25 April Thursday
സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികം

തലസ്ഥാനം ഒരുങ്ങി

സ്വന്തം ലേഖകൻUpdated: Monday Aug 15, 2022
തിരുവനന്തപുരം
രാജ്യത്തിന്റെ എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ തലസ്ഥാനം ഒരുങ്ങി. സെൻട്രൽ സ്‌റ്റേഡിയത്തിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ ഒമ്പതിന് പതാക ഉയർത്തും. തുടർന്ന് പരേഡിന്റെ അഭിവാദ്യം സ്വീകരിക്കും. തലശേരി എഎസ്‌പി പി നിധിൻരാജാണ് പരേഡ് കമാൻഡർ. കുട്ടിക്കാനം കെഎപി അഞ്ചാം ബറ്റാലിയൻ അസി. കമാൻഡന്റ് ബിജു ദിവാകരനാണ് സെക്കൻഡ്‌ ഇൻ കമാൻഡ്.
12 സായുധ, സായുധരല്ലാത്ത ഘടകങ്ങൾ വീതം അണിനിരക്കും. അശ്വാരൂഢ പൊലീസിന്റെ പ്ലറ്റൂണുമുണ്ടാകും. രണ്ട് ബാൻഡും പരേഡിൽ പങ്കെടുക്കും. വിവിധ അവാർഡുകൾ മുഖ്യമന്ത്രി സമ്മാനിക്കും. 10.15 മുതൽ എൻസിസി കേഡറ്റുകളുടെ അശ്വാഭ്യാസ പ്രകടനം. 10.30ന് വിദ്യാർഥികളുടെ ദേശഭക്തിഗാനാലാപനം. 10.38ന് ചടങ്ങുകൾ അവസാനിക്കും.
67 കീർത്തിമുദ്ര 
സമ്മാനിക്കും
സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ മുഖ്യമന്ത്രി നൽകുന്നത് 67 കീർത്തി മുദ്ര. ഇതിനു പുറമെ മികച്ച പരേഡിനും പ്രകടനത്തിനുമുള്ള റോളിങ്‌ ട്രോഫികളും നൽകും.
വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ രണ്ടുപേർക്കുണ്ട്. 25 പേർക്ക് പ്രശസ്ത സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകളും സമ്മാനിക്കും. നാലു പേർക്കാണ് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ ഫയർ സർവീസ് മെഡലുകൾ. 16 പേർക്ക് പ്രശസ്ത സേവനത്തിനുള്ള രാഷ്ട്രപതിയുടെ ഫയർ സർവീസ് മെഡലുകൾ നൽകും. നാലു പേർക്ക് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ കറക്ഷണൽ സർവീസ് മെഡലുകളും 11 പേർക്ക് പ്രശസ്ത സേവനത്തിനുള്ള രാഷ്ട്രപതിയുടെ കറക്ഷണൽ സർവീസ് മെഡലുകളും സമ്മാനിക്കും. 
 സർവോത്തം ജീവൻ രക്ഷാപതക്ക് ഒരാൾക്കും ഉത്തം ജീവൻ രക്ഷാപതക്ക് നാലു പേർക്കും സമ്മാനിക്കും. 
2022ലെ പരേഡിൽ ഏറ്റവും നല്ല പൊലീസ് കണ്ടിൻജന്റിനുള്ള മുഖ്യമന്ത്രിയുടെ റോളിങ്‌ ട്രോഫിയും മികച്ച പ്രകടനത്തിനുള്ള ഈഗിൾസ് റോളിങ്‌ ട്രോഫിയും സായുധസേന പതാക ഫണ്ടിലേക്ക് ഏറ്റവും കൂടുതൽ തുക സമാഹരിച്ചവർക്കുള്ള മുഖ്യമന്ത്രിയുടെ റോളിങ്‌ ഷീൽഡും നൽകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top