25 April Thursday

സർ സി പിയുടെ പൊലീസിനെ
തോൽപ്പിച്ച വട്ടിയൂർക്കാവ്

നിയാസ്‌ വട്ടിയൂർക്കാവ്‌Updated: Monday Aug 15, 2022

വട്ടിയൂർക്കാവ് നെട്ടയം റോഡിൽ സ്വാതന്ത്ര്യസമര സ്‌മൃതിമണ്ഡപം

വട്ടിയൂർക്കാവ്
സ്വാതന്ത്ര്യത്തിനും ഉത്തരവാദ ഭരണത്തിനും ഐക്യകേരളത്തിനുമായി തിരുവിതാംകൂറിൽ നടന്ന സമര പരമ്പരയിലെ ശ്രദ്ധേയമായ സന്ദർഭമാണ് വട്ടിയൂർക്കാവിലെ സ്റ്റേറ്റ് കോൺഗ്രസ് സമ്മേളനം. 
കവടിയാർ റോഡിലൂടെ സാധനങ്ങൾ കൊണ്ടുവരുന്നതിന് കച്ചവട നികുതി ചുമത്തിയിരുന്നതിനാൽ വട്ടിയൂർക്കാവ് വഴിയാണ് വ്യാപാര സാധനങ്ങൾ എത്തിച്ചിരുന്നത്. കച്ചവടത്തിനായി എത്തിക്കുന്ന വട്ടിയും കുട്ടയും ഇറക്കിവച്ചിരുന്ന കാവാണ് പിന്നീട് വട്ടിയൂർക്കാവായത്. സർ സി പിയുടെ ഭരണത്തിനെതിരെ വ്യാപക പ്രതിഷേധമുണ്ടായിരുന്ന വേളയിലാണ് തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് എന്ന മുദ്രാവാക്യമുയർത്തി സമ്മേളനം നടത്താൻ തീരുമാനിച്ചത്. സമ്മേളനത്തെ അടിച്ചമർത്താൻ 1938 ഡിസംബർ 13 മുതൽ ആളുകൾ കൂട്ടംകൂടുന്നത് നിരോധിച്ച്‌ രണ്ട് മാസത്തേക്ക് നിരോധനാജ്ഞ ഉത്തരവിറക്കി.
കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഇത് നിഷേധിച്ച്‌ വട്ടിയൂർക്കാവിൽ യോഗം ചേരാൻ തീരുമാനിച്ചു. 
ഇതറിഞ്ഞെത്തിയ പൊലീസ് സമ്മേളന സ്ഥലവും പരിസര പ്രദേശങ്ങളും വളഞ്ഞു. സമ്മേളനത്തിന്റെ അധ്യക്ഷനായി നിശ്ചയിച്ചിരുന്ന എ നാരായണ പിള്ളയെ അറസ്റ്റ് ചെയ്തിരുന്നതിനാൽ യോഗം നടക്കില്ലെന്ന്‌ കരുതി പൊലീസ് മടങ്ങി. ഡിസംബർ 22 വൈകിട്ട്‌  നാലോടെ എ കുഞ്ഞൻനാടാരുടെ അധ്യക്ഷതയിൽ സമ്മേളനം നടന്നു. പ്രമേയങ്ങൾ പാസാക്കി.
വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും ജനം മനുഷ്യമതിൽ തീർത്തു. പൊലീസ് വലയം ഭേദിച്ച്‌ വട്ടിയൂർക്കാവ് മൈതാനിയിൽ പ്രവേശിച്ച് ദേശീയപതാക ഉയർത്തി.
സമ്മേളനത്തെ തുടർന്ന് അറസ്റ്റും അതിഭീകരമായ മർദനങ്ങളുമുണ്ടായി. എ നാരായണപിള്ള, കുഞ്ഞൻനാടാർ, അക്കാമ്മ ചെറിയാൻ, ജി ചന്ദ്രശേഖരൻ പിള്ള, കെ ആർ ഇലങ്കത്, എ അച്യുതൻ, പി ടി പുന്നൂസ്, എസ്‌ നീലകണ്ഠ പിള്ള എന്നീ നേതാക്കൾ ജയിലിലായി. സമ്മേളനത്തിന്റെ ഓർമയ്‌ക്കായി സമ്മേളന നഗരിക്ക്‌ (ഇപ്പോൾ ഐഎസ്‌ആർഒ കേന്ദ്രം) എതിർവശത്തായി വട്ടിയൂർക്കാവ് നെട്ടയം റോഡിൽ സ്വാതന്ത്ര്യസമര സ്‌മൃതിമണ്ഡപം നിർമിച്ചിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top