന്നുവന്ന ശക്തമായ തൊഴിലാളി–-ബഹുജന പ്രക്ഷോഭങ്ങളെ ഭയന്നിട്ടാണ്. കൂട്ടായ പ്രക്ഷോഭങ്ങൾക്കു മുന്നിൽ വലതുപക്ഷ സർക്കാർ നിരന്തരം അടിപതറി പിന്മാറുന്ന കാഴ്ചയാണ് കാണുന്നത്. അതിനാൽ പന്ത്രണ്ടിന ആവശ്യമുന്നയിച്ച്‌ കേന്ദ്ര ട്രേഡ് യൂണിയനുകളും നാനാമേഖലയിലെ സ്വതന്ത്ര അഖിലേന്ത്യാ ഫെഡറേഷനുകളും ആഹ്വാനംചെയ്ത ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കെ എസ് സുനിൽകുമാറാണ് പ്രമേയം അവതരിപ്പിച്ചത്. 
 
കര്‍ഷകദ്രോഹ നടപടികള്‍ക്കെതിരെ 
ജാഗ്രത തുടരണം
കർഷകദ്രോഹ നടപടികൾക്കെതിരെ ജാഗ്രത തുടരണമെന്ന്‌ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ജനവിരുദ്ധ കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ നടത്തിയ ഐതിഹാസിക സമരം ഇന്ത്യയിലെ ജനങ്ങൾക്ക് ആവേശം നൽകുന്നതാണ്.  സാമ്പത്തിക വിദഗ്‌ധൻ ഡോ. എം എസ്  സ്വാമിനാഥൻ കമീഷൻ നിർദേശിച്ച ഉൽപ്പാദനച്ചെലവും അതിന്റെ 50 ശതമാനവും ചേർത്തുള്ള മിനിമം താങ്ങുവിലയെന്ന ആവശ്യം നേടിയെടുക്കാനുണ്ട്. കർഷകരെ ദ്രോഹിക്കുന്ന വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കുക, തൊഴിലുറപ്പുപദ്ധതിയിലെ തൊഴിൽ ദിനങ്ങൾ ഇരുനൂറായി ഉയർത്തുക, കൂലി 500 രൂപയായി വർധിപ്പിക്കുക  ഈ മുദ്രാവാക്യങ്ങളും സമരമുന്നണി ഉയർത്തുകയാണ്.
   ഒരു വർഷത്തിലധികം നീണ്ട കർഷകസമരം ഉജ്വല വിജയമാക്കിയ മുഴുവൻ കർഷകരെയും  നേതൃത്വം നൽകിയ അഖിലേന്ത്യാ കിസാൻ സഭയുൾപ്പെടെയുള്ള കർഷകപ്രസ്ഥാനങ്ങളെയും അഭിവാദ്യം ചെയ്യുന്നു. വരുംനാളുകളിൽ ബിജെപി സർക്കാർ പലരൂപത്തിൽ നടപ്പാക്കുന്ന കർഷകദ്രോഹ നടപടികൾക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തണമെന്നും അതിനുള്ള ജാഗ്രത തുടരണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വി എസ്‌ പത്മകുമാർ പ്രമേയം അവതരിപ്പിച്ചു.
 
പ്രവാസി പുനരധിവാസ പദ്ധതിക്ക് 
കേന്ദ്ര സഹായം നല്‍കണം
പ്രവാസി പുനരധിവാസ പദ്ധതിക്ക് കേന്ദ്ര സഹായം നൽകണമെന്ന്‌ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ പ്രവാസി ക്ഷേമത്തിനും പുനരധിവാസത്തിനുമായി നിരവധി പദ്ധതി നടപ്പാക്കുകയാണ്‌. കേരളത്തിൽ പ്രവാസികൾക്ക് മികച്ച പരിഗണന ലഭിക്കുന്നുണ്ട്. എന്നാൽ, കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന്‌ പ്രവാസി ക്ഷേമത്തിനായി ഒരുവിധ പദ്ധതികളോ നയസമീപനമോ ഉണ്ടാകുന്നില്ല. പേരിനെങ്കിലും കേന്ദ്രത്തിലുണ്ടായിരുന്ന പ്രവാസി  വകുപ്പും എൻഡിഎ സർക്കാർ എടുത്തുകളഞ്ഞു. നാടിന്റെ വളർച്ചയ്ക്ക് നിർണായകമായ പങ്കുവഹിച്ച പ്രവാസി സമൂഹത്തിനായി കേന്ദ്ര സർക്കാർ അടിയന്തരമായി പുനരധിവാസ പാക്കേജുകൾ പ്രഖ്യാപിക്കണം. പ്രവാസി  വകുപ്പ് കേന്ദ്രസർക്കാർ പുനഃസ്ഥാപിക്കുന്നതിനൊപ്പം കേരളത്തിൽ നടപ്പാക്കുന്ന പ്രവാസി ക്ഷേമ പുനരധിവാസ പദ്ധതികൾക്ക് കേന്ദ്ര ഫണ്ട് ലഭ്യമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ആർ പി ശിവജിയാണ് പ്രമേയം അവതരിപ്പിച്ചത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top